Connect with us

Articles

സിറിയയെ മായ്ച്ചുകളയാന്‍ മനുഷ്യ കൂട്ടക്കുരുതി

Published

|

Last Updated

അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള മൂലധന വ്യവസ്ഥയുടെ ഭ്രമണപഥങ്ങളിലേക്ക് ലോകമെമ്പാടുമുള്ള ജനസമൂഹങ്ങള്‍ക്ക് അവകാശപ്പെട്ട വിഭവസ്രോതസ്സുകളും സമ്പത്തുത്പാദന വ്യവസ്ഥകളും വിപണിയും ഉദ്ഗ്രഥിച്ചെടുക്കുന്ന അക്രമാസക്തമായ അധിനിവേശപ്രക്രിയയിലൂടെയാണ് സാമ്രാജ്യത്വത്തിന്റെ അതിനായകന്മാര്‍ നവലോകക്രമം കെട്ടിപ്പടുക്കുന്നത്. സോവിയറ്റ് യൂനിയന്റെയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെയും തകര്‍ച്ചക്ക് ശേഷം അമേരിക്കന്‍ ഭരണകൂടം വിഭാവനം ചെയ്ത ഫൈനാസ് മൂലധനത്തിന്റെ ആഗോളാധിപത്യമാണ് നവലോകക്രമം ലക്ഷ്യമിട്ടത്. ഇതിനായി പെന്റഗണും സി ഐ എയും യു എസ് വിദേശകാര്യ വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ അധിനിവേശ പദ്ധതികളുടെ ആദ്യ ഇരയായിരുന്നു ഇറാഖും സദ്ദാം ഹുസൈനും. തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ഇല്ലാതാക്കുകയെന്നതാണ് നവലോകക്രമ സഫലീകരണത്തിനുള്ള മുന്നുപാധിയെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കാണുന്നത്. രക്തപങ്കിലമായൊരു അധിനിവേശ പദ്ധതിയാണിത്.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയെന്ന് വിശേഷിപ്പിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കു മുകളിലുള്ള തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാകുന്ന മധ്യപൂര്‍വ ദേശത്തെയും പശ്ചിമേഷ്യയിലെയും തെക്കെ അമേരിക്കന്‍ നാടുകളിലെയും ഭരണകര്‍ത്താക്കളെയും ബഹുജന പ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്തുകൊണ്ടാണ് നവലോകക്രമത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ അമേരിക്കയും സഖ്യശക്തികളും ആരംഭിച്ചിരിക്കുന്നത്. കാസ്പിയന്‍ തീരത്തെ 10 കോടി ബാരലിലേറെ വരുന്ന എണ്ണ നിക്ഷേപങ്ങള്‍ക്ക് മുകളില്‍ തങ്ങള്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഇസ്‌ലാമിക തീവ്രവാദത്തെയും ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള ആഗോള ഭീകര പ്രസ്ഥാനത്തെയും അമേരിക്കയും സി ഐ എയും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തത്. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാല ദര്‍ശനങ്ങളുമായി ബന്ധമില്ലാത്ത “വിശുദ്ധ യുദ്ധ” സിദ്ധാന്തങ്ങള്‍ അമേരിക്കയിലെ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരാണ് പടച്ചുണ്ടാക്കിയത്. “ഇസ്‌ലാം ക്രോധത്തിന്റെ അടിവേരുകള്‍” മുതലായ ബര്‍ണാഡ് ലൂയിസിനെപ്പോലുള്ള പണ്ഡിതന്മാരുടെ കൃതികള്‍ ഇതിനായി രൂപപ്പെട്ടതാണ്. “ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ജിഹാദ് ഫ്രണ്ട്” കാണ്ഡഹാറില്‍ വെച്ച് ഉസാമ ബിന്‍ലാദന്‍ രൂപം കൊടുത്തത് ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ചും അവതരിപ്പിച്ചുമായിരുന്നെന്ന് അഹ്മദ് റാഷിദിനെപ്പോലെ താലിബാനെക്കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഹ്മദ് റാഷിദ് ഈസ്റ്റേണ്‍ ഇക്കോണമിക് റിവ്യൂവിന്റെ മധ്യേഷ്യാ ലേഖകനായിരുന്നു.
പാക്കിസ്ഥാനിലെ ചില മദ്‌റസകള്‍ കേന്ദ്രീകരിച്ച് മുജാഹിദീന്‍ മിലിറ്ററി രൂപപ്പെടുത്തിയത് ഇസ്‌ലാമിക പണ്ഡിതരായിരുന്നില്ല. മറിച്ച് സി ഐ എയുടെ പേ റോളില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ഏജന്റുമാരായിരുന്നു. അക്കാലത്തെ സി ഐ എ മേധാവിയായിരുന്ന വില്യം കേസിയും പാക്കിസ്ഥാനിലെ സൈനിക ജനറലായിരുന്ന അക്ബറലിയും ഐ എസ് ഐ തലവന്മാരും ചേര്‍ന്നാണ് അഫ്ഗാനിസ്ഥാനെ തകര്‍ക്കാനുള്ള ചാവേര്‍പടക്ക് ജന്മം നല്‍കിയത്. സഊദിയിലെ ചിലരെയും ഇതിനായി സി ഐ എ ഉപയോഗിച്ചു. ഇസ്‌ലാമിന്റെ ഹൃദയഭൂമിയായ മക്കയും മദീനയും നിലനില്‍ക്കുന്ന ഒരു രാജ്യത്തിന്റെ പിന്തുണ അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശ പദ്ധതിക്ക് ലോക ഇസ്‌ലാമിന്റെ പിന്തുണ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ തങ്ങളെ സഹായിക്കുമെന്ന് കരുതിയതായി വില്യം കേസി തന്നെ പിന്നീട് എഴുതിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് അമേരിക്കയുടെ “വിശുദ്ധ യുദ്ധ”ത്തില്‍ ജ്ഞാനസ്‌നാനം ചെയ്യിച്ചാണ് അഫ്ഗാനിലെ ഡോ. നജീബുല്ല സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യിച്ചത്. തങ്ങള്‍ സൃഷ്ടിച്ച താലിബാനും അല്‍ഖാഇദയും തങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുമോയെന്ന് വന്നതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് “ഭീകരതക്കെതിരായ യുദ്ധം” പ്രഖ്യാപിക്കപ്പെട്ടത്. താലിബാനെ ഉന്മൂലനം ചെയ്യുകയെന്ന വ്യാജേന അഫ്ഗാനിസ്ഥാനില്‍ നരഹത്യകള്‍ നടത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള ഹാമിദ് കര്‍സായിയെ പാവ ഭരണാധികാരിയായി അഫ്ഗാനിസ്ഥാനില്‍ കൊണ്ടുചെന്ന് അവരോധിച്ചത്. ഭീകരതയുടെ വേരുകള്‍ പിഴുതെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബുഷ് ഭരണകൂടവും ഇപ്പോള്‍ ഒബാമ ഭരണകൂടവും അതേ ഭീകരവാദികളെ കൂട്ട്പിടിച്ചാണ് സിറിയയിലെ ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്നത്.
