Connect with us

Kozhikode

പ്രകൃതി സംരക്ഷണ മുദ്രാവാക്യവുമായി വയനാട് ചുരത്തില്‍ മഴ നടത്തം

Published

|

Last Updated

താമരശ്ശേരി: പ്രകൃതിയെ തൊട്ടറിഞ്ഞ് വയനാട് ചുരത്തില്‍ മഴ നടത്തം. സംസ്ഥാന പ്രകൃതി സംരക്ഷണ ഏകോപന സമിതി എട്ടാം വര്‍ഷമാണ് വിദ്യാര്‍ഥികള്‍ക്കായി ചുരത്തില്‍ പ്രകൃതി പഠന സംഗമം സംഘടിപ്പിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ 93 സ്‌കൂളുകളില്‍ നിന്നായി 6289 പേരാണ് സംഗമത്തിനെത്തിയത്. ഒപ്പം വിവിധ ജില്ലയില്‍ നിന്നായി നൂറില്‍പരം പരിസ്ഥിതി പ്രവര്‍ത്തകരും.
ലക്കിടിയില്‍ സംഗമിച്ചാണ് വിദ്യാര്‍ഥികള്‍ ചുരമിറങ്ങാന്‍ തുടങ്ങിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഇശക്കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പഠന സംഗമത്തിന്റെ പത്താം വാര്‍ഷികത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും അതാതു ജില്ലയിലെ പശ്ചിമഘട്ട മലമുകളിലേക്ക് യാത്രതിരിച്ച് ചരിത്രം സൃഷ്ടിക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ പറഞ്ഞു. പശ്ചിമഘട്ട മലകള്‍ ഇല്ലാത്ത ജില്ലകളില്‍ ഉയര്‍ന്ന കുന്നിലേക്കായിരിക്കും യാത്ര. ഒമ്പതാം വാര്‍ഷികത്തില്‍ ഇതിന്റെ ട്രയല്‍ നടക്കുമെന്നും ഭൂമിക്കു വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കിടെയുണ്ടായ കോരിച്ചൊരിയുന്ന മഴയെ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ വരവേറ്റത്. ചുരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന അരുവികളും വൃക്ഷലതാദികളും തൊട്ടറിഞ്ഞുള്ള മഴ നടത്തം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. വിദ്യാലയങ്ങളുടെ ബാനറുകള്‍ക്കു കീഴില്‍ പരിസ്ഥിതി സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ല കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായുള്ള യാത്ര നാല് മണിക്കൂര്‍കൊണ്ട് 14 കിലോമീറ്റര്‍ പിന്നിട്ട് വൈകിട്ട് മൂന്നിന് അടിവാരത്തെത്തി.
ഹരിത സേന ചെയര്‍മാന്‍ അബ്രഹാം ബെന്‍ഹര്‍, നാഷനല്‍ ഗ്രീന്‍ കോര്‍ കോഴിക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം എ ജോണ്‍സണ്‍, വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയരാജന്‍, സി കെ രാജന്‍ നായര്‍, കോഴിക്കോട് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ ശ്രീവല്‍സന്‍, പ്രകൃതി സംരക്ഷണ സമിതി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, അഡ്വ. എ വിശ്വനാഥന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബിജു താനിക്കാകുഴി നേതൃത്വം നല്‍കി.