Connect with us

Health

എച്ച് വണ്‍ എന്‍ വണ്‍: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം എച്ച് വണ്‍ എന്‍ വണ്‍ പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രാതാ നിര്‍ദേശം നല്‍കി. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

എച്ച് വണ്‍ എന്‍ വണ്‍ പനി ഒരു വൈറസ് രോഗമാണ്. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരും. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗം, ആസ്തമ തുടങ്ങിയ രോഗമുള്ളവര്‍, വൃദ്ധ ജനങ്ങള്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, എന്നിവരില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ഗുരുതരമായേക്കാം. അതിനാല്‍ ഈ വിഭാഗക്കാര്‍ നിസ്സാര ലക്ഷണങ്ങള്‍ കണ്ടാല്‍പ്പോലും ഡോക്ടറുടെ ഉപദേശമനുസരിച്ച് എച്ച് വണ്‍ എന്‍ വണ്‍ ചികിത്സ തേടണം.

സാധാരണയില്‍ നിന്നും വ്യത്യസ്തമായ പനി, ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ ഉണ്ടായാലും ഡോക്ടറുടെ സേവനം എത്രയും പെട്ടെന്ന് തേടണം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിക്കുന്നതും ചൂടുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുന്നതും ധാരാളം വിശ്രമിക്കുന്നതും പനിവേഗം മാറുന്നതിന് സഹായിക്കും. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവ്വാല കൊണ്ട് മൂക്കും വായും പൊത്തുക. സോപ്പ് ഉപയോഗിച്ച് കൈകള്‍ കൂടെക്കൂടെ കഴുകുക തുടങ്ങിയ ആരോഗ്യശീലങ്ങള്‍ പാലിക്കണം. എച്ച് വണ്‍ എന്‍ വണ്‍ ചികിത്സാ സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ സ്വയം ചികിത്സ അപകടകരമാണ്. അത് ഒഴിവാക്കണം.