Connect with us

National

പ്രകൃതിവാതക വില വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ തള്ളി

Published

|

Last Updated

ന്യുഡല്‍ഹി: പ്രകൃതിവാതക വില ഇരട്ടിയിലേറെ വര്‍ധിപ്പിക്കാനുള്ള പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ശിപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും തള്ളി. പ്രകൃതി വാതക വില കുത്തനെ കൂട്ടുന്നത് ഊര്‍ജം, വളം മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ അറിയിച്ചു.

പ്രകൃതിവാതക വില കൂട്ടുന്നത് വൈദ്യുതി, വളം ഉത്പാദന ചെലവ് ഗണ്യമായി വര്‍ധിക്കാനിടയാക്കും. ഇത് നേരിട്ട് ജനങ്ങളെ ബാധിക്കും. താങ്ങാനാകാത്ത വില വര്‍ധന നേരിടാന്‍ സബ്‌സിഡി വര്‍ധിപ്പിക്കേണ്ടിവരും. യൂറിയക്ക് പ്രതിവര്‍ഷം 10,000 കോടി രൂപ സബ്‌സിഡി ഇനത്തില്‍ നല്‍കേണ്ടിവരും. പ്രകൃതിവാതക വിലയില്‍ ഓരോ ഡോളര്‍ വര്‍ധിക്കുമ്പോഴും യൂറിയയുടെ ഉത്പാദന ചെലവ് 2,466 കോടി രൂപയായി ഉയരും. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് പ്രകൃതിവാതക വില വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന്‍മേല്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നത്. പ്രകൃതിവാതക വില കൂട്ടുന്നത് ജനങ്ങളില്‍ കടുത്ത അമര്‍ഷമുളവാക്കുമെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃതിവാതക വില കൂട്ടുന്ന കാര്യത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രകൃതിവാതക വില ഇരട്ടികണ്ട് കൂട്ടണമെന്ന് രംഗരാജന്‍ കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇത് പിടിച്ചാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിലകൂട്ടല്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.

Latest