Connect with us

Lokavishesham

എന്തിന് സ്വന്തം സൈനികനെ അമേരിക്ക ശിക്ഷിക്കണം?

Published

|

Last Updated

മൂന്നാം റയ്ഹ് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ/ ഒരു വിദേശിയായ യാത്രക്കാരനോട്/
വാസ്തവത്തില്‍ ആരാണ് അവിടെ ഭരിക്കുന്നത്/ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പ്രതിവചിച്ചു:/ ഭയം

അവര്‍ വീടുകളിലേക്ക് ഇരച്ചു കയറുന്നതും/ കക്കൂസുകള്‍ പോലും അരിച്ചുപെറുക്കുന്നതും/ ഉത്കണ്ഠ കൊണ്ടാണ്./
ഗ്രന്ഥശാലകളെ അഗ്നിക്കിരയാക്കാന്‍ അവരെ / നിര്‍ബന്ധിക്കുന്നതും ഉത്കണ്ഠ തന്നെ./ അങ്ങനെ നോക്കുമ്പോള്‍/
ഭരണീയരെ മാത്രമല്ല ഭരണകര്‍ത്താക്കളെയും / ഭരിക്കുന്നത് ഭയം തന്നെയാണ്.

എന്നാല്‍ സ്വതന്ത്രമായ വാക്കിനെ അവര്‍
ഇത്രയൊക്കെ പേടിക്കുന്നത് എന്തിനാണ്?
(ബെര്‍തോള്‍ട്ട് ബ്രെഹത്-
ഭരണകൂടത്തിന്റെ ഉത്കണ്ഠകള്‍)

bradley-manningപൗരത്വം ഭാരിച്ച ഉത്തരവാദിത്വമാണ്. ഒന്നാമത് അത് ദേശസ്‌നേഹമെന്ന ഉപാധി മുന്നോട്ട് വെക്കുന്നുണ്ട്. രാഷ്ട്രമെന്ന സംവിധാനത്തിന്റെ നിലനില്‍പ്പിനായി സ്വന്തം ബോധ്യങ്ങളെ അവഗണിക്കാന്‍ പൗരന്‍ പലപ്പോഴും ബാധ്യതപ്പെട്ടവനാകുന്നു. കാര്യങ്ങളെ രണ്ട് കണ്ണില്‍ കാണേണ്ടി വരുന്നു. ഒന്ന് സ്വന്തം രാഷ്ട്രത്തിന്റെ കണ്ണില്‍. രണ്ട് സ്വന്തം കണ്ണില്‍. അപ്പോള്‍ മഹാപാതകങ്ങളെ രാഷ്ട്രത്തിന്റെ കണ്ണിലൂടെ നോക്കി വലിയ ശരിയാണെന്ന് വിധിക്കേണ്ടി വരും. ഉച്ചത്തില്‍ ന്യായീകരിക്കേണ്ടി വരും. തീര്‍ത്തും ശരിയായ ഒന്നിനെ അടച്ച് ആക്ഷേപിക്കേണ്ടി വരും. സത്യം, ആത്മാഭിമാനം, നിയമവാഴ്ച, ജനാധിപത്യം, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ ഉത്കൃഷ്ടതകള്‍ തികച്ചും ആപേക്ഷികമാകും. രാഷ്ട്രീയ അതിര്‍ത്തിക്കകത്തും പുറത്തും ഇവക്ക് രണ്ട് തലങ്ങള്‍ തന്നെയാകും ഉണ്ടാകുക. കൊലപാതകം, ചാരപ്പണി, കുത്തിത്തിരിപ്പുണ്ടാക്കല്‍, കലാപം വിതക്കല്‍, പക്ഷം ചേരല്‍, ആരാന്റെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കല്‍, അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍, കരാറുകള്‍ ലംഘിക്കല്‍ തുടങ്ങിയ ന്യായക്കേടുകള്‍ സ്വന്തം രാഷ്ട്രം ചെയ്യുമ്പോള്‍ അവയെല്ലാം സുരക്ഷിതത്വത്തിനായുള്ള ക്രമീകരണമാണെന്ന് പൗരന്‍ ന്യായീകരിച്ചു കൊള്ളണം. ഇവയൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം മഹത്തായ രാഷ്ട്രമെന്ന നിലയില്‍ തങ്ങള്‍ക്ക് ഉണ്ട് എന്നാണ് പൗരന്‍ വിശ്വസിക്കേണ്ടത്. എല്ലാ രാഷ്ട്രങ്ങളും അവരവര്‍ക്ക് മഹത്തായ രാഷ്ട്രങ്ങളാണല്ലോ.

രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നതാണ് പൗരത്വത്തിന്റെ ഏറ്റവും വലിയ സമ്മര്‍ദം. രാഷ്ട്രത്തിന്റെ മാരകമായ രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൗരന്‍മാരാണ് ഈ സമ്മര്‍ദം നേരിട്ട് അനുഭവിക്കുന്നത്. അവര്‍ മൂന്ന് തലങ്ങളില്‍ ജീവിക്കുന്നു. ഒന്ന് പൗരന്‍. രണ്ട്, ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍. മൂന്ന് സ്വതന്ത്രനായ മനുഷ്യന്‍. ആദ്യത്തെ രണ്ട് തലങ്ങള്‍ മാത്രമാണ് രാഷ്ട്രം ആവശ്യപ്പെടുന്നത്. മനുഷ്യന്‍ എന്ന നിലക്കുള്ള നിങ്ങളുടെ “എന്‍ലൈറ്റന്‍മെന്റ്” തികച്ചും അനാവശ്യമായ ഒന്നാണ്. നിങ്ങളുടെ യുക്തി രാഷ്ട്രത്തിന് ആവശ്യമില്ല. നിങ്ങളുടെ ന്യായാന്യായ ബോധങ്ങളും ആവശ്യമില്ല. നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിര്‍ത്തികള്‍ വരച്ചിട്ടുണ്ട്. അവ എന്തിനാണ്, എന്തുകൊണ്ടാണ് എന്ന് ചോദിക്കരുത്. സാധാരണഗതിയില്‍ പൗരന്‍മാര്‍ അങ്ങനെ ചോദിക്കാറില്ല. അവന്‍ വരച്ച വരയിലൂടെ മര്യാദയുള്ള പൗരന്‍മാരായി നടന്ന് ജോലിക്കയറ്റങ്ങളുടെ പട്ടും വളയും വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, അപൂര്‍വം ദശാസന്ധികളില്‍ ചിലര്‍ മാത്രം സ്വതന്ത്രനായ മനുഷ്യനാകും. ഭരണകൂടത്തിന്റെ വിമര്‍ശകനാകും. അപ്പോള്‍ രഹസ്യങ്ങള്‍ ലോകം അറിയണമെന്ന് അയാള്‍ ആഗ്രഹിക്കും. തന്റെ രാഷ്ട്രം തിരുത്തപ്പെടേണ്ട വലിയ തെറ്റാണെന്ന് അദ്ദേഹം വിളിച്ചു പറയും. പണ്ട് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയും ഇന്ന് വിക്കിലീക്‌സിന് അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രാഡ്‌ലി മാന്നിംഗ് എന്ന സൈനികനും അതാണ് ചെയ്തത്. 2010ല്‍ ഇറാഖില്‍ അറസ്റ്റിലായ മാന്നിംഗിന്റെ വിചാരണ മൂന്ന് വര്‍ഷത്തിന് ശേഷം മേരിലാന്‍ഡിലെ ഫോര്‍ട്ട് മെഡേ സൈനിക ക്യാമ്പില്‍ തുടങ്ങിയിരിക്കുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന 22 കുറ്റങ്ങളാണ് മാന്നിംഗിന് മേല്‍ ചുമത്തിയിട്ടുള്ളത്. മാന്നിംഗിന്റെ വിചാരണ അമേരിക്കയെപ്പോലുള്ള ഒരു രാഷ്ട്രം അതിന്റെ പൗരന്റെ അടിസ്ഥാന ചോദനകളെ എങ്ങനെ സമീപിക്കുന്നുവെന്ന ചോദ്യമുയര്‍ത്തുന്നു. രാജ്യസ്‌നേഹം, രാജ്യദ്രോഹം, ചാരവൃത്തി, വിവരകൈമാറ്റം തുടങ്ങിയ ദ്വന്ദങ്ങള്‍ സംബന്ധിച്ച ഗൗരവതരമായ സംവാദത്തിനും അത് തിരി കൊളുത്തിയിരിക്കുന്നു.

