Connect with us

Wayanad

ഔഷധസസ്യ, ശുദ്ധജല, മത്സ്യ കൃഷികളില്‍ മികവ് തെളിയിച്ച് ശശീന്ദ്രന്‍

Published

|

Last Updated

കല്‍പ്പറ്റ: ഔഷധസസ്യകൃഷിയിലും ശുദ്ധജല മത്സ്യകൃഷിയിലും തെക്കുംതറ കൃഷ്ണവിലാസം ശശീന്ദ്രന്‍ എഴുതുന്നത് വിജയഗാഥ. പരമ്പരാഗതമായി ലഭിച്ച അഞ്ച് ഏക്കര്‍ മണ്ണില്‍ ഈ അന്‍പത്തിയൊന്നുകാരന്‍ വിളയിക്കുന്നത് പൊന്ന്. 2011-12ലെ സംസ്ഥാനത്തെ എറ്റവും മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള പുരസ്‌കാരം ശശീന്ദ്രനു ലഭിച്ച അനേകം അംഗീകാരങ്ങളില്‍ ഒന്ന്. 
കര്‍ഷക കുടുംബാംഗമാണെങ്കിലും കൃഷിയിലായിരുന്നില്ല ചെറുപ്പത്തില്‍ ശശീന്ദ്രനു കമ്പം. ബിരുദാനന്തരബിരുദപഠനം പാതിവഴിയില്‍നിര്‍ത്തി പാരലല്‍ കോളജില്‍ അധ്യാപകനായ ശശീന്ദ്രനു നാട്ടുകാര്യങ്ങളിലായിരുന്നു താത്പര്യം. 2005ല്‍ ഇദ്ദേഹം വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മെമ്പറുമായി. പഞ്ചായത്തംഗമായിരിക്കേ കോട്ടക്കല്‍ ആര്യവൈദ്യശാല സംഘടിപ്പിച്ച ഒന്‍പത് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തത് ശശീന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ക്യാമ്പില്‍നിന്നു ലഭിച്ച അറിവുകള്‍ മണ്ണിലേക്ക് പറിച്ചുനാട്ടുന്നതില്‍ ലഹരി കണ്ടെത്തിയ ശശീന്ദ്രന്‍ ഇന്ന് വയനാട്ടിലും പുറത്തും അറിയപ്പെടുന്ന ഔഷധസസ്യ കര്‍ഷകന്‍.
ഒന്‍പത് വര്‍ഷം മുന്‍പ് ഒരു രസത്തിനു ആരംഭിച്ച മത്സ്യകൃഷിയും പില്‍ക്കാലത്ത് ശശീന്ദ്രനു വഴങ്ങി. ഭക്ഷ്യ, അലങ്കാര ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളുടെ വില്‍പനയിലൂടെ ഒരോ വര്‍ഷവും അദ്ദേഹം സമ്പാദിക്കുന്നത് പതിനായിരക്കണക്കിനു രൂപ. കാര്‍ഷിക നടീല്‍വസ്തുക്കള്‍, ഔഷധസസ്യങ്ങള്‍, ജ•നക്ഷത്രസസ്യങ്ങള്‍, പഴവര്‍ഗച്ചെടികള്‍ എന്നിവയുടെ വില്‍പനയിലൂടെയും നേടുന്നത് മോശമല്ലാത്ത വരുമാനം. ശശീന്ദ്രന്റെ ഉടമസസ്ഥതയിലുള്ള ശ്യാം ഓര്‍ണമെന്റല്‍-എഡിബിള്‍ ഫിഷ് ഫാമും ശ്യാം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് നഴ്‌സറിയും ജില്ലയില്‍ പ്രസിദ്ധം.
