Connect with us

Kerala

ഗ്രാമീണ കോടതി: നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങി

Published

|

Last Updated

കൊല്ലം: നീതിനിര്‍വഹണത്തിന്റെ നടത്തിപ്പുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. കേരളത്തില്‍ 152 ബ്ലോക്ക് പഞ്ചായത്ത് പരിധികളിലാണ് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നീതിന്യായ മന്ത്രാലയം തീരുമാനിച്ചിരുന്നത്.
കെട്ടിക്കിടക്കുന്ന കേസുകള്‍ കാലതാമസം കൂടാതെ ഒത്തുതീര്‍പ്പാക്കുക എന്നതാണ് ഗ്രാമീണ കോടതികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമാണ് ഗ്രാമീണ കോടതികള്‍ക്ക് ഉണ്ടാകുകയെന്നും അധികൃതര്‍ അറിയിച്ചിരുന്നു. സമൂഹത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പടിവാതില്‍ക്കല്‍ നീതി എത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മൊബൈല്‍ കോടതികളായി ഗ്രാമീണ കോടതികള്‍ മാറുന്നതോടെ നീതിനിര്‍വഹണം കുറ്റമറ്റതായി മാറ്റാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ കണക്ക് കൂട്ടിയിരുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമ- ന്യായാലയാസ് ആക്ട് 2008 അനുസരിച്ചാണ് ഗ്രാമീണ കോടതികള്‍ കേരളത്തില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നത്. ഈ ആക്ടില്‍ രാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ മുപ്പത് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനായിരുന്നു അധി കൃതര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇതിന് ആവശ്യമായ ഭൗതിക സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചതോടെയാണ് തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലായത്. സംസ്ഥാന നീതിന്യായ വകുപ്പാണ് ഇതിന്റെ ആദ്യ ഘട്ട നടപടികള്‍ സ്വീകരിച്ചുവന്നിരുന്നത്.
ഒരു മുന്‍സിഫ് – മജിസ്‌ട്രേറ്റ് റാങ്കിലുള്ള ജഡ്ജിയായിരിക്കണം ഗ്രാമീണ കോടതിയില്‍ നീതിനിര്‍വഹണം നടത്തേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. 2,500 ചതുരശ്ര മീറ്റര്‍ കെട്ടിടം, ഇരുപതില്‍ കുറയാത്ത ജീവനക്കാര്‍ എന്നിവ ഗ്രാമീണ കോടതിക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഇവരുടെ ശമ്പളവും ചെലവും മറ്റു ആനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഗ്രാമ ന്യായാലയ ആക്ടില്‍ പറയുന്നത്.
ഇത്തരം കോടതികള്‍ക്കാവശ്യമായ വിഭവ സമാഹരണ നടത്തിപ്പ് ചെലവ് അതാത് ബ്ലോക്ക് പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഹൈക്കോടതിക്ക് താഴെയുള്ള കോടതികളില്‍ 11 ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഗ്രാമീണ കോടതികള്‍ യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമായിട്ടുണ്ട്.