Connect with us

International

കാട്ടിലെ പെണ്‍കുട്ടി; മൗഗ്ലിക്ക് ടിപ്പിയിലൂടെ 'ജീവന്‍'

Published

|

Last Updated

പാരീസ്: റുഡിയാഡ് കിപ്ലിംഗിന്റെ ജംഗിള്‍ ബുക്ക് എന്ന സാങ്കല്‍പ്പിക നോവലിലെ മൗഗ്ലിയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. കാട്ടില്‍ ജീവിച്ച് വന്യ ജീവികള്‍ക്കൊപ്പം താമസിക്കുന്ന മൗഗ്ലിയെന്ന കഥാപത്രത്തിന് തന്റെ മകളിലൂടെ ഫ്രാന്‍സിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരായ ദമ്പതികള്‍ “ജീവന്‍” നല്‍കി. പത്ത് വയസ്സ് വരെ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ കൊടുംകാടുകളില്‍ ജീവിച്ച ടിപ്പി ബെഞ്ചമിന്‍ ഒകാന്റിയുടെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ടിപ്പിയുടെ മാതാപിതാക്കള്‍ പകര്‍ത്തിയ ഫോട്ടോകളും വിവരങ്ങളുമടങ്ങിയ “ടിപ്പി മൈ ബുക്ക് ഓഫ് ആഫ്രിക്ക” എന്ന പുസ്തകം പുറത്തിറങ്ങി.

ജീവിതം ഫോട്ടോഗ്രാഫിക്ക് വേണ്ടി നീക്കിവെച്ച ഫ്രാന്‍സിലെ സില്‍വി റോബോര്‍ട്ടിന്റെയും ഭാര്യ അലെയ്ന്‍ ഡെഗ്രിയുടെയും മകളായി 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിപ്പി നംബിയയിലാണ് ജനിച്ചത്. സ്വന്തം കുട്ടിയെ പുള്ളി പുലികളുടെയും സിംഹങ്ങളുടെയും ആനകളുടെയും മടിത്തട്ടിലേക്ക് ഇട്ടു കൊടുക്കാന്‍ സില്‍വിയും ഡെഗ്രിയും തീരുമാനിക്കുകയായിരുന്നു. പിന്നീട് നടന്നത് ജംഗിള്‍ ബുക്കിലെ മൗഗ്ലിയെന്ന കഥാപാത്രം ടിപ്പിയിലൂടെ ജീവിക്കുകയായിരുന്നു.

കളിക്കൂട്ടുകാരെ കിട്ടാതിരുന്ന ടിപ്പിക്ക് ആനയും പുലിയും പാമ്പും കുരങ്ങന്‍മാരുമെല്ലാം സനേഹിതന്‍മാരും സഹോദരങ്ങളുമായി. തന്റെ സഹോദരനാണെന്ന് ടിപ്പി വിശേഷിപ്പിച്ച കാട്ടാനയുടെ പുറത്തും കൊമ്പുകളിലുമെല്ലാം അവള്‍ നിര്‍ഭയം കയറി കളിച്ചു. പാമ്പുകളെ ചുമലില്‍ കയറ്റിയും പുള്ളിപ്പുലിക്കൊപ്പം അന്തിയുറങ്ങിയും ടിപ്പി വിസ്മയം തീര്‍ത്ത കഥകളാണ് ഇപ്പോള്‍ പുറത്തുവന്നത്. 23കാരിയായ ടിപ്പി പാരീസിലെ കോളജ് വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍. കാട്ടിലെ സഹവാസം അവസാനിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ടിപ്പിക്ക് ഒരുപാട് സമയമെടുക്കേണ്ടിവന്നുവെന്ന് പിതാവ് സില്‍വി പറയുന്നു. വന്യജീവികള്‍ക്കൊപ്പമുള്ള ടിപ്പിയുടെ രസകരമായ അനുഭവങ്ങളും കാട്ടിലെ ആദിവാസികള്‍ക്കൊപ്പമുള്ള ദിവസങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ടിപ്പിയുടെ മാതാവ് ഡെഗ്രി പറഞ്ഞു. “ഞങ്ങളോട് സംസാരിക്കുന്ന അതേഭാഷയിലായിരുന്നു ടിപ്പി കാട്ടാനകളോടും പുലികളോടും സംസാരിച്ചിരുന്നത്. ഒരിക്കല്‍ പോലും ടിപ്പിയെ ആക്രമിക്കാന്‍ അവ തയ്യാറായില്ല.” ഡെഗ്രി വിശദീകരിച്ചു.