ശിയാ അലവൈറ്റുകളെയും സുന്നികളെയും തമ്മിലടിപ്പിക്കുന്ന സംസ്‌കാര സംഘര്‍ഷ സിദ്ധാന്തങ്ങളുടെ പ്രയോഗമാണ് സിറിയയില്‍ ആദ്യം സി ഐ എ പരീക്ഷിച്ചത്. ആഭ്യന്തര കലാപം വളര്‍ത്തി അസദ് ഭരണകൂടത്തെ അസ്ഥിരീകരിക്കാനാണവര്‍ പദ്ധതിയിട്ടത്. പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനായി വിദ്വേഷ പ്രചാരണ യുദ്ധം തന്നെ നടത്തി. അസദ് ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്നത് സിറിയയിലെ സുന്നീ ജനസമൂഹങ്ങളല്ല. സി ഐ എ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന തീവ്രവാദികളാണ്. ഫ്രീ സിറിയന്‍ ആര്‍മി എന്ന വിമത സേന സിറിയന്‍ പൗരന്മാര്‍ അണിനിരന്നിട്ടുള്ളതല്ല എന്നതാണ് വസ്തുത. അലെപ്പോവിലും ദമസ്‌കസിലും കൂട്ടക്കൊലകളും ഏറ്റുമുട്ടലുകളും ആസൂത്രണം ചെയ്യുന്നത് തുര്‍ക്കിയിലെ നാറ്റോ സൈനിക കേന്ദ്രങ്ങളാണ്. സഊദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെ മുന്നില്‍ നിര്‍ത്തി സിറിയന്‍ വിമതര്‍ക്ക് സി ഐ എ ആയുധവും പണവും നല്‍കി സഹായിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ തീവ്രവാദത്തെ ഉപയോഗിച്ച് ഒരു രാഷ്ട്രീയ അട്ടിമറിക്കാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഫലം കാണാന്‍ കഴിയാതെപോയ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ ഇറാനെ കീഴടക്കിക്കൊണ്ടേ ലക്ഷ്യം കാണൂ എന്നാണ് അമേരിക്കന്‍ വിദഗ്ധന്മാര്‍ കരുതുന്നത്. മധ്യപൂര്‍വ ദേശത്തെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ സിറിയയെ ചവിട്ടുപടിയാക്കുന്ന ഒരു യുദ്ധതന്ത്രമാണ് പെന്റഗണ്‍ വിഭാവനം ചെയ്യുന്നത്.
സിറിയയില്‍ അസദ് ഭരണകൂടത്തെ മാറ്റി ഒരു പാവ ഭരണകൂടത്തെ സ്ഥാപിക്കാനാണ് സി ഐ എ “ജാദത് അല്‍ നുസ്‌റ” എന്ന സംഘടനയെയും അതിന്റെ നേതാവായ അബൂസക്കറിനെയും രംഗത്തിറക്കി കളി തുടങ്ങിയിരിക്കുന്നത്. ഈ സംഘടന അല്‍ഖാഇദയുടെ സിറിയന്‍ ഘടകമാണെന്ന വസ്തുത പാശ്ചാത്യ മാധ്യമങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്. വിമത സേന “സരിന്‍” തുടങ്ങിയ രാസായുധങ്ങളാണ് ഉപയോഗിക്കുന്നത്. വിയറ്റ്‌നാമിലും ഇറാഖിലും അഫ്ഗാനിലും സി ഐ എ നടത്തിയ കൊടും ക്രൂരതകളാണ് ഇപ്പോള്‍ സിറിയക്ക് നേരെ ആവര്‍ത്തിക്കുന്നത്. മാരകമായ രാസായുധങ്ങള്‍ വിമതസേന ഉപയോഗിക്കുന്നതായി യു എന്‍ പരിശോധക സംഘത്തലവന്‍ കാര്‍ലസെല്‍ പോണ്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളുടെ ഫലമായി 80,000 ല്‍ അധികം മനുഷ്യരാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. 40 ലക്ഷം സിറിയക്കാര്‍ ഭവനരഹിതരായി. തുര്‍ക്കിയില്‍ അഭയാര്‍ഥികളായി എത്തിയത് മൂന്ന് ലക്ഷം പേരാണ്. സിറിയ എന്ന രാജ്യത്തെ ഭൂമുഖത്ത് നിന്ന് തന്നെ ഉച്ചാടനം ചെയ്യാനുള്ള മനുഷ്യത്വരഹിതമായ യുദ്ധമാണ് നടക്കുന്നതെന്നാണ് “കൗണ്ടര്‍ പഞ്ച്”, “ഗ്ലോബല്‍ റിസര്‍ച്ച്” തുടങ്ങിയ അമേരിക്കന്‍ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Latest