Connect with us

Articles

കറുപ്പും വെളുപ്പും: പോലീസിലും പൊതുഇടങ്ങളിലും

Published

|

Last Updated

അടിയന്തരാവസ്ഥക്കാലത്തെ നക്‌സലൈറ്റ് പ്രവര്‍ത്തനത്തെക്കുറിച്ച് സി കെ അബ്ദുല്‍ അസീസ് പറയുന്ന ഒരനുഭവമുണ്ട്: “”കലാപത്തിന്റെ ആര്‍ത്തനാദം കൊണ്ട് നടുങ്ങിയ നിശ്ശബ്ദതയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കൈകാലുകള്‍ കാരിരുമ്പുകള്‍ കൊണ്ട് ബന്ധിതരാക്കപ്പെട്ട്, തണുത്തുറഞ്ഞ സിമന്റ്തറയില്‍ അര്‍ധപ്രജ്ഞരായിക്കിടക്കുന്ന കുറേ മനുഷ്യര്‍. ആ കൂട്ടത്തില്‍ ഞങ്ങള്‍ നാല് മലപ്പുറം മാപ്പിളമാരുണ്ടായിരുന്നു. ഞാനും കെ മുഹമ്മദ് ഇസ്മാഈല്‍, എം അബ്ദുല്‍ഹമീദ്, അരിപ്രത്തൊടി മുഹമ്മദ് എന്നീ സഖാക്കളും മാലൂര്‍കുന്ന് പോലീസ് മര്‍ദന ക്യാമ്പില്‍ പുറം ലോകമറിയാതെ തടവിലാക്കപ്പെട്ട നാളുകള്‍, അതിക്രൂരമായ മര്‍ദനങ്ങള്‍ നേരിടേണ്ടിവന്ന ദിവസങ്ങള്‍. “ഉരുട്ടു”കൊണ്ട് കാലുകള്‍ നിവര്‍ത്താനോ നില്‍ക്കാനോ നടക്കാനോ പറ്റാത്ത വിധത്തില്‍ നിശ്‌ചേതനമായിത്തീര്‍ന്ന ആ ദിവസങ്ങളില്‍ പലരും കാലില്‍ ചവിട്ടിക്കയറി താണ്ഡവ നൃത്തമാടി. ആരെല്ലാം മര്‍ദിച്ചുവെന്നോ എന്തെല്ലാം മര്‍ദനമുറകള്‍ പ്രയോഗിച്ചുവെന്നോ ഇന്നോര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഒന്നോര്‍മയുണ്ട്. ഒരു ശിവരാമന്‍, “നീ മുസ്‌ലിമാണല്ലെടാ” എന്ന് ആക്രോശിച്ചുകൊണ്ട് ഭീകരമര്‍ദനം നടത്തിയ ശിവരാമന്‍, “നീ മാപ്പിളയാണല്ലേടാ നായിന്റെ മോനേ” എന്നലറുന്ന ശിവരാമന്റെ വൃത്തികെട്ട മുഖം. ഞങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്‌ലിമും മാപ്പിളയുമായതിന്റെ പേരിലായിരുന്നില്ല… അടിയന്തരാവസ്ഥക്കാലത്ത് പോലീസ് സ്റ്റേഷനുകള്‍ കടന്നാക്രമിച്ചു ജനതയുടെ വിയോജിപ്പ് രേഖപ്പെടുത്തിയ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അനുഭാവികളെന്ന കാരണത്താലായിരുന്നു.””- (ഒരു മുസ്‌ലിം പൗരന്റെ വിയോജനക്കുറിപ്പുകള്‍)
മുത്തങ്ങയില്‍ എന്താണ് നടന്നതെന്നറിയാന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നിയോഗിച്ച ജനകീയ കമ്മീഷനിലെ തലവനായ അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എഴുതി: “”12 മണി മുതല്‍ അഞ്ച് മണിവരെ ആദിവാസികളെ വെടിവെക്കാനുള്ള ചര്‍ച്ചകളില്‍ മുഴുകിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഭരണനേതൃത്വവും പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമത്തിന് മുന്‍കൈ എടുത്തില്ല. അവശരായ ആദിവാസികള്‍ വൈകുന്നേരത്തോടെ കീഴടങ്ങാനുള്ള തീരുമാനത്തിലെത്തിയ ശേഷമാണ് ഒരു മുന്നറിയിപ്പുമില്ലാതെ പോലീസ് വെടിവെപ്പ് ആരംഭിക്കുന്നത്. 45 ദിവസത്തോളം പ്രശ്‌നപരിഹാരത്തിന് ഒരു ശ്രമവും നടത്താതെ വളരെ ഹീനമായ ഒരതിക്രമത്തിലൂടെ ആദിവാസികളെ നേരിടാനുള്ള ശ്രമമാണ് നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥ സൃഷ്ടിച്ചത്.””- (മുത്തങ്ങയില്‍ സംഭവിച്ചത്)
