Connect with us

Articles

ഈ 'മോഡി' ബി ജെ പിയെ രക്ഷിക്കില്ല

Published

|

Last Updated

ആര്‍ എസ് എസിന്റെ ഫിലോസഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോഡിക്ക് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്നതിന് ജീവിക്കുന്ന തെളിവുകള്‍ ഏറെയാണ്. സ്വാര്‍ഥ ലാഭത്തിനായി എന്തും ചെയ്യുന്ന, കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നത് വ്യാമോഹം മാത്രമാണ്. അഴിമതി ആരോപണങ്ങളുടെ ചുഴിയിലകപ്പെട്ട യു പി എക്കെതിരെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നേക്കുമായിരുന്ന ജനവികാരവും ഇതിലൂടെ ബി ജെ പിക്ക് ലഭിക്കുമായിരുന്ന സാധ്യതകളും മോഡിയുടെ വരവോടെ ഇല്ലാതാകും.
ആത്യന്തികമായി സംഘ് പരിവാറിന്റെ മാതൃ സംഘടനയായ ആര്‍ എസ് എസിന്റെ അജന്‍ഡ ഇവിടെ നടപ്പാക്കപ്പെടുകയാണ്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ മുഖം മാത്രമാണ് ബി ജെ പി. ആര്‍ എസ് എസ് പറയുന്നതേ ബി ജെ പിയില്‍ നടക്കൂ. ബി ജെ പിയുടെ കൗണ്‍സില്‍ എവിടെ ചേര്‍ന്നാലും തീരുമാനം നാഗ്പൂരില്‍ നിന്നാകും. തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് ഹിന്ദു ഹൃദയ സാമ്രാട്ടും രണ്ടാം ശ്രീകൃഷ്ണനുമെല്ലാമാണ് ഇന്ന് നരേന്ദ്ര മോഡി. ആര്‍ എസ് എസിന്റെ തത്വങ്ങളില്‍ അധിഷ്ഠിതമായി ജീവിതം നയിക്കുന്ന തങ്ങളുടെ ഒരു പ്രചാരകനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തി കാട്ടുകയെന്ന തീരുമാനമാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. മോഡിക്ക് ഒരിക്കലും മതേതര ജനാധിപത്യ സംഹിതയെ സംരക്ഷിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ജീവിതരീതിയും ശൈലിയും ഭരണവുമെല്ലാം നമുക്ക് ഇത് പകര്‍ന്നു നല്‍കുന്നു.
ബി ജെ പിയുടെ സ്ഥാപക നേതാക്കളിലൊരാളായ എല്‍ കെ അഡ്വാനിയെ വെട്ടിമാറ്റിയാണ് മോഡി ബി ജെ പിയില്‍ പിടിമുറുക്കിയത്. എന്നാല്‍, പത്ത് വര്‍ഷം മുമ്പ് അഡ്വാനി ചെയ്ത പാപത്തിന്റെ ഫലം ഇന്ന് അനുഭവിക്കുകയാണ്. പതിനായിരങ്ങളെ കൊന്നൊടുക്കിയ ഗുജറാത്ത് കലാപത്തിന് ശേഷം നഷ്ടപ്പെട്ട ബി ജെ പിയുടെ പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ നരേന്ദ്ര മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചതാണ്. 2002ല്‍ ഇതുപോലെ ഗോവയില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലായിരുന്നു ഇങ്ങനെയൊരു തീരുമാനം. അന്ന് സംഘ് പരിവാര്‍ പിന്തുണയോടെ അഡ്വാനിയാണ് ഈ തീരുമാനം അട്ടിമറിച്ച് മോഡിക്ക് തുടരാന്‍ അവസരം നല്‍കിയത്. ഇതിന്റെ തിക്തഫലം ഇന്ന് അഡ്വാനിക്ക് തന്നെ അനുഭവിക്കേണ്ടി വന്നു.
മതസൗഹാര്‍ദത്തിന് പേര് കേട്ട രാജ്യമാണ് ഭാരതം. എല്ലാ മതസ്ഥരുടെയും ദേവാലയങ്ങളില്‍ എല്ലാവരും സന്ദര്‍ശിക്കുന്ന അപൂര്‍വ കാഴ്ച നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാണാം. ഇന്ത്യയുടെ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും അടയാളങ്ങളാണിത്. യൂറോപ്പിലും ചൈനയിലും അമേരിക്കന്‍ നാടുകളിലും അറബ് രാജ്യങ്ങളിലും ഈ കാഴ്ച അന്യമാണ്. നമ്മുടെ പൈതൃകവും സംസ്‌കാരവും രൂപപ്പെടുത്തിയ ഈ പാരമ്പര്യം മുഖവിലക്കെടുക്കാത്ത തത്വമാണ് മോഡി അവതരിപ്പിക്കുന്നത്. ഹിന്ദു വര്‍ഗീയതയില്‍ അധിഷ്ഠിതമായ ദേശീയതയാണ് ഉയര്‍ത്തിക്കാട്ടുന്നത്. നമ്മുടെ ഭരണഘടന ഹിന്ദുക്കള്‍ക്ക് അനുകൂലമല്ലെന്ന നിലപാടാണിവര്‍ക്ക്. പിന്നാക്ക മുസ്‌ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഏതെങ്കിലും ഭരണംകൂടം ശ്രമിച്ചാല്‍ അന്ധമായി അതിനെ എതിര്‍ക്കുന്ന ബി ജെ പി നിലപാടില്‍ അവര്‍ ഉയര്‍ത്തുന്ന ദേശീയത നമുക്ക് വായിക്കാം. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നത് ഒരു ഉദാഹരണം മാത്രം.
ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞതാണ് മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നവരുടെ ഊര്‍ജം. ഗുജറാത്തിലെ വികസന വിപ്ലവമെന്ന ഊതിവീര്‍പ്പിച്ച ബലൂണിലേക്ക് ