Connect with us

Kerala

പ്രതിഷേധത്തിരക്കിടയില്‍ സീപ്ലെയിന്‍ പറന്നുതുടങ്ങി

Published

|

Last Updated

കൊല്ലം: സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസിന് തുടക്കമായി. കൊല്ലം അഷ്ടമുടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സീ പ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര മന്ത്രിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

അഷ്ടമുടി കായലില്‍ നിന്ന് പറന്ന് ആലപ്പുഴയില്‍ ഇറങ്ങാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആലപ്പുഴയില്‍ വിമാനം ഇറക്കാനായില്ല. മത്സ്യത്തൊഴിലാളികളുടെ കക്കാവാരല്‍ തൊഴിലാളികളും ചെറുവള്ളങ്ങളിലും ബോട്ടുകളിലുമായി വാട്ടര്‍ഡ്രോമില്‍ എത്തി തടസ്സം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലത്തേക്ക് തന്നെ തിരിച്ചുവിട്ടു. പരിസ്ഥിതി ആഘാത പഠനം നടത്താതെ പദ്ധതി നടപ്പാക്കുന്നതാണ് മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനിടയാക്കിയത്.

അതേസയം, പദ്ധതി സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കോ അവരുടെ ജീവനനോപാധികള്‍ക്കോ പദ്ധതി തടസ്സമാകില്ല. മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടത്തും. തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറുവിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മണ്‍സൂണ്‍ കഴിയുന്നതോടെ മറ്റു നാലു വിമാനങ്ങള്‍ കൂടി എത്തും.