ന്യൂനപക്ഷങ്ങളോടും ആദിവാസികളോടും ദളിതരോടും സവര്‍ണ വരേണ്യ മനസ്സുകളും നമ്മുടെ ഔദ്യോഗിക/ സുരക്ഷാ സംവിധാനങ്ങളും പുലര്‍ത്തുന്ന സമീപനങ്ങളുടെ ഇതുപോലുള്ള ഉദാഹരണങ്ങള്‍ എത്രയും കിട്ടും. ഏറെക്കുറെ എല്ലാവര്‍ക്കുമറിയുന്ന കാര്യവുമാണത്. കാര്യങ്ങള്‍ അങ്ങനെയൊക്കെ പോയാല്‍ മതി എന്ന തലത്തില്‍ ഏറെക്കുറെ ഒരു “സമവായം” രൂപപ്പെട്ടിട്ടുമുണ്ട് “പൊതുസമൂഹ”ത്തില്‍.
അപ്പോള്‍ പിന്നെ വനപാലകരെ മര്‍ദിച്ച കേസില്‍ കലാഭവന്‍ മണിക്ക് പകരം മോഹന്‍ലാലായിരുന്നെങ്കില്‍ പിടികൂടാന്‍ ഇത്ര ആവേശം പോലീസിനുണ്ടാകുമായിരുന്നോ എന്ന എ ഡി ജി പി. ടി പി സെന്‍കുമാര്‍ ചോദിച്ചതിന്റെ പ്രസക്തിയെന്താണ്? ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു കേസ് മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ “പോലീസില്‍ കറുത്തവനും വെളുത്തവനും രണ്ട് നീതി”യാണ് എന്ന് തുറന്നുപറഞ്ഞു. ഇത്തരം കാര്യങ്ങള്‍ സാധാരണ കുമ്പസരിക്കാനാണ് ഉദ്യോഗസ്ഥന്മാര്‍ ആത്മകഥ എഴുതാറ്. അതിന് കാത്തു നില്‍ക്കാതെ തുറന്നുപറഞ്ഞു സെന്‍കുമാര്‍ എന്നത് മാത്രമാകാം വ്യത്യാസം.
അത്രമാത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിനേക്കാള്‍ ഗൗരവതരമായ ആരോപണമാണ് കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ചത്: “”കേരളത്തിന്റെ ഡി ജി പിയായി ഇതുവരെയും പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെട്ടിട്ടില്ല. ഈ വിഭാഗത്തില്‍ പെട്ട പ്രൊമോഷന്‍ സാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നത് ഇല്ലാതാക്കാന്‍, പുകച്ചു പുറത്തു ചാടിക്കുന്നതിനുള്ള ഗൂഢാലോചനകളാണ് പോലീസ് തലപ്പത്ത് നടന്നുകൊണ്ടിരിക്കുന്നത്.””
വിചിത്രമായ സംഗതി കാവ്യാ മാധവന്റെ കല്യാണവും ശ്വേതാ മേനോന്റെ മകളുടെ ചോറൂണും ആഘോഷിക്കാറുള്ള മാധ്യമങ്ങള്‍, ഈ വിഷയത്തെ അഭിമുഖീകരിക്കാന്‍ തയ്യാറായില്ല എന്നതാണ്. നമ്മുടെ പൊതുസമൂഹത്തിലുള്ള അവഗണന ഈ വിഷയത്തോടുമുണ്ടായി.
