Connect with us

Thrissur

സൗഹൃദത്തിന്റെ സുദൃഢമായ ഓര്‍മകള്‍ ബാക്കി

Published

|

Last Updated

തൃശൂര്‍:കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയ 1991ലെ ആ സംഭവം ഇന്നലെകളിലെന്നപോലെ മുന്‍മന്ത്രി കെ പി വിശ്വനാഥന്റെ ഓര്‍മയിലുണ്ട്. രാഷ്ട്രീയ എതിരാളിയായിരുന്നെങ്കിലും ഉറ്റ സുഹൃത്തായിരുന്ന നമ്പാടന്‍ മാഷുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ഓര്‍മകളില്‍ ആദ്യം ഓടിയെത്തിയതും ആ ചരിത്ര സംഭവം തന്നെയെന്ന് വിശ്വനാഥന്‍ പറയുന്നു.

കരുണാകരന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു വിശ്വനാഥന്‍. കേരളത്തിലെ ഉള്‍ക്കാടുകളില്‍ വ്യാപകമായി കഞ്ചാവ് കൃഷി നടക്കുന്നുണ്ട് എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കാടുകളില്‍ കര്‍ശന പരിശോധന നടക്കുന്ന സമയം. ഈ സമയത്ത് വെല്ലുവിളി പോലെ അപ്രതീക്ഷിതമായൊരു ചോദ്യവുമായി ലോനപ്പന്‍ നമ്പാടന്‍ രംഗത്തെത്തി. കേരളം മുഴുവന്‍ കഞ്ചാവ് തേടിയിറങ്ങുന്നതെല്ലാം കൊള്ളാം. പക്ഷേ സ്വന്തം മണ്ഡലത്തിലെ കാടുകളില്‍ കഞ്ചാവ് കൃഷി നടക്കുന്നത് എന്തുകൊണ്ട് താങ്കള്‍ ശ്രദ്ധിക്കുന്നില്ല? എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ കഞ്ചാവ് കൃഷി ഇല്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്ന് വിശ്വനാഥന്‍ ഓര്‍മിച്ചു. തന്റെ അഭിപ്രായത്തില്‍ നിന്ന് ഒരടി പിറകോട്ട് പോകാന്‍ നമ്പാടന്‍ മാഷും തയ്യാറായില്ല. ഉണ്ടെങ്കില്‍ കാണിച്ചു തരാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അതേറ്റു. പ്രതിപക്ഷം കുറ്റം ആരോപിക്കുക സ്വാഭാവികം. പക്ഷേ അത് വെല്ലുവിളിയാകുമ്പോള്‍ എന്തു ചെയ്യും?
വലിയൊരു വിഭാഗം പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വെള്ളിക്കുളങ്ങരയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് ഭക്ഷണവും വെള്ളവുമായി ആദിവാസികളുടെ സഹായത്തോടെ കാടുകയറാന്‍ ആരംഭിച്ചു. യാത്രയിലുടനീളം മാഷ് തമാശകളുമായി നിറഞ്ഞു. രാഷ്ട്രീയപ്പോരിനും സൗഹൃദത്തിനുമിടയില്‍ വെമ്പല്‍ കൊണ്ട മണിക്കൂറുകള്‍. രാത്രി ഏഴരയോടെ ഉള്‍ക്കാടുകളില്‍ എത്തിയെങ്കിലും കഞ്ചാവ് കൃഷി കണ്ടെത്താനായില്ല. കനത്ത മഴയില്‍ കാട്ടില്‍ ഇരുട്ടായതോടെ ദൗത്യം ഉപേക്ഷിച്ച് മടങ്ങി. ആ വെല്ലുവിളിയില്‍ വിജയം ആര്‍ക്കും നേടാനായില്ലെങ്കിലും തങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള ഹൃദയ ബന്ധത്തിന് ആ യാത്ര തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു നമ്പാടന്‍ മാഷ്. അഞ്ച് തവണ ഒരുമിച്ച് നിയമസഭയില്‍ ഉണ്ടായിട്ടുണ്ട്. 2001-ല്‍ തന്നോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു മാഷെന്ന് വിശ്വനാഥന്‍ അനുസ്മരിച്ചു. പിന്നീട് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. ഒരുമിച്ച് കാണുമ്പോള്‍ അന്ന് പരാജയപ്പെട്ടത് അനുഗ്രഹമായെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
നിയമസഭയില്‍ സ്വതന്ത്രനായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നര്‍മത്തില്‍ ചാലിച്ചതായിരുന്നു. ആകെ കിട്ടുന്ന ഒന്നര മിനുട്ടിനുള്ളില്‍ പറയാനുള്ളത് വളരെ കൃത്യമായി പറയും. വിമര്‍ശങ്ങള്‍ നര്‍മത്തില്‍ ചാലിച്ച കൂരമ്പുകളായി പുറത്തുവിടുമ്പോള്‍ കൊള്ളേണ്ടിടത്ത് അത് കൊള്ളുക തന്നെ ചെയ്യും. താഴെക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന മാഷ് വളരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നുത്. നമ്പാടന്‍ മാഷ് ചരിത്രത്തിലേക്ക് മറയുമ്പോള്‍ പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച സൗഹൃദത്തിനാണ് വിരാമമായതെന്ന് വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Latest