Connect with us

National

മാധ്യമങ്ങളെ പഴിചാരി രാജ്‌നാഥ് സിംഗ്

Published

|

Last Updated

rajnath singhഹൈദരാബാദ്: മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയുടെ ഏറ്റവും പുതിയ പരാമര്‍ശത്തോടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള ബി ജെ പിയിലെ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ മാധ്യമങ്ങള്‍ക്ക് മേല്‍ പഴിചാരി പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്. അഡ്വാനിയുടെ പ്രസ്താവന തെറ്റായി വ്യാഖാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് രാജ്‌നാഥ് സിംഗ് ഹൈദരാബാദില്‍ പറഞ്ഞു. നരേന്ദ്ര മോഡിയെയും ശിവരാജ് സിംഗ് ചൗഹാനെയും താരതമ്യം ചെയ്ത് അഡ്വാനി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴാണ് സിംഗ് മാധ്യമങ്ങളെ പഴിച്ചത്. 
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ബി ജെ പിയില്‍ ശീതസമരം നടക്കുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഒരു ശീതസമരവും ഇല്ല. നിര്‍ണായകമായ തീരുമാനങ്ങളെല്ലാം കേന്ദ്ര പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്ത് ജനകീയനായ നേതാവുണ്ടെങ്കില്‍ അത് നരേന്ദ്ര മോഡി തന്നെയാണ്. അദ്ദേഹത്തിനെതിരായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ രംഗത്തിറക്കുകയാണ് അഡ്വാനി ചെയ്തതെന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. ബി ജെ പി ഭരിച്ച എല്ലാ സംസ്ഥാനങ്ങളും സാമൂഹിക, സാമ്പത്തിക മേഖലകളില്‍ പുരോഗതി നേടിയിട്ടുണ്ട്. ഇക്കാര്യം ഉയര്‍ത്തിക്കാണിക്കുക മാത്രമാണ് അഡ്വാനി ചെയ്തതെന്ന് രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.
ബി ജെ പിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ആഭ്യന്തര യുദ്ധം നടക്കുകയാണെന്ന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. “ചൗഹാന്‍ജി വേഴ്‌സസ് മോഡിജി വേഴ്‌സസ് രാജ്‌നാഥ്ജി വേഴ്‌സസ് സുഷമാജി വേഴ്‌സസ് ജെയ്റ്റ്‌ലിജി വേഴ്‌സസ് ഗാഡ്കരിജി” എന്നതാണ് ബി ജെ പിയിലെ സ്ഥിതിയെന്നായിരുന്നു തിവാരിയുടെ പരിഹാസം.

---- facebook comment plugin here -----

Latest