Connect with us

Malappuram

കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക്; കരാറുകാര്‍ ചുമതല ഒഴിയുന്നു

Published

|

Last Updated

മലപ്പുറം: കോട്ടക്കുന്നിലെ നഗരസഭ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നടത്തിപ്പില്‍ നിന്ന് കരാറുകാറുകാരായ ജെ എച്ച് എസ് പ്രോപ്പര്‍ട്ടീസ് ഒഴിയുന്നു. സന്ദര്‍ശകരുടെ കുറവു മൂലം പാര്‍ക്കിന്റെ നടത്തിപ്പ് നഷ്ടമാണെന്ന് കാണിച്ചാണ് നടത്തിപ്പില്‍ നിന്ന് ഒഴിയുന്നത്. ഏറെ കൊട്ടിയാഘോഷിച്ച് തുടങ്ങിയ പാര്‍ക്ക് ഇന്ന് ജീര്‍ണാവസ്ഥയിലാണ്. 
പ്രധാനപ്പെട്ട റൈഡുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ നിരാശരായി മടങ്ങുകയാണ്. ഇത്തവണ വേനലവധിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
പാര്‍ക്കിന്റെ നടത്തിപ്പിനായി ദിനംപ്രതി 12,000 രൂപയുടെ വെള്ളമാണ് വേണ്ടിവരുന്നത്. 2012 ആഗസ്റ്റിലാണ് മൂന്നുവര്‍ഷത്തേക്ക് നടത്തിപ്പ് കരാര്‍ ഒപ്പുവെച്ചത്. ഓരോ വര്‍ഷവും ലൈസന്‍സ് ഫീ ഇനത്തില്‍ 56 ലക്ഷവും വിനോദ നികുതിയിനത്തില്‍ 15 ലക്ഷവുമാണ് കരാറുകാര്‍ നഗരസഭക്ക് നല്‍കേണ്ടത്. 12 തുല്യഗഡുക്കളായി ഓരോ മാസവും നാലാം തീയതിക്കകം പണം നല്‍കണം.പാര്‍ക്ക് നടത്തിപ്പ് നഷ്ടമാണെന്ന് കാണിച്ച പശ്ചാത്തലത്തില്‍ കരാറുകാരില്‍ നിന്ന് മെയ് മാസത്തെ തുക ഈടാക്കിയിട്ടില്ല.
പത്തുവര്‍ഷത്തക്ക് കരാര്‍ നീട്ടിത്തരികയാണെങ്കില്‍ പുതിയ റൈഡുകള്‍ തുടങ്ങി പാര്‍ക്കിനെ സജീവമാക്കാന്‍ കഴിയുമെന്നാണ് കരാറുകാര്‍ പറയുന്നത്. നഗരസഭക്ക് പാര്‍ക്ക് ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് സെക്രട്ടറി വിനു ഫ്രാന്‍സിസ് പറഞ്ഞു. 44 പേരാണ് പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. വൈദ്യൂതി ചാര്‍ജ്ജ് ഇനത്തില്‍ മാത്രം ഒരുലക്ഷം രൂപ ചിലവ് വരും.
വലിയ ബാധ്യത വരുമെന്നത് കൊണ്ട് തന്നെ പുതിയ റൈഡുകള്‍ തുടങ്ങാനും സാധിക്കില്ല. കരാറുകാര്‍ ഒഴിയുന്ന പക്ഷം നടത്തിപ്പിനായി പുതിയ ടെണ്ടര്‍ വിളിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

 

---- facebook comment plugin here -----

Latest