Connect with us

National

4.5 ശതമാനം ഉപസംവരണം എത്രയും വേഗം നടപ്പില്‍വരുത്താന്‍ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ പിന്നാക്ക മുസ്‌ലിംകള്‍ക്ക് 4.5 ശതമാനം ഉപസംവരണം നടപ്പില്‍വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി ഇത് നടപ്പില്‍വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നേരത്തെ, ഉപസംവരണം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ വേഗം വാദം കേള്‍ക്കലിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അങ്ങനെ വന്നാല്‍ പ്രശ്‌നം വേഗം പരിഹരിക്കപ്പെടുമെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി കെ റഹ്മാന്‍ ഖാന്‍ പറഞ്ഞു. 4.5 ശതമാനം ഉപസംവരണമെന്ന ആശയത്തോട് സുപ്രീം കോടതിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ സാങ്കേതിക വശങ്ങളാണ് കോടതി ചോദ്യം ചെയ്തതെന്നും നേരത്തെ റഹ്മാന്‍ ഖാന്‍ പറഞ്ഞിരുന്നു. മുസ്‌ലിം സമുദായത്തിലടക്കമുള്ള പിന്നാക്കക്കാര്‍ക്ക് സംവരണം എന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പിന്നാക്ക മുസ്‌ലിംകള്‍ക്ക് 4.5 ശതമാനം ഉപസംവരണം പ്രാവര്‍ത്തികമാകുമെന്ന് ആത്മവിശ്വാസമുണ്ട്. സുപ്രീം കോടതിയില്‍ ഈ കേസില്‍ നേരത്തെ വാദം കേള്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറലുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇത് ഉടനെ പ്രവൃത്തിപഥത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഖാന്‍ പറഞ്ഞു.
ഉപസംവരണം എന്ന ആശയം തള്ളിക്കളയാനാകില്ല. ഇതൊരു പുതിയ കാര്യമല്ല. മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ അനുസരിച്ച് 27 ശതമാനം ഒ ബി സി സംവരണത്തില്‍ പിന്നാക്ക മുസ്‌ലിംകള്‍ക്കും ആനുകൂല്യം കിട്ടുന്നുണ്ട്. തങ്ങളുടെ പങ്ക് കിട്ടാത്ത പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് ഒ ബി സി സംവരണത്തില്‍ ഉപ ക്വാട്ട ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. റഹ്മാന്‍ ഖാന്‍ പറഞ്ഞു.
ന്യൂനപക്ഷ വികസനത്തിനുള്ള ദേശീയ പദ്ധതികള്‍ ന്യൂനപക്ഷ കേന്ദ്രീകൃത സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്ര മന്ത്രിസഭ മാറ്റം വരുത്തിയ ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ന്യൂനപക്ഷ കേന്ദ്രീകൃത സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര എന്നിവയെ കൂടി ചേര്‍ത്തു. ഗുജറാത്തിനെ ആദ്യമായാണ് ഈ പട്ടികയില്‍ ചേര്‍ക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആന്ധ്രയിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഉപസംവരണം റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാല്‍, 4.5 ശതമാനം എന്ന മാനദണ്ഡം സ്വീകരിച്ചതിന്റെ വിശദീകരണം തേടി. 2012ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 2011 ഡിസംബറിലാണ് ന്യൂനപക്ഷ ഉപസംവരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Latest