Connect with us

Health

പകര്‍ച്ചപ്പനിക്ക് സിദ്ധ ചികിത്സയുടെ വഴി

Published

|

Last Updated

feverകാലവര്‍ഷം ആരംഭിച്ചതോടെ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് കേരളം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ, മലേറിയ, എച്ച്1 എന്‍1 തുടങ്ങി മാരകമായ പകര്‍ച്ചപ്പനികളുടെ പിടിയില്‍ സംസ്ഥാനം അകപ്പെടുമ്പോഴും സിദ്ധചികിത്സാ രീതി കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല. പനി ബാധിച്ച് പ്രതിവിധികള്‍ക്കായി അലോപ്പതിയുടെയും ഇംഗ്ലീഷ് മരുന്നുകളുടെയും പിന്നാലെ പായുന്ന സമൂഹം പുരാതന ചികിത്സാ രീതിയെ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നു, അല്ലെങ്കില്‍ വിസ്മരിക്കുന്നു.

കാര്യക്ഷമമായ പനി പ്രതിരോധ മരുന്നാണ് സിദ്ധചികിത്സയിലൂടെ ലഭ്യമാകുന്നത്. സിദ്ധവൈദ്യത്തിലെ ഔഷധക്കൂട്ടായ നിലവേമ്പ് കുടിനീരിന്(ആന്റോഗ്രാഫിസ് പനിക്കുലേറ്റ) ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാകുന്നത്. ഡെങ്കിപ്പനിക്കു മാത്രമല്ല, വൈറസ് മൂലമുണ്ടാകുന്ന 64 ഇനങ്ങളിലുള്ള പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ് ഈ ഔഷധം. പരീക്ഷണാര്‍ഥം ഉപയോഗിക്കാം എന്ന രീതിയിലല്ല, ഉപയോഗിച്ച് പരീക്ഷിച്ച് പൂര്‍ണമായും വിജയിച്ച രീതി എന്ന നിലയില്‍ത്തന്നെ കേരളത്തിന് നിലവേമ്പ് കുടിനീര്‍ ഉപയോഗിക്കാവുന്നതാണ്. പനിക്ക് അത്യുത്തമമായ മരുന്ന് എന്ന രീതിയില്‍ തമിഴ്‌നാട് നിലവേമ്പ് കുടിനീരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവര്‍ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ ഉള്‍െപ്പടെ വിതരണം ചെയ്യുന്നത് നിലവേമ്പ് കുടിനീരാണ്. അത്ഭുതകരമായ രീതിയിലാണ് തമിഴ്‌നാട്ടില്‍ പകര്‍ച്ചപ്പനി പ്രതിരോധിക്കാനായത്.
2012ല്‍ അയ്യായിരത്തോളം ഡെങ്കി കേസുകളാണ് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തു തന്നെ ഡെങ്കിബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാട് ഏറെ മുന്നിലെത്തിയപ്പോഴാണ് ഇത്തരമൊന്ന് പരീക്ഷിച്ചത്. അതില്‍ വിജയവും കണ്ടു. തമിഴ്‌നാട്ടില്‍ പകര്‍ച്ചപ്പനി പൂര്‍ണമായും പ്രതിരോധിക്കാനായി എന്നുതന്നെ സാക്ഷ്യപ്പെടുത്താം. പനി പ്രതിരോധത്തിന് നിലവേമ്പ് കുടിനീര്‍ ഉത്തമ ഔഷധം എന്ന രീതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍തന്നെ പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ നിലവേമ്പ് കുടിനീരിന്റെ സൗജന്യ വിതരണത്തിനായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേരളത്തില്‍ പകര്‍ച്ചപ്പനി നിയന്ത്രാണാതീതമായ അടിയന്തര സാഹചര്യത്തില്‍ പാര്‍ശ്വഫലങ്ങളില്ലാത്ത സിദ്ധൗഷധ രീതി പരീക്ഷിക്കാവുന്നതാണ്. മരുന്നിന്റെ കാര്യക്ഷമത കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സക്കായെത്തുന്ന എല്ലാവര്‍ക്കും നിലവേമ്പ് കുടിനീര്‍ നല്‍കാനാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി വി എസ് വിജയ് ഉത്തരവിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും മരുന്നു വിതരണം നടക്കുന്നുണ്ട്. രണ്ടായിരത്തോളം ഡിസ്‌പെന്‍സറികള്‍ വഴിയാണ് മരുന്ന് വിതരണം. തമിഴ്‌നാട് സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സര്‍ക്കാര്‍ ഡിസ്‌പെന്‍സറികള്‍ വഴിയും മരുന്ന് വിതരണം നടത്തുന്നുണ്ട്. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം തമിഴ്‌നാട് പാരമ്പര്യ സിദ്ധവൈദ്യമഹാസംഘമാണ് തമിഴ്‌നാട്ടില്‍ മരുന്ന് വിതരണം നടത്തുന്നത്. പൊതുജനാരോഗ്യ വകുപ്പ് വഴിയാണ് അവിടെ മരുന്ന് വിതരണം നടത്തുന്നത്.
ഒമ്പതിനം ഔഷധക്കൂട്ടുകളുടെ ചേരുവയാണ് നിലവേമ്പ് കഷായം. കിരിയാത്ത്, രാമച്ചം, ചന്ദനം, വെട്ടിവേര്, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, പേയ്പുടല്‍വള്ളി, ചുക്ക്, കുരുമുളക് എന്നീ ഒമ്പതിനം ഔഷധങ്ങള്‍. ആവശ്യമുള്ളവര്‍ക്ക് ഇത് വീടുകളില്‍ തന്നെ തയ്യാറാക്കാവുന്നതാണെന്നാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ വൈസ് പ്രസിഡന്റ് ഡോ. സ്റ്റാന്‍ലി ജോണ്‍സ് പറയുന്നത്. ഓരോ ഔഷധവും പത്ത് ഗ്രാം വീതം എടുത്ത് ആറ് ഗ്ലാസ് വെള്ളത്തില്‍ നന്നായി തിളപ്പിച്ച് രണ്ട് ഗ്ലാസ് വെള്ളം ആകുന്നതുവരെ വറ്റിച്ചെടുക്കുന്നതാണ് ഔഷധക്കൂട്ട്. രണ്ട് പേര്‍ക്ക് ദിവസത്തില്‍ മൂന്ന് നേരം വീതം സേവിക്കാന്‍ ഇത് ധാരാളം. പ്രായവ്യത്യാസമില്ലാതെ ഇത് ഉപയോഗിക്കാവുന്നതാണ്. നിലവേമ്പിനൊപ്പം പപ്പായ ഇലയുടെ ജ്യൂസ് ഉപയോഗിക്കുന്നതും അത്യുത്തമമാണ്. സിദ്ധവൈദ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള ബാലസഞ്ജീവനി ഗുളിക ഉപയോഗിക്കുന്നത് കുട്ടികളിലുണ്ടാകുന്ന ജലദോഷവും പനിയും ചുമയുമെല്ലാം തടയാന്‍ ഫലപ്രദമാണ്. ആറ് മാസം തുടര്‍ച്ചയായി ഇവ ഉപയോഗിച്ചാല്‍ പകര്‍ച്ച വ്യാധികളൊന്നും പിന്നീട് ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ജീരകം, തുളസിയില എന്നിവ ചേര്‍ത്ത വെള്ളത്തില്‍ ചാലിച്ച് കഴിക്കേണ്ടതാണ് ബാലസഞ്ജീവനി. പല മാരകമായ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഈ മരുന്ന്. ശരീരവേദന, സന്ധിവേദന തുടങ്ങിയവക്ക് പരിഹാരമായി 24 ഇനം ഔഷധങ്ങള്‍ ചേരുന്ന കൂട്ടാണ് നിര്‍ദേശിക്കുന്നത്. പനിക്ക് അനുബന്ധമായി വരുന്ന രോഗങ്ങള്‍ക്ക് അത്യുത്തമമായ ഔഷധം.
തമിഴ്‌നാട് സര്‍ക്കാര്‍ സിദ്ധൗഷധത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അവിടെ സര്‍ക്കാരിന്റെ കീഴില്‍ സിദ്ധ വൈദ്യത്തില്‍ പി ജി കോഴ്‌സുകള്‍ പഠിപ്പിക്കുന്ന നാല് സര്‍ക്കാര്‍ കോളജുകളുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഒരു സിദ്ധവൈദ്യ മെഡിക്കല്‍ കോളജും ചെന്നൈയിലുണ്ട്. ദിനംപ്രതി രണ്ടായിരത്തോളം പേരാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ചെന്നൈ സിദ്ധ വൈദ്യ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്നത്.