ഏകദേശം ഒന്നര ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ് ശശീന്ദ്രന്റെ ഔഷധത്തോട്ടം. 121 ഇനം മാതൃസസ്യങ്ങളാണ് ഇതില്‍. മരവുരി, വെണ്‍കടമ്പ്, ഇടിഞ്ഞില്‍, ഊദ്. രുദ്രാക്ഷം, ശതാവരി, പാല്‍മുതുക്ക്, തിപ്പിലി, കൃഷ്ണനാല്‍… ഇങ്ങനെ നീളുകയാണ് ശശീന്ദ്രന്റെ തോട്ടത്തിലെ അപൂര്‍വയിനം സസ്യജാലങ്ങളുടെ നിര. മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സങ്കേതിക സഹായം ഉപയോഗപ്പെടുത്തിയാണ് ഔഷധസസ്യകൃഷി. അത്തിയും ലിച്ചിയുമടക്കം 37 ഇനം ഫലവൃക്ഷങ്ങള്‍ ധന്യമാക്കുന്ന തോട്ടത്തിന്റെ അതിരുകളില്‍ വിവിധയിനം മുളകളും കൃഷിചെയ്തിട്ടുണ്ട്. കല്ലന്‍മുള, ആനമുള എന്നിവയുടെ വില്‍പനയിലൂടെയും ശശീന്ദ്രനു ലഭിക്കുന്നത് ഭേദപ്പെട്ട വരുമാനം. ഏകദേശം ഒന്നര ഏക്കര്‍ സ്ഥലമാണ് ശശീന്ദ്രന്‍ മത്സ്യകൃഷിക്കായി നീക്കിവെച്ചിരിക്കുന്നത്. മീന്‍ വളര്‍ത്തുന്നതിനു തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വലിയ കുളങ്ങളും 14 ചെറിയ കുളങ്ങളും നിര്‍മിച്ചിട്ടുണ്ട്. 62 മീറ്റര്‍ നീളവും 29 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ താഴ്ചയുമുള്ളതാണ് കുളങ്ങളില്‍ ഏറ്റവും വലുത്. ശരാശരി 15 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ താഴ്ചയുമാണ് ചെറിയ കുളങ്ങള്‍ക്ക്. രോഹു, കട്‌ല, പുല്‍മീന്‍, കരിമീന്‍, വെള്ള ആകോലി, ചേറുമീന്‍ തുടങ്ങി ഭക്ഷ്യഇനം മത്സ്യങ്ങളെയാണ് വലിയ കുളങ്ങളില്‍ വളര്‍ത്തുന്നത്. ബട്ടര്‍ഫ്‌ളൈ കാര്‍പ്, മിറര്‍ കാര്‍പ്, സില്‍വര്‍ കാര്‍പ്, മിക്കിമൗസ് പ്ലാറ്റി, ബ്ലാക്ക് പ്ലാറ്റി, ജയിന്റ് ഗൗര, ജര്‍മന്‍ റെഡ് ഗെപ്, സ്വാര്‍ഡ് ടെയ്ല്‍ തുടങ്ങിയ ഇനം അലങ്കാരമത്സ്യങ്ങളാണ് ചെറുകുളങ്ങളില്‍ വളരുന്നത്. ചെറിയ ഒരു കുളം മാത്രണ് നേരത്തേ ഉണ്ടായിരുന്നത്. ഇതില്‍ മീന്‍കൃഷി വിജയകരമായി നടത്താന്‍ കഴിഞ്ഞതോടെയാണ് കൂടുതല്‍ കുളങ്ങള്‍ നിര്‍മിച്ച് കൃഷി വ്യാപിപ്പിച്ചത്. വീടിനോടുചേര്‍ന്ന് ഹാച്ചറി, ബ്രീഡിംഗ് യുണിറ്റ് എന്നിവയും അടുത്തകാലത്തായി ആരംഭിച്ചിട്ടുണ്ട്. മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പന മുന്നില്‍ക്കണ്ടാണ് ഇവ തുടങ്ങിയതെന്ന് ശശീന്ദ്രന്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അലങ്കാര മത്സ്യകൃഷി ആരംഭിച്ചത്.
തെക്കുംതറയിലെ എ സി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍-തങ്ക ദമ്പതികളുടെ മക്കളില്‍ രണ്ടാമനാണ് ശശീന്ദ്രന്‍. ഭാര്യ ഉഷയും ശ്യാമില്‍, ശീഷ്മ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. വീട്ടുകാരുടെ സഹായത്തോടെയാണ് മീന്‍കൃഷിയും ഔഷധസസ്യകൃഷിയും. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമാണ് ആളുകളെ ജോലിക്കുവെക്കുന്നത്.

Latest