Connect with us

Malappuram

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ: സര്‍വീസ് ചാര്‍ജ് 20 രൂപ

Published

|

Last Updated

മലപ്പുറം: ഇ ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സര്‍വീസ് ചാര്‍ജായി 20 രൂപ മാത്രമേ ഈടാക്കാന്‍ പാടുളളു. ഇതില്‍ കൂടുതല്‍ ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എ ഡി എം. പി മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ ഗവേണന്‍സ് സൊസൈറ്റിയുടെ അവലോകന യോഗം തീരുമാനിച്ചു.
പല അക്ഷയ കേന്ദ്രങ്ങളും വ്യത്യസ്ത നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഒരു ഡോക്യുമെന്റിന് രണ്ട് രൂപയും പ്രിന്റ് എടുക്കുന്നതിന് രണ്ട് രൂപയും മാത്രമേ ഈടാക്കാവു. കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യുന്നതിനും പ്രിന്റെടുക്കുന്നതിനും ലഭിക്കുന്ന ഏകീകൃത നമ്പര്‍ അപേക്ഷകന്‍ സൂക്ഷിക്കണം. ഇതുപയോഗിച്ച് എവിടെ നിന്നും സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുക്കാം.
വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. ഒരിക്കല്‍ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ വീണ്ടും സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കേണ്ടതില്ല.ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പാണ് രേഖപ്പെടുത്തുന്നത്. ഇതറിയാതെ ചില ഉദ്യോഗസ്ഥര്‍ കയ്യൊപ്പുളള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2013 ജനുവരി 17 ന് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ വകുപ്പുകളും, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയും ഡിജിറ്റല്‍ ഒപ്പോടുകൂടി നല്‍കുന്ന ലൈസന്‍സ്, പെര്‍മിറ്റ്, സര്‍ട്ടിഫിക്കറ്റ്, അനുമതിപത്രം, പണം അടച്ചതിന്റെ രശീത് എന്നിവ സീകരിക്കണം.
അക്ഷയ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ബഷീര്‍, എന്‍ ഐ സി ജില്ലാ ഓഫീസര്‍ പ്രദീഷ് പങ്കെടുത്തു.

 

Latest