Connect with us

International

രണ്ട് കുട്ടികളെന്ന നിയമം പിന്‍വലിക്കണമെന്ന് മ്യാന്‍മറിനോട് യു എസ്

Published

|

Last Updated

വാഷിങ്ടണ്‍: റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് രണ്ട് കുട്ടികള്‍ മാത്രം എന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് മ്യാന്‍മര്‍ പിന്‍മാറണമെന്ന് അമേരിക്ക. ഇത്തരമൊരു നീക്കത്തെ ഏറെ ആശങ്കയോടെയാണ് തങ്ങള്‍ കാണുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍ പസ്‌കി പറഞ്ഞു. ബലാത്കാരവും വിവേചനപരവുമായ ജനന നിയന്ത്രണ നീക്കത്തെ അമേരിക്ക എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനന നിയന്ത്രണം സംബന്ധിച്ച പ്രാദേശിക ഉത്തരവ് റദ്ദാക്കണമെന്ന് മ്യാന്‍മര്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്നും പസ്‌കി പറഞ്ഞു.
അതേസമയം, മ്യാന്‍മറിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരമായി മ്യാന്‍മര്‍ സര്‍ക്കാറും കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷനും ചര്‍ച്ചക്ക് ശേഷം ഉടമ്പടിയില്‍ ഒപ്പ് വെച്ച നടപടിയെ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. 2011 ജൂണിലാണ് മ്യാന്‍മറില്‍ ആഭ്യന്തര സംഘര്‍ഷം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. യു എന്നിന്റെ പ്രത്യേക ഉപദേശകന്‍ വിജയ് നമ്പ്യാര്‍ നിരീക്ഷകനായി നടന്ന ചര്‍ച്ചയില്‍ ചൈനീസ് എംബസി പ്രതിനിധികളും മ്യാന്‍മറിലെ വിവിധ വംശങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും പങ്കെടുത്തു. 2011 ല്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സര്‍ക്കാറും കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷനും ഉടമ്പടിയില്‍ ഒപ്പ് വെക്കുന്നത്.