Connect with us

National

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ അദ്വാനി പങ്കെടുക്കില്ല

Published

|

Last Updated

BJP*ദേശീയ നിര്‍വാഹക സമിതി ഇന്ന് തുടങ്ങും
പനാജി: ഗോവയില്‍ ഇന്നലെ തുടങ്ങിയ ബി ജെ പി നേതൃയോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി വിട്ടുനില്‍ക്കുന്നു. അനാരോഗ്യം മൂലമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അഡ്വാനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, നരേന്ദ്ര മോഡിക്ക് പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല നല്‍കുന്നതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അഡ്വാനിയുടെ പിന്മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. യോഗത്തില്‍ നിന്ന് ഉമാ ഭാരതി, വരുണ്‍ ഗാന്ധി എന്നിവരും വിട്ടുനില്‍ക്കുകയാണ്.
അസുഖം കാരണം അഡ്വാനി ആശുപത്രിയില്‍ പോയിരിക്കുകയാണെന്നും അദ്ദേഹം ഗോവയിലേക്ക് പോയേക്കില്ലെന്നും ന്യൂഡല്‍ഹിയില്‍ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അനാരോഗ്യമാണെന്ന് ചൂണ്ടിക്കാട്ടി ഉമാ ഭാരതി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് കത്തയച്ചിട്ടുണ്ട്. വിദേശ സന്ദര്‍ശനം നടത്തുന്നതിനാലാണ് വരുണ്‍ ഗാന്ധി പങ്കെടുക്കാതിരിക്കുന്നതെന്നാണ് വിവരം. ശ്രീലങ്കയിലുള്ള രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ രവിശങ്കര്‍ പ്രസാദും യോഗത്തില്‍ പങ്കെടുക്കില്ല. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായാണ് നേതൃയോഗം ചേര്‍ന്നത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്കാണ് യോഗം തുടങ്ങിയത്. ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയുടെ സ്ഥാനം എന്തായിരിക്കണമെന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പ്രചാരണ കമ്മിറ്റിയുടെ തലവനായി മോഡിയെ പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം യോഗത്തിനു ശേഷം ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് നല്‍കുമെന്ന് പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തിനിടെ മോഡിയുടെ പേര് പ്രഖ്യാപിക്കാനിടയില്ലെന്നാണ് മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞത്.
ദേശീയ നിര്‍വാഹക സമിതി ബൃഹത്തായ സമിതിയാണ്. നേതൃസ്ഥാനം പോലുള്ള വിഷയങ്ങളില്‍ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മാത്രമേ തീരുമാനമുണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ. നേതൃ യോഗത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോഡിക്ക് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി, മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. രാജ്യത്തിന്റെ ആഭ്യന്തര, ബാഹ്യ സുരക്ഷ സംബന്ധിച്ചും വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ പരാജയമാണ് എന്ന് ചൂണ്ടിക്കാട്ടിയും രണ്ട് പ്രമേയങ്ങള്‍ നിര്‍വാഹക സമിതി യോഗം പാസാക്കുമെന്നാണ് സൂചന.

Latest