കറുത്തവനോട്/ദളിതനോട്/ ന്യൂനപക്ഷ വിഭാഗക്കാരനോട് ഭരണ, ഔദ്യോഗിക സംവിധാനങ്ങള്‍ പുലര്‍ത്തുന്ന സമീപനങ്ങള്‍ പല അര്‍ഥത്തിലും വൈരുധ്യങ്ങള്‍ നിറഞ്ഞതും നാം തന്നെ പുറത്തുപറഞ്ഞുകൊണ്ടിരിക്കുന്ന നിലപാടുകള്‍ക്ക് എതിരുമാണ്. ഇവിടെ നിലനില്‍ക്കുന്ന സാമൂഹിക ഭാവന, ദളിത്‌വിരുദ്ധവും മുസ്‌ലിംവിരുദ്ധവുമാണ് എന്ന വസ്തുതയെ അഭിമുഖീകരിക്കാതെ കറുത്തവന്റെയും വെളുത്തവന്റെയും പ്രശ്‌നം പോലീസില്‍ നിന്ന് മാത്രം തുടച്ചുമാറ്റാനാകില്ല. പത്രവാര്‍ത്തകളില്‍, ഓഫീസുകളില്‍, കൃഷിയടങ്ങളില്‍, റസിഡന്റ് അസോസിയേഷനുകളില്‍, അക്കാദമിക് തലങ്ങളില്‍, കളിനിലങ്ങളില്‍, വിദ്യാലയങ്ങളില്‍, സാംസ്‌കാരിക പരിപാടികളില്‍, ഊട്ടുപുരയില്‍, ഭാഷയില്‍, തീന്‍മേശയില്‍, തമാശയില്‍ എന്നിങ്ങനെ എല്ലായിടത്തും വിനിമയം ചെയ്യപ്പെടുന്ന ഈ മനോഭാവത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ മാത്രമേ സമഗ്രമായ പ്രതിവിധിയാകൂ.
കലാഭവന്‍ മണിയുടെ അറസ്റ്റിന്റെ വാര്‍ത്ത തന്നെ നോക്കൂക. കലാഭവന്‍ മണിയെ “ചോദ്യം ചെയ്തു”. മോഹന്‍ലാലിനെയായിരുന്നെങ്കില്‍ “മൊഴിയെടുക്കുക”യായിരിക്കും മിക്ക മാധ്യമങ്ങളും ചെയ്യുക. ആരെയൊക്കെ ചോദ്യം ചെയ്യണം, ആരില്‍ നിന്നൊക്കെ മൊഴിയെടുക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നല്ല തിട്ടമുണ്ട്. നമ്മുടെ മാധ്യമങ്ങളില്‍ ചിലര്‍ “കുറ്റം സമ്മതി”ക്കില്ല; മറ്റു ചിലരാകുമ്പോള്‍ മൊഴിയെടുക്കലില്‍ “തെളിവൊന്നും ലഭിക്കി”ല്ല. ആദ്യത്തേത് കുറ്റം ചെയ്തു പക്ഷേ, സമ്മതിച്ചില്ല. മറ്റവന്റെ വിഷയത്തില്‍ കുറ്റം ചെയ്തതിന് തെളിവൊന്നും ലഭിക്കുന്നില്ല.
കുറ്റം ആരോപിക്കപ്പെടുന്ന ആളുടെ സ്വത്വമോ നിറമോ മതമോ വേഷമോ അല്ല ഒരാളോട് സ്വീകരിക്കേണ്ട നിലപാടിന്റെ മാനദണ്ഡം എന്ന് രേഖപ്പെടുത്തിയ ഒരു പുസ്തകം നമ്മുടെ ഭരണഘടനയെന്ന പേരില്‍ പ്രചാരത്തിലുണ്ട്. ഏട്ടിലെ പശു മാത്രമല്ല ഭരണഘടനയിലെ പശുവും പുല്ല് തിന്നില്ലല്ലോ. ഏറ്റവും നല്ല ഭരണഘടനയുടെ “പിന്തുണ”യോടെ ഏറ്റവും കിരാതമായി ഭരിക്കാനും നല്ല ഒരു കൗശലക്കാരന് കഴിയും. ഒരാളില്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ അയാളുടെ ദേശവും ഭാഷയും മതവും സാമൂഹിക വിതാനവും മാനദണ്ഡമാക്കി സമീപിക്കുന്നതാണ് നമ്മുടെ പോലീസിന്റെയും നീതിന്യായ സംവിധാനങ്ങളുടെയും വലിയ ദുരന്തങ്ങളിലൊന്ന്.
വെളുപ്പും കറുപ്പും സെന്‍കുമാര്‍ പറഞ്ഞ പോലെ ഒരോ പ്രതിനിധാനങ്ങളാണ്. രാമഭദ്രനും സുകുമാരന്‍ നായരും ആദിവാസി രാജാവും കോഴിക്കോട് സാമൂതിരിയും കലാഭവന്‍ മണിയും കെ ബി ഗണേഷ് കുമാറും എം ജി എസ് നാരായണനും എം എസ് ജയപ്രകാശും രാജീവ് ഗാന്ധിയും കെ ആര്‍ നാരായണനും എം എം മണിയും ആര്‍ ബാലകൃഷ്ണ പിള്ളയും അങ്ങനെ പോകുന്നു ആ നിറഭേദങ്ങള്‍. അത് വെറും നിറത്തിന്റെ മാത്രം വിഷയമല്ല. ഒരു പോലീസ് സ്റ്റേഷനില്‍/സര്‍ക്കാര്‍ ഓഫീസില്‍ നിങ്ങളുടെ സാമൂഹിക മാന്യത പരിഗണിക്കപ്പെടുന്നതില്‍ പേരിന് പിറകിലെ ജാതി വാല്‍, ഉദ്യോഗം, സൗന്ദര്യം, വേഷം, സ്വത്വം തുടങ്ങിയവ അതി തീവ്രമായി സ്വാധീനിക്കപ്പെടുന്നു. അതെത്തുടര്‍ന്നുള്ള സമീപനത്തില്‍ മുന്‍വിധികള്‍ അതിഭീകരമായി സ്വാധീനിച്ചിരിക്കും.
