Connect with us

Business

സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ദശാബ്ദ കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തിലെടുത്താല്‍ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലെത്തി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2012- 13 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4.8 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാ നിരക്കെന്ന് കേന്ദ്ര സ്ഥിതി വിവരക്കണക്ക് സംഘടന (സി എസ് ഒ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2002-03 കാലത്താണ് ഏറ്റവും ഒടുവില്‍ ഇത്രയും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് നാല് ശതമാനം മാത്രമായിരുന്നു വളര്‍ച്ച.
2012 -13 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ വളര്‍ച്ചാ നിരക്ക് 5.4 ശതമാനവും രണ്ടാം പാദ വളര്‍ച്ച 5.2 ശതമാനവും മൂന്നാം പാദ വളര്‍ച്ച 4.7 ശതമാനവുമാണ്. ഇതിന്റെ ശരാശരി കണക്കാക്കിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നത്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു. ഖനനം, ക്വാറി മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇവിടെ നെഗറ്റീവ് 3.1 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.
2011-12 ല്‍ ഈ മേഖലയില്‍ 5.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പക്ഷേ, നിര്‍മാണ മേഖല ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇവിടെ ജനുവരി- മാര്‍ച്ച് പാദത്തില്‍ 2.6 ശതമാനം വളര്‍ച്ചയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.1 ശതമാനം മാത്രമായിരുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച നിരാശയുണര്‍ത്തുന്നതാണ്. അവസാന പാദത്തില്‍ ഈ മേഖലയില്‍ 1.4 ശതമാനം മാത്രമാണ് വളര്‍ച്ച.
തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കാര്‍ഷിക വളര്‍ച്ച രണ്ട് ശതമാനമായിരുന്നു. വൈദ്യുതി, പ്രകൃതിവാതക മേഖലകളില്‍ വളര്‍ച്ച 3.5 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി ഇടിഞ്ഞു. വ്യാപാരം, ഹോട്ടല്‍, ഗതാഗതം മേഖലകളില്‍ 6.4 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.
കുറഞ്ഞ വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ പുറത്തു വന്നതോടെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. സെന്‍സക്‌സ് 455.10 പോയിന്റ് ഇടിഞ്ഞ് 19760.30 ല്‍ ക്ലോസ് ചെയ്തു.
രൂപയുടെ മൂല്യം താഴ്ന്നു
മുംബൈ: രൂപയുടെ മൂല്യം കഴിഞ്ഞ പതിനൊന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ പന്ത്രണ്ട് പൈസയാണ് ഇന്നലെ മാത്രം കുറഞ്ഞത്. ഒരു യു എസ് ഡോളര്‍ ലഭിക്കാന്‍ 56.50 രൂപ നല്‍കണം. 56.38 ആയിരുന്നു നേരത്തെ ഡോളറിനെതിരെ രൂപയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു രൂപയുടെ മൂല്യത്തില്‍ ഇതിന് മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 56.76 ആയിരുന്നു അന്ന് രൂപയുടെ മൂല്യം. മൊത്ത ആഭ്യന്തര ഉത്പാദനം ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതാണ് അന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കിയത്.