Connect with us

International

തുര്‍ക്കി പ്രക്ഷോഭം: തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് ഉര്‍ദുഗാന്‍

Published

|

Last Updated

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ മൂന്ന് ദിവസമായി തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ വിദേശ രാജ്യങ്ങളിലെ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രക്ഷോഭകരുമായി ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു. പ്രക്ഷോഭത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തക്‌സിം ചത്വരത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുര്‍ക്കി വസന്തമായും അറബ് വസന്തമായും ചിത്രീകരിക്കുന്നത് അസംബന്ധമാണെന്നും അവര്‍ക്ക് തുര്‍ക്കിയെ കുറിച്ച് അറിയാത്തതു കൊണ്ടാണങ്ങനെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി മൊറോക്കോയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തെ തുടര്‍ന്ന് വിദേശ സന്ദര്‍ശനം റദ്ദാക്കണമെന്ന സൈനിക മേധാവികളും ആവശ്യം പ്രധാനമന്ത്രി തള്ളി.

അതേസമയം, ഇസ്തംബൂളിലെ ഗസി പാര്‍ക്ക് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇന്നലെയും സംഘര്‍ഷഭരിതമായി. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തക്‌സിം ചത്വരത്തില്‍ പതിനായിരങ്ങള്‍ ഒത്തുകൂടിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest