Connect with us

International

ഉത്തര കൊറിയ ഹോട്ട്‌ലൈന്‍ സംവിധാനം പുനഃസ്ഥാപിച്ചു

Published

|

Last Updated

സിയോള്‍: കൊറിയന്‍ മേഖലയില്‍ സമാധാന പ്രതീക്ഷകളുണര്‍ത്തി ഉത്തര കൊറിയയുടെ നിര്‍ണായക തീരുമാനം. ദക്ഷിണ കൊറിയയുമായി വിച്ഛേദിച്ച റെഡ് ക്രോസ് ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഉത്തര കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. മാസങ്ങളോളമായി പൂട്ടിക്കിടക്കുന്ന കേസോംഗിലെ സംയുക്ത വ്യവസായ മേഖല തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ കൊറിയന്‍ അധികൃതരെ ഉത്തര കൊറിയ ക്ഷണിക്കുകയും ചെയ്തു. ചര്‍ച്ച ഈ ആഴ്ച തന്നെ നടത്താന്‍ ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.
ഉത്തര കൊറിയയുടെ മൂന്നാം ആണവോര്‍ജ പരീക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. അതിര്‍ത്തി മേഖല കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് മഞ്ഞുരുക്കത്തിന് തയ്യാറായി സമാധാന ചര്‍ച്ചക്ക് ഇരുരാജ്യങ്ങളും സന്നദ്ധമായത്. ഉത്തര കൊറിയക്കെതിരായ യു എന്‍ ഉപരോധത്തെ ദക്ഷിണ കൊറിയ പിന്തുണച്ചതും പിന്നീട് അമേരിക്കയുമായി സംയുക്ത സൈനിക അഭ്യാസം നടത്തിയതുമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്‌ലൈന്‍ സംവിധാനം ഉത്തര കൊറിയ പൂര്‍ണമായും വിച്ഛേദിക്കുകയും വ്യാപാര, വാണിജ്യ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് യുദ്ധ ഭീഷണി മുഴക്കി ഉത്തര കൊറിയ ഹോട്ട്‌ലൈന്‍ സംവിധാനം പൂര്‍ണമായും വിച്ഛേദിച്ചത്.
ഹോട്ട്‌ലൈന്‍ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ഉത്തര കൊറിയന്‍ നീക്കത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു. വ്യാഴാഴ്ച ഉത്തര കൊറിയയുടെ സമാധാന ചര്‍ച്ചക്കുള്ള ക്ഷണം ദക്ഷിണ കൊറിയ സ്വീകരിച്ചിരുന്നു. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ നാളെ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ടെന്ന് ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതിര്‍ത്തി മേഖലയായ പാന്‍മുന്‍ജോമില്‍വെച്ച് ചര്‍ച്ച നടത്തണമെന്ന് ദക്ഷിണ കൊറിയ നിര്‍ദേശം വെച്ചിട്ടുണ്ട്. കൂടാതെ അതിര്‍ത്തികളിലെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ച് മന്ത്രതല ചര്‍ച്ച നടത്തണമെന്നും ദക്ഷിണ കൊറിയന്‍ ഏകീകരണ മന്ത്രാലയം അറിയിച്ചു. ദക്ഷിണ കൊറിയയുടെയും ഉത്തര കൊറിയയുടെയും സഹകരണത്തിലൂടെ നടന്നുവരുന്ന കേസോംഗിലെ ഫാക്ടറികള്‍ അടച്ചുപൂട്ടിയത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള 120 ഫാക്ടറികളിലായി 53,000ത്തില്‍ അധികം ഉത്തര കൊറിയന്‍ പൗരന്‍മാര്‍ ജോലി ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കെയാണ് തൊഴിലാളികളെ പിന്‍വലിച്ച് ഫാക്ടറികള്‍ അടച്ചിടാന്‍ ഉത്തര കൊറിയ തീരുമാനിച്ചത്.