ഇറാഖില്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യവേ വിക്കിലീക്‌സിന് ക്ലാസിഫൈഡ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് 25കാരനായ ബ്രാഡ്‌ലി മാന്നിംഗ് ഇതിനകം സമ്മതിച്ചിട്ടുണ്ട്. കുറ്റസമ്മതം നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് ശരിയല്ല. മാന്നിംഗ് കുറ്റം സമ്മതിച്ചിട്ടില്ല. അദ്ദേഹം പറയുന്നത് താന്‍ ശരി ചെയ്തുവെന്നാണ്. അമേരിക്കയുടെ സൈനികവും നയതന്ത്രപരവുമായ 70,000 രേഖകളാണ് അദ്ദേഹം സി ഡിയിലാക്കി വിക്കിലീക്‌സിന് കൈമാറിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. ഇറാഖ്, അഫ്ഗാന്‍ തുടങ്ങിയ ആക്രമണ മുഖങ്ങളില്‍ അമേരിക്ക കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതകളെക്കുറിച്ച് മനുഷ്യസ്‌നേഹികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സത്യങ്ങള്‍ രേഖകള്‍ സഹിതം തെൡയിക്കപ്പെടുകയായിരുന്നു. ഇറാഖില്‍ പത്രപ്രവര്‍ത്തകനെ ബോംബിട്ട് കൊന്ന് ആര്‍ത്തു ചിരിക്കുന്ന വീഡിയോയും ചോര്‍ത്തി നല്‍കിയവയില്‍ പെടും. സാധാരണ മനുഷ്യരെ ഒരു പ്രകോപനവുമില്ലാതെ പച്ചക്ക് കൊല്ലുന്ന ദൃശ്യവും പുറത്തു വന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് നുഴഞ്ഞു കയറുന്ന അമേരിക്കന്‍ നയതന്ത്രത്തിന്റെ നഗ്നത വെളിപ്പെട്ടു. ഒരോ മുക്കും മൂലയും സി ഐ എയുടെ ചാരക്കണ്ണുകള്‍ വലയം ചെയ്തിരിക്കുന്നുവെന്ന വസ്തുത ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ആധുനിക ചരിത്രത്തിലുടനീളം അമേരിക്ക നടത്തിയ പരോക്ഷ ആക്രമണങ്ങളുടെ നേര്‍ചിത്രം അനാവരണം ചെയ്യപ്പെട്ടു. വിക്കിലീക്‌സില്‍ നിന്ന് ഗാര്‍ഡിയനിലേക്കും ന്യൂയോര്‍ക്ക് ടൈംസിലേക്കും പരന്നൊഴുകിയ രഹസ്യങ്ങള്‍ ലോകത്തുടനീളമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു. ടുണീഷ്യയിലെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വിക്കിലീക്‌സ് രേഖകള്‍ പ്രചോദനമായി. അഫ്ഗാനിലും ഇറാഖിലും അടിസ്ഥാനപരമായ വീണ്ടുവിചാരങ്ങള്‍ക്ക് അമേരിക്ക തയ്യാറായി. അമേരിക്കയുടെ വിശ്വാസ്യതക്കും ബന്ധങ്ങള്‍ക്കും മുറിവേല്‍പ്പിച്ചുവെന്നാണ് അന്നത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് പതികരിച്ചത്. ലോകത്താകെയുള്ള രാഷ്ട്രങ്ങളില്‍ പല അടരുകളുള്ള താത്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുകയും ആ താത്പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി നിഗൂഢമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന അമേരിക്കയുടെ രഹസ്യങ്ങള്‍ ഈ രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതായിരിക്കും. പലരോടും അമേരിക്ക പുലര്‍ത്തിയ സൗഹൃദം കാപട്യമാണെന്ന് വെളിപ്പെട്ടുവെന്ന് ഗേറ്റ്‌സിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം വിശ്വാസ്യത എന്ന വാക്ക് വലിയ മുഴക്കത്തോടെ ഉച്ചരിക്കുന്നത്.

ചാരക്കുറ്റ നിയമമനുസരിച്ചുള്ള വകുപ്പുകളാണ് ബ്രാഡ്‌ലി മാന്നിംഗിനെതിരെ ചുമത്തിയിട്ടുള്ളത്. “ശത്രുവിനെ സഹായി”ച്ചുവെന്ന ഗുരുതരമായ കുറ്റവും ഉണ്ട്. ഇവ തെളിയിക്കപ്പെട്ടാല്‍ അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടും. സൈനിക ദൗത്യങ്ങളിലും വിദേശ നയത്തിലും എന്ത് നടക്കുന്നുവെന്നത് സംബന്ധിച്ച ആഭ്യന്തര ചര്‍ച്ച ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് തനിക്കുണ്ടായിരുന്നതെന്ന് മാന്നിംഗ് വിചാരണക്ക് മുമ്പ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. അമേരിക്കക്കാരുടെ പേരില്‍ ഭരണകൂടം ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതല്ല. മറിച്ച് പൊതു ഇടങ്ങളില്‍ ചര്‍ച്ചക്ക് വെക്കേണ്ടതാണെന്ന ഉത്തമ ബോധ്യമാണ് മാന്നിംഗിനെ അത്യന്തം ഗുരുതരമായ “അച്ചടക്കരാഹിത്യ”ത്തിന് പ്രേരിപ്പിച്ചത്.

മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ അല്‍ഖാഇദ പോലുള്ള ശത്രുക്കളുടെ കൈകളില്‍ എത്തിയെന്നും അതുകൊണ്ട് മാന്നിംഗിന്റെ പ്രവൃത്തി ശത്രുക്കളെ സഹായിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ഈ വാദം അംഗീകരിക്കപ്പെടുകയും മാന്നിംഗ് ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തനമാണ് ബന്ദിയാകാന്‍ പോകുന്നത്. ഒരു സൈനികന്റെ വ്യക്തിപരമായ ബോധ്യങ്ങളും അതിനെ ഭയക്കുന്ന ഭരണകൂടവും മാന്നിംഗ് ജയിലിലാകുന്നതോടെ വിസ്മൃതിയിലേക്ക് പോകും. പക്ഷേ, ഈ കേസ് നൂറ്റാണ്ടുകളിലേക്ക് നീളുന്ന കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കും. ഭരണകൂടത്തെ വിമര്‍ശിക്കാനും തുറന്നു കാണിക്കാനും ഒരു മാധ്യമ പ്രവര്‍ത്തകന്റെ അവകാശമാകും ചുരുങ്ങുക. യുദ്ധവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഏതൊരാളെയും ശ്രതുവായി പ്രഖ്യാപിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം ഈ വിധിന്യായം ഭരണകൂടത്തിന് നല്‍കും. ഇപ്പോള്‍ തന്നെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒരു ഉളുപ്പുമില്ലാതെ കടന്നു കയറുന്ന സംവിധാനങ്ങളാണ് അമേരിക്കന്‍ ഭരണകൂടം കൈക്കൊള്ളുന്നത്. ഈ നിരീക്ഷണ രാഷ്ട്രത്തിന് എല്ലാവരെയും ഭയമാണ്. ആരെയും അതിന് വിശ്വാസമില്ല. ഈ അവിശ്വാസത്തിന്റെ നിയമപരമായ പ്രയോഗമാകും മാന്നിംഗ് കേസില്‍ സംഭവിക്കാന്‍ പോകുന്നത്. പ്രമുഖ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ബോബ് വുഡ്‌വാര്‍ഡിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ ഉസാമ ബിന്‍ ലാദന്‍ തന്റെ അനുയായികളോട് നിര്‍ദേശിച്ചുവെന്ന് വാര്‍ത്ത വന്നിരുന്നു. ഒബാമയുടെ യുദ്ധതന്ത്രങ്ങളെക്കുറിച്ച് നിരവധി രഹസ്യവിവരങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. എന്നുവെച്ച് ബോബിനെ അറസ്റ്റ് ചെയ്യാനാകുമോ? അദ്ദേഹത്തിന് വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുമോ? അങ്ങനെ ശിക്ഷിക്കപ്പെടുന്ന സ്ഥിതി വന്നാല്‍ ഭരണകൂടത്തിന്റെ സ്തുതിപാഠകര്‍ മാത്രമായി മാധ്യമങ്ങള്‍ അധഃപതിക്കില്ലേ? മാന്നിംഗിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന വിധി സത്യത്തിന്റെ വഴികള്‍ അടക്കുമെന്ന് പറയുന്നത് ഈ അര്‍ഥത്തിലാണ്.

മാന്നിംഗിനെ കുറ്റവിമുക്തമാക്കണമെന്നാവശ്യപ്പെട്ട് ലോകത്താകമാനം പ്രക്ഷോഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിചാരണ നടക്കുന്ന സൈനിക കോടതിക്ക് പുറത്ത് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുന്നു. നിരപരാധികളെ കൊന്ന് തള്ളി രസിച്ച സൈനികരെ കുറ്റവിമുക്തരാക്കിയ ഭരണകൂടത്തിന് സത്യം വിളിച്ചുപറഞ്ഞ മാന്നിംഗിനെ വിചാരണ ചെയ്യാന്‍ എന്ത് അവകാശമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. അമേരിക്കന്‍ പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ ഭരണകൂടം വ്യാപകമായി ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വന്നത് ഇതിനിടക്കാണ്. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവയിലെ വിവരങ്ങളും ഭരണകൂടം ചോര്‍ത്തുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ ഭരണകൂടം നിഷേധിച്ചിട്ടില്ല. രഹസ്യങ്ങള്‍ ചോര്‍ത്തിയതിനാണ് മാന്നിംഗ് വിചാരണ നേരിടുന്നത്. അങ്ങനെയെങ്കില്‍ പൗരന്‍മാരുടെ തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്ന ഭരണകൂടവും ഇതേ മാനദണ്ഡം വെച്ച് വിചാരണ ചെയ്യപ്പെടേണ്ടതാണ്.

രാഷ്ട്രം നല്‍കുന്ന പരിമിതമായ സുരക്ഷിതത്വത്തിന് പകരമായി പൗരന്‍ എന്തൊക്കെ അടിയറ വെക്കണം? അവന്റെ ബോധ്യങ്ങള്‍. വിശ്വാസങ്ങള്‍. വകതിരിവുകള്‍. ആത്യന്തികമായി അവന്റെ മനുഷ്യത്വം. മേയാന്‍ വിട്ട കന്നുകാലിയാണ് പൗരന്‍. അതിരുകള്‍ രാഷ്ട്രം തീരുമാനിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest