Connect with us

Gulf

സഊദി സമീപനം മാതൃകാപരം: മന്ത്രി ഇ അഹമ്മദ്

Published

|

Last Updated

ദുബൈ: അനധികൃത വിദേശ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സഊദി അറേബ്യ കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ദുബൈയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി മുഖാമുഖത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അനധികൃത താമസക്കാര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ സഊദി അറേബ്യ മതിയായ സമയം അനുവദിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരിരക്ഷ നല്‍കാനും ജീവനക്കാരുടെ ശമ്പളം ബേങ്ക് വഴിയാക്കാനും സഊദി തീരുമാനിച്ചു. യു എ ഇയും മനുഷ്യത്വപരമായ നടപടികളാണ് കൈക്കൊള്ളുന്നത്. കുവൈത്ത് സര്‍ക്കാറില്‍ നിന്നും ഇതേ സമീപനം ഇന്ത്യ പ്രതീക്ഷിക്കുന്നു. അനധികൃത താമസക്കാരോട് മാനുഷിക പരിഗണന കാണിക്കണം. എത്രപേരെ പിടികൂടിയെന്നത് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളെ അറിയിക്കണമെന്നും മന്ത്രി അഹമ്മദ് ആവശ്യപ്പെട്ടു. ഐ സി ഡബ്ല്യു സി സംഘടിപ്പിച്ച മുഖാമുഖത്തില്‍ യു എ ഇ-ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ്, കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ, കണ്‍വീനര്‍ കെ കുമാര്‍ പങ്കെടുത്തു.
മിനി പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ചോദ്യങ്ങള്‍ക്കുത്തരമായി മന്ത്രി ഇ അഹമ്മദ് പറഞ്ഞു. വിമാനയാത്രാകൂലി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ, എയര്‍ ഇന്ത്യയുടെ ധനസ്ഥിതി മോശമായതിനാല്‍ ടിക്കറ്റിന് സബ്‌സിഡി നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. യു എ ഇ സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരോട് അനുഭാവ പൂര്‍വമാണ് പെരുമാറുന്നത്. യു എ ഇയും ഇന്ത്യയും വാണിജ്യ ബന്ധവും ശക്തമാണ്. 75,000 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. ഇന്ത്യക്കാര്‍ക്ക് യു എ ഇ ഓണ്‍ അറൈവല്‍ വിസ ഏര്‍പ്പെടുത്തുകയാണെങ്കില്‍ തിരിച്ചും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിവാഹിതരായവര്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്നും പുറംകരാര്‍ സ്ഥാപനങ്ങള്‍ ഇത് ആവശ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ചോദ്യത്തിനുത്തരമായി എം കെ ലോകേഷ് പറഞ്ഞു.

Latest