Connect with us

Ongoing News

ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ്: ഏഴാം തവണയും കേരളത്തിന് കിരീടം

Published

|

Last Updated

ചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിനു തുടര്‍ച്ചയായ ഏഴാം കിരീടം. പതിനൊന്ന് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കല മെഡലുകളും സ്വന്തമാക്കിയാണ് കേരളം ചാമ്പ്യന്മാരായത്. ഏല്ലാ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കേരളം കിരീടത്തിലെത്തിയത്. മറ്റു ടീമുകളിലെയും മലയാളി താരങ്ങള്‍ മീറ്റില്‍ തിളങ്ങി.
വനിതകളുടെ 4+400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയതോടെയാണ് കേരളം കിരീടത്തിലേക്കടുത്തത്. രാവിലെ നടന്ന 10,000 മീറ്ററില്‍ കേരളത്തിന്റെ പ്രീജ ശ്രീധരന്‍ സുവര്‍ണ നേട്ടം കൊയ്തിരുന്നു. നാലാം ദിനത്തിലെ കേരളത്തിന്റെ സ്വര്‍ണവേട്ടക്ക് പ്രീജയാണ് തുടക്കമിട്ടത്. ഉച്ചക്ക് ശേഷം നടന്ന വനിതകളുടെ 400 മീറ്റര്‍ ഹഡില്‍സില്‍ കേരളത്തിന്റെ ആര്‍ അനു വെള്ളി മെഡല്‍ നേടി. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ സജീഷ് ജോസഫ് വെങ്കലവും നേടി. എന്നാല്‍ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് നേടിയ കെ പി ബിമിന്‍ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ട് പുറത്ത് പോയത് കേരളത്തിന്റെ ഉറച്ച സ്വര്‍ണം നഷ്ടപ്പെടുത്തി. കഴിഞ്ഞ തവണ പത്ത് സ്വര്‍ണം സ്വന്തമാക്കിയാണ് കേരളം വിജയികളായതെങ്കില്‍ ഇത്തവണ ഒരു സ്വര്‍ണം അധികം നേടിയാണ് കേരളത്തിന്റെ കുതിപ്പ്.
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ തമിഴ്‌നാടിന്റെ മലയാളിതാരം രഞ്ജിത് മഹേശ്വരി മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി. ഈ നേട്ടത്തോടെ രഞ്ജിത് മോസ്‌കോയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യതയും നേടി. വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങള്‍ക്കാണ്. പഞ്ചാബിന്റെ മലയാളി താരം ഒ പി ജെയ്ഷ, കര്‍ണാടകയുടെ സിനി ഒ മാര്‍ക്കോസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

 

Latest