Connect with us

Wayanad

ഇന്ന് ലോക പരിസ്ഥിതി ദിനം: പ്രകൃതിയുടെ വീണ്ടെടുപ്പിനായി വയനാട്ടുകാര്‍

Published

|

Last Updated

കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭങ്ങളിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കാര്‍ഷിക മേഖലയിലേക്ക് വീണ്ടും ഒരു പരിസ്ഥിതിദിനം കൂടി. പതിവില്‍ നിന്ന് വിരുദ്ധമായി രാഷ്ട്രീയകക്ഷികളും യുവജന-ബഹുജന സംഘടനകളും സാമൂഹിക-സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളുമെല്ലാം ഇത്തവണത്തെ പരിസ്ഥിതിദിനത്തില്‍ മരത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സന്ദേശവാഹകരാവുന്ന ആശാവഹമായ കാഴ്ചയാവും വയനാട്ടിലേത്. ഒരുകാലത്ത് പ്രകൃതി സംരക്ഷണ സംഘടനകള്‍ മാത്രം ഈ ദിനത്തില്‍ നല്‍കിയിരുന്ന സന്ദേശം ഇന്ന് എല്ലാവരും ഏറ്റെടുത്ത് നടപ്പാക്കാനൊരുങ്ങുന്നു. ചതുപ്പും ജലസ്രോതസും നെല്‍വയലുമെല്ലാം മണ്ണിട്ടുനികത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തി കോണ്‍ക്രീറ്റ് സൗധങ്ങള്‍ സ്ഥാപിച്ചുമൊക്കെ ഇനി മുന്നോട്ടുപോക്ക് സാധ്യമല്ലെന്ന് പ്രകൃതിതന്നെ വയനാടന്‍ ജനതയെ ബോധ്യപ്പെടുത്തുന്നുണ്ട്. കാലാസ്ഥയുടെയുടെയും ഭൂപ്രകൃതിയുടെയും പ്രത്യേകതയാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള വയനാട്ടില്‍ ഇനി ഈ രംഗത്തും വലിയ പ്രതീക്ഷക്ക് വകയില്ലെന്ന് ബോധ്യപ്പെടുത്തിയാണ് കാലാവസ്ഥാ വ്യതിയാനം അതിവേഗം പിടിമുറുക്കിയത്. വയനാട്ടിലെ മഴയുടെയും വേനലിന്റെയുമെല്ലാം സ്വഭാവത്തില്‍ വന്നമാറ്റം കൃഷിയെ ആശ്രയിച്ച് കഴിയുന്ന മഹാഭൂരിപക്ഷം ജനങ്ങളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. റവന്യൂ വരുമാനത്തിന്റെ മാത്രം തോതില്‍ അളക്കപ്പെട്ടിരുന്ന മരങ്ങള്‍ക്കും മലകള്‍ക്കും ചതുപ്പുകള്‍ക്കും പുല്‍മേടുകള്‍ക്കുമെല്ലാമുള്ള സ്ഥാനം കാര്യമായ ബോധവല്‍ക്കരണമൊന്നുമില്ലാതെ തന്നെ ജനം സ്വയം തിരിച്ചറിയുകയാണ്. ചിറചുഞ്ചി കഴിഞ്ഞാല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയിരുന്ന ലക്കിടി വയനാട്ടിലായിരുന്നുവെന്നത് പുതുതലമുറക്കാര്‍ക്ക് അവശ്വനീയമായി തോന്നും. വേനലിലും കാലവര്‍ഷത്തിലുമെല്ലാം കുളിരുപകര്‍ന്ന് നിലനിന്നിരുന്ന ലക്കിയിടില്‍ ഇപ്പോള്‍ ചതുപ്പുകള്‍ പോലും ഇല്ലെന്നായി. ചെറിയ ചെറിയ നീരൊഴുക്കുകളാകെ മണ്ണിനടിയിലായി. ചെറിയ എടുപ്പുകള്‍ പോലും കാണാനില്ലാതിരുന്ന ലക്കിടിയിലും കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിറഞ്ഞു. മൊത്തം ഭൂവിസ്തൃതിയില്‍ 37 ശതമാനം ഇപ്പോഴും വനമാണെന്ന് അഭിമാനിക്കുന്നവരാണ് വയനാട്ടുകാര്‍. എന്നാല്‍ പ്രകൃതിദത്ത വനങ്ങളില്‍ പോലും മണ്ണൊലിപ്പ് തടഞ്ഞും നിത്യഹരിതാഭ പകര്‍ത്തിയും പന്തലിച്ച് നിന്ന മുളങ്കൂട്ടങ്ങള്‍ കാലപ്രവാഹത്തില്‍ കാണാതായി. കൈവശഭൂമിയിലെ മരങ്ങളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. പുല്‍പള്ളി പോലുള്ള പ്രദേശങ്ങളില്‍ ചെറുവണ്ണമുള്ള മരങ്ങള്‍ പോലും വെട്ടിചുരമിറക്കി. നീരൊഴുക്കുകള്‍ പലതും നിലച്ചു. ഇത് ചെറുതോടുകളില്‍ പലതിനെയും ഇല്ലായ്മ ചെയ്തു. കേരളത്തിനും കര്‍ണാടകയ്ക്കും അതിരിട്ട് ഒഴുകുന്ന കബനിയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവില്‍ പോലും കുറവുണ്ടായി. ഇടത്തരം തോടുകളില്‍ പലതും ലോപിച്ചുവരികയാണ്. ഇപ്പോഴും ഒഴുക്കുള്ള തോടുകള്‍ മിക്കതും മാലിന്യ കൂമ്പാരമായി. തോടെന്നാല്‍ മാലിന്യം ഇടാനുള്ള ഇടം എന്നുവന്നു. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനം അതിവേഗത്തിലാണെന്ന് പഴമക്കാര്‍ വിലയിരുത്തുന്നു. അതിനാല്‍ നിലവിലുള്ള മരങ്ങളും വയലുകളും മലകളും പുല്‍മേടുകളുമെല്ലാം നിലനിര്‍ത്തിയും നഷ്ടപ്പെട്ട മരങ്ങള്‍ക്ക് പകരം പുതുതായി നട്ടുവളര്‍ത്തിയും ചുരുങ്ങിവരുന്ന പുഴകളുടെ ആഴവും പരപ്പും സംരക്ഷിച്ചും മാത്രമെ ഇനി മുന്നോട്ട് പോക്ക് സാധ്യമാവൂ എന്ന തിരിച്ചറിവോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം. ഇക്കുറിയത്തെ കൊടിയവരള്‍ച്ചയും കാലാവസ്ഥാ മാറ്റവുമെല്ലാം പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ നിന്നാണ് നാട്ടില്‍ സാധാരണക്കാര്‍ പോലും ഏകവിള തോട്ടങ്ങളുടെ ദോഷം വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തേക്ക് തോട്ടങ്ങള്‍ക്കും യൂക്കാലിപ്റ്റസിനും അക്കേഷ്യക്കും എതിരെ തിരിയാനും ഈ അന്വേഷണം നിമിത്തമായി. ജില്ലയിലെ മൊത്തം വന വിസ്തൃതിയില്‍ മൂന്നിലൊന്നോളം സര്‍ക്കാര്‍ തന്നെ വെച്ചുപിടിപ്പിച്ച തേക്ക് പ്ലാന്റേഷനാണ്. നിക്ഷിപ്ത വനഭൂമിയിലും റിസര്‍വ് വനങ്ങളിലെ ചതുപ്പ് ഭാഗങ്ങളിലുമെല്ലാം മുന്‍പ് നട്ടുപിടിപ്പിച്ച യൂക്കാലിപ്റ്റസുമുണ്ട്. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കിയ സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായാണ് വ്യാപകമായ തോതില്‍ അക്കേഷ്യമരങ്ങളും നട്ടുപിടിപ്പിച്ചത്. ആസ്മ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന അക്കേഷ്യ മരങ്ങള്‍ക്ക് എതിരെ തുടക്കം മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രധാന പാതയോരങ്ങളിലും സാമൂഹിക വനവല്‍ക്കരണ വിഭാഗം അക്കേഷ്യമരങ്ങള്‍ നട്ടിരുന്നു. മുത്തങ്ങവനത്തിലും തരിയോട് ലേഡീസ് സ്മിത്ത് വനത്തിലും തോല്‍പ്പെട്ടിയിലെ തേക്ക് പ്ലാന്റേഷനിലുമാണ് യൂക്കാലിപ്റ്റസ് കൂടുതലായുള്ളത്. അക്കേഷ്യ ഏറ്റവും കൂടുതല്‍ നട്ടിട്ടുള്ളത് തരിയോട് വനത്തിലാണ്. കുപ്പാടി മുതല്‍ മരക്കടവ് വരെ നീണ്ടുകിടക്കുന്നതാണ് വനം വകുപ്പിന്റെ അധീനതയിലുള്ള ഏറ്റവും വലിയ തേക്ക് പ്ലാന്റേഷന്‍. കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെ വ്യാപിച്ചുകിടക്കുന്ന തേക്കുതോട്ടവും വനം വകുപ്പിന് കീഴിലുണ്ട്. യൂക്കാലിപ്റ്റസും അക്കേഷ്യയുമാണ് മണ്ണില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജലം വലിച്ചെടുക്കുന്ന മരങ്ങള്‍. ചതുപ്പ് കരഭൂമിയാക്കാന്‍ ബ്രിട്ടീഷുകാര്‍ തന്നെയാണ് യൂക്കാലിപ്റ്റസ് മരങ്ങള്‍ വയനാട്ടില്‍ എത്തിച്ചിട്ടുള്ളത്. പിന്നീട് മലബാര്‍ ഗ്വാളിയോര്‍റയേണ്‍സിന് വേണ്ടിയും വയനാടന്‍ വനങ്ങളില്‍ യൂക്കാലിപ്റ്റസ് വ്യാവസായിക അടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചു. ഈ മൂന്ന് മരങ്ങളും ഉണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങളും ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും സജീവ ചര്‍ച്ചയാണ്. തരിയോട് നിക്ഷിപ്ത വനത്തില്‍നിന്ന് യൂക്കാലിപ്റ്റസും അക്വേഷ്യയും ഒഴിവാക്കാനുള്ള പദ്ധതികള്‍ക്ക് വനം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഈ മരങ്ങള്‍ക്ക് പകരമായി മുള്ളില്ലാ മുളകളും ഔഷധച്ചെടികളും ഇരുമ്പകവും വനത്തില്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. ഇന്ന് മുതല്‍ പുതിയ ചെടികള്‍ നട്ടുപിടിപ്പിച്ചുതുടങ്ങും. 
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള തരിയോട് വനമേഖലയില്‍ 1351 ഹെക്റ്റര്‍ നിക്ഷിപ്ത വനമാണുള്ളത്. ഇതില്‍ 300 ഹെക്റ്ററോളം പ്രദേശത്താണ് 1990കളില്‍ അക്കേഷ്യ മരം വച്ചുപിടിപ്പിച്ചത്. പ്രകൃതിജലം ഊറ്റിയെടുക്കുന്ന അക്കേഷ്യക്ക് എതിരെ തുടക്കത്തില്‍തന്നെ പ്രതിഷേധമുയര്‍ന്നെങ്കിലും വനംവകുപ്പോ സര്‍ക്കാരോ പരിഗണിച്ചില്ല. തൈനട്ട് ആറാംവര്‍ഷം പിന്നെ 12-ാം വര്‍ഷവുംം 18ാം വര്‍ഷവും മൂന്നു തവണയായി സെലക്ഷന്‍ ഫെല്ലിംഗ് നടത്താമെന്നാണ് കണക്ക്. ഇപ്പോള്‍ 110 ഏക്കറില്‍ രണ്ടാംഘട്ട മരംമുറിയാണ് നടക്കുന്നത്. ഇതിനകം പ്രദേശത്തെ ജലസമ്പത്ത് അക്കേഷ്യ മരങ്ങള്‍ മൂലം ഗണ്യമായി കുറഞ്ഞതായാണ് പഠന റിപ്പോര്‍ട്ട്.
ബാണാസുര റിസര്‍വോയറിലെ ജലനിരപ്പിനെയും ഇതിനോട് ചേര്‍ന്നുള്ള വനഭൂമിയിലെ അക്കേഷ്യ മരങ്ങള്‍ ബാധിച്ചുതുടങ്ങിയതായി കെണ്ടത്തിയിരുന്നു. മുറിക്കുന്ന ഭാഗത്ത് തുടര്‍ന്നും അക്കേഷ്യ നട്ടുപിടിപ്പിക്കരുതെന്ന പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ മരം സംരക്ഷിക്കേണ്ടതില്ലെന്ന് 2010ല്‍ വനംവകുപ്പ് ഉത്തരവിറക്കിയത്.
