Connect with us

National

മോഡിയെ കണ്‍വീനറാക്കാം; ചെയര്‍മാനാക്കാനാകില്ലെന്ന് അഡ്വാനി

Published

|

Last Updated

പനാജി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ആര് നയിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ തുടരുന്നു. ഗോവയിലെ പനാജിയില്‍ നടക്കുന്ന ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാനായില്ല. നരേന്ദ്ര മോഡിയെ ചെയര്‍മാനാക്കുന്നതിനെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പുറമെ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിട്ടുനില്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാനായി പ്രഖ്യാപിച്ചാല്‍ അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീതിയാണ് ദേശീയ നേതൃത്വത്തെ അലട്ടുന്നത്.

അതിനിടെ നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ കണ്‍വീനറാക്കാമെന്നും ചെയര്‍മാനാക്കാന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി അറിയിച്ചതായി സൂചനയുണ്ട്. രാജ്‌നാഥ സിംഗ് നേതൃത്വം നല്‍കുന്ന ഒരു തിരഞ്ഞെടുപ്പ് സമിതിയോട് മാത്രമേ താന്‍ സഹകരിക്കൂവെന്നാണ് അഡ്വാനി വ്യക്തമാക്കിയിരിക്കുന്നത്. നരേന്ദ്ര മോഡിയെ ചെയര്‍മാനാക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് മേഡിക്കെതിരെ രംഗത്ത് വരാന്‍ അഡ്വാനിയെ പ്രേരിപ്പിക്കുന്നത്. അതേസമയം ഗുജറാത്തിലെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ മോഡി ചെയര്‍മാന്‍ സ്ഥാനത്ത് വരണമെന്നാണ് ആര്‍ എസ് എസിന്റെ ആവശ്യം.

ബി ജെ പി നിര്‍വാഹക സമിതിയുടെ സമാപന ദിവസമായ നാളെയും അഡ്വാനി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് അറിയുന്നത്. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അഡ്വാനി പങ്കെടുക്കാതെ ഇതാദ്യമായാണ് ബി ജെ പി നിര്‍വാഹക സമിതി ചേരുന്നത്.

Latest