Connect with us

Kerala

ആന്റണി സോണിയയെ കണ്ടു: പുനഃസംഘടന ഉടനെയില്ല

Published

|

Last Updated

*ഗണേഷ്‌കുമാറിന്റെ ഒഴിവും
ഉടന്‍ നികത്തില്ല
*നിയമസഭാ സമ്മേളനം കഴിയുന്നത് വരെ
ചര്‍ച്ചകളില്ല
തിരുവനന്തപുരം

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് കേരളത്തില്‍ സമവായ ഫോര്‍മുല രൂപപ്പെടാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ വേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങുന്ന പശ്ചാത്തലത്തില്‍ സമ്മേളനം കഴിയും വരെ ഇനി ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നുമുണ്ടാകില്ല. പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
ബജറ്റ് പാസാക്കുന്നത് ഉള്‍പ്പെടെ നിര്‍ണായക വോട്ടെടുപ്പുകള്‍ നടക്കുന്ന സഭാസമ്മേളനകാലയളവില്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത് ഗുണം ചെയ്യില്ലെന്ന സന്ദേശം ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും നിരുത്സാഹപ്പെടുത്തണമെന്നും ഹൈക്കമാന്‍ഡ് ഇരു വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
വിദേശ പര്യടനം കഴിഞ്ഞ് വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി ഇന്നലെ രാവിലെ തന്നെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ആന്റണി സോണിയാ ഗാന്ധിയെ ധരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സോണിയാ ഗാന്ധി ആന്റണിയോട് ആവശ്യപ്പെട്ടു. അതേസമയം, കേരളത്തിലെ പ്രശ്‌നങ്ങള്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. തിടുക്കത്തില്‍ ഒരു തീരുമാനമെടുക്കുന്നത് ഒരു വിഭാഗത്തിന് ഗുണകരമാകുമെന്നും അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായ ശേഷം വിശദമായ ചര്‍ച്ചകള്‍ നടത്താമെന്നാണ് ധാരണ. ഇപ്പോഴത്തെ ഭിന്നത ഇല്ലാതാകുന്ന മുറക്ക് ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടാക്കാമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടല്‍.
രാവിലെ ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും ഫോണില്‍ ആശയവിനിമയം നടത്തിയശേഷമാണ് ആന്റണി സോണിയയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. എ, ഐ വിഭാഗങ്ങളുടെ നിലപാടുകളോടൊപ്പം ഇക്കാര്യത്തിലുള്ള തന്റെ വ്യക്തിപരമായ അഭിപ്രായവും ആന്റണി സോണിയാ ഗാന്ധിയെ അറിയിച്ചു.
ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നതു നല്ലതാണെന്ന അഭിപ്രായമാണ് ആന്റണിക്കുള്ളത്. അതേസമയം, വകുപ്പു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണു വിവരം. കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും കേന്ദ്രമന്ത്രി കെ വി തോമസും ചെന്നിത്തല മന്ത്രിസഭയിലേക്കു വരണമെന്ന അവരുടെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരിക്കും ഹൈക്കമാന്‍ഡും സ്വീകരിക്കുക. അതേസമയം, ആഭ്യന്തരം തരാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ഇനി മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് ചെന്നിത്തല. ആഭ്യന്തരം നല്‍കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നില്‍ അവിശ്വാസമുള്ളത് കൊണ്ടാണെന്നും ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ചേരുന്നത് നന്നാകില്ലെന്നും രമേശ് ആന്റണിയെ അറിയിച്ചതായാണ് സൂചന.
പുനഃസംഘടനയില്‍ ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന സൂചനകള്‍ക്കിടെയാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദം നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്. ഉപമുഖ്യമന്ത്രിപദം ഉണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതിന് പിന്നാലെ, അഭ്യന്തരം വേണമെന്ന ആവശ്യത്തില്‍ ചെന്നിത്തലയും വിശാല ഐ ഗ്രൂപ്പും ഉറച്ചുനിന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലൊന്നും തീരുമാനമാകാതെ വന്ന സാഹചര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് തന്നെ വിടുകയായിരുന്നു.

---- facebook comment plugin here -----

Latest