കലാഭവന്‍ മണി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് എഴുതിക്കൊടുത്തു പോലീസ്. എന്നാല്‍, കെ ബി ഗണേഷ് കുമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നടനെന്ന് എഴുതിക്കൊടുക്കുമ്പോള്‍ കൈ വിറക്കും.
നമ്മുടെ പൊതു ഇടങ്ങളില്‍ അനുഭവപ്പെടുന്ന ജാതിപരവും മതപരവുമായ വിവേചനങ്ങളെക്കുറിച്ച് പര്യാലോചനകള്‍ നടക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ആര്‍ക്കുമാകുന്നില്ല. ഈ വസ്തുതകള്‍ തിരിച്ചറിയുന്നവര്‍ പോലും ഈ ബോധത്തിന് അടിപ്പെടുന്നുണ്ട് എന്നതാണ് ഇതിനെക്കാള്‍ ക്രൂരമായ തമാശ. വിചിത്രമായ സംഗതി അക്കാദമിക് രംഗങ്ങളില്‍ ഇത്തരം പ്രവണതകള്‍ സ്വാഭാവികമായും കുറഞ്ഞുവരികയാണ് വേണ്ടത്. എന്നാല്‍ ഉന്നത തലങ്ങളിലാണ് ഇത് രൗദ്ര ഭാവം പൂണ്ട് നില്‍ക്കുന്നത്.
ന്യൂനപക്ഷങ്ങളോടും ദളിതരോടും വരേണ്യവിഭാഗങ്ങള്‍ പുലര്‍ത്തുന്ന സമീപനങ്ങള്‍ സ്വകാര്യ സംഭാഷണങ്ങളിലാണ് വ്യാപകമായി പ്രസരണം ചെയ്യപ്പെടുന്നത്. മുംബെയിലും മറ്റും റസിഡന്‍സ് അസോസിയേഷനുകളില്‍ പലതിലും സ്വന്തം ഫഌറ്റ് മുസ്‌ലിംകള്‍ക്ക് വാടക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നഗരങ്ങളിലും വാടക/ വില്‍പ്പന വേളകളില്‍ സ്വകാര്യമായി നടക്കുന്ന “അടക്കം പറച്ചിലുകള്‍” ഈ വഴിക്കുള്ളതാണെന്നാണ് പറയുന്നത്. ഈ അടക്കം പറച്ചിലുകള്‍ നിര്‍ത്തി, ശൈലിയില്‍ അല്‍പ്പം മേന്മ കൂട്ടി “വെജിറ്റേറിയന്‍ മാത്രമേ ഈ പ്രദേശത്ത് പറ്റൂ” എന്ന് ഇവിടെയും തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു.
“നിത്യവൃത്തിക്ക് വേണ്ടി തെങ്ങുകയറുന്ന ബ്രാഹ്മണ യുവാവ്” എന്‍ഡോസള്‍ഫാന്‍ ഫോട്ടോ ഫീച്ചറിലെ ദയനീയ ചിത്രമാകുന്ന “ദേശീയ” മുഖ്യധാരാ വാരികയുടെ കാലത്ത് പോലീസ് സ്റ്റേഷനില്‍ കറുത്തവനും വെളുത്തവനും രണ്ട് നീതിയാണെന്ന് വിലപിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. പോലീസ് സ്റ്റേഷനില്‍ നിന്ന് മാത്രം ഈ കറുപ്പിന്റെയും വെളുപ്പിന്റെയും അവര്‍ണന്റെയും സവര്‍ണന്റെയും സുന്നത്ത് കഴിച്ചവന്റെയും അത് കഴിക്കാത്തവന്റെയും ഇടയിലുള്ള വിവേചനം മാറ്റിയെടുക്കാന്‍ കഴിയില്ലല്ലോ.
ഒരേ സാഹചര്യമുള്ള രണ്ട് പ്രണയ വിവാഹ വ്യവാഹാരങ്ങളില്‍ ഒരുത്തിയെ പിതാവിനൊപ്പം വിടുകയും മറ്റേ പെണ്‍കുട്ടിയ കമിതാവിനൊപ്പം പറഞ്ഞയക്കുകയും ചെയ്യുന്ന മതേതര ന്യായാധിപന്മാരുടെ കാലത്താണ് നാം ജീവിക്കുന്നത്.

Latest