Connect with us

Eranakulam

ബോള്‍ഗാട്ടി പദ്ധതി ഉപേക്ഷിക്കില്ല: എം എ യൂസുഫലി

Published

|

Last Updated

തിരുവനന്തപുരം: ബോള്‍ഗാട്ടി പദ്ധതി സാമ്പത്തിക നേട്ടത്തിനല്ലെന്ന് എം എ യൂസഫലി. ബോള്‍ഗാട്ടി തന്റെ സ്വപ്‌ന പദ്ധതിയാണെന്നും അതില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കേരള വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ല ബോള്‍ഗാട്ടി പദ്ധതി തുടങ്ങുന്നത്. താന്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമല്ല. തന്നെ കൊണ്ട് സാധിക്കുന്നതെല്ലാം സംസ്ഥാനത്തിന് വേണ്ടി ചെയ്യുന്നുണ്ട്.

പദ്ധതിക്കായി 30 വര്‍ഷത്തെ ലീസില്‍ 27 ഏക്കര്‍ സ്ഥലം എടുക്കാനാണ് ധാരണയായിരുന്നത്. മൂന്ന് കോടിയോളം രൂപ കൊച്ചില്‍ പോര്‍ട്ട് ട്രസ്റ്റിന് വാടകയായി പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ട്രസ്റ്റുമായി ഉണ്ടാക്കിയ കരാര്‍ സുതാര്യമാണ്. സംശയങ്ങള്‍ ദുരീകരിച്ചുകൊടുക്കാന്‍ താനും പോര്‍ട്ട് ട്രസ്റ്റും ബാധ്യസ്ഥരാണെന്നും യൂസുഫലി പറഞ്ഞു.

ബോള്‍ഗാട്ടിയില്‍ കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലും സര്‍വീസ് അപ്പാര്‍ട്ടുമെന്റും സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ബില്‍ഡിംഗ് കോഡില്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് എന്ന ഒന്ന് വരുന്നില്ല. ഇതാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.

ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് സംഘടിപ്പിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് ബോള്‍ഗാട്ടി പദ്ധതി. അഞ്ച് രാഷ്ട്രത്തലവന്മാര്‍ക്ക് താമസിക്കാനുള്ള സൗകര്യം അതില്‍ ഉണ്ടാകും – യൂസഫലി പറഞ്ഞു.

നേരത്തെ ലുലുമാളിനെതിരെ സി പി എം രംഗത്ത് വന്നതിനെ തുടര്‍ന്ന് ബോള്‍ഗാട്ടി പദ്ധതി ഉപേക്ഷിക്കുന്നതായി യൂസുഫലി പ്രഖ്യാപിച്ചിരുന്നു.

Latest