കാട്ടാനശല്യം പ്രദേശത്ത് രൂക്ഷമായ സാഹചര്യം കൂടി പരിഗണിച്ചാണ് വനംമേഖലയുടെ ബെല്‍ട്ട് ഏരിയകളില്‍ മുള്ളില്ലാ മുളകള്‍ വച്ചുപിടിപ്പിക്കാന്‍ വനംവകുപ്പും ബാംബു കോര്‍പറേഷനും ധാരണയായത്. ജില്ലയില്‍ ആദ്യമായാണ് മുള്ളില്ലാമുളയുടെ നഴ്‌സറിയി തയ്യാറാക്കിയത്. 45,000 തൈകളാണ് വച്ചുപിടിപ്പിക്കുക. സേട്ടുകുന്ന് മുതല്‍ പത്താംമൈല്‍ വരെയാണ് മുള്ളില്ലാ മുള ആദ്യഘട്ടത്തില്‍ പ്ലാന്റ് ചെയ്യുക. മൂന്നുവര്‍ഷം ബാംബു കോര്‍പറേഷനാണ് തൈകളുടെ സംരക്ഷണച്ചെലവ് വഹിക്കുക. തുടര്‍ന്ന് വനംവകുപ്പും. യൂക്കാലിപ്റ്റസിനേക്കാല്‍ വരുമാനം ഈ മുളകളിലൂടെ ലഭിക്കുമെന്നും കാട്ടാനശല്യത്തിന് ഒരുപരിധി വരെ പരിഹാരം കാണാനാവുമെന്നും വനംവകുപ്പധികൃതര്‍ കരുതുന്നു. വിജയിക്കുകയാണെങ്കില്‍ അടുത്തവര്‍ഷം കൂടുതല്‍ പ്രദേശങ്ങളില്‍ മുള്ളില്ലാമുളകള്‍ വച്ചുപിടിപ്പിക്കും.
പശ്ചിമഘട്ട വികസനപദ്ധതിയുടെ ഫണ്ടുപയോഗിച്ച് 30,000 ഇരുമ്പകം തൈകളും ഈ വര്‍ഷം വനം വകുപ്പ് നട്ടുപിടിപ്പിക്കും. തരിയോട് എലിക്കയിലാണ് ഒരുകാലത്ത് വയനാട്ടില്‍ സുലഭമായിരുന്ന ഇരുമ്പകം നട്ടുപിടിപ്പിക്കുന്നത്. റെയില്‍വേ സ്ലീപ്പറുകള്‍ക്കായി ഉപയോഗിക്കുന്ന ബലം കൂടിയ മരമാണ് ഇരുമ്പകം. കല്‍പറ്റ റെയ്ഞ്ചിലെ സുഗന്ധഗിരി സെക്ഷനിലും ഇരുമ്പകം നടുന്നുണ്ട്. മുള്ളില്ലാമുള, ഇരുമ്പകം എന്നിവയ്ക്കു പുറമെ വിവിധയിനം ഔഷധച്ചെടികളും വനത്തിലേക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമെ നൂല്‍പുഴ, കുന്താണി, കുന്നമ്പറ്റ, ബേഗൂര്‍ എന്നിവിടങ്ങളിലെ നഴ്‌സറികളിലായി സാമൂഹിക വനവത്കരണ വിഭാഗം 2.75 ലക്ഷം തൈകള്‍ വിതരണത്തിനു സജ്ജമാക്കിയിട്ടുണ്ട്. നെല്ലി, മഹാഗണി, കണിക്കൊന്ന, മണിമരുത്, മാവ്, പ്ലാവ്, കുമിഴ്, തേക്ക്, താന്നി, കരിങ്ങാലി, പുളി, മന്ദാരം, ആര്യവേപ്പ് തുടങ്ങിയ തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഒന്നിന് 50 പൈസ നിരക്കില്‍ നഴ്‌സറികളില്‍ തൈ ലഭ്യമാണ്. വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി നല്‍കും. വ്യക്തികള്‍ തൈ ഒന്നിനു രണ്ട് രൂപ നല്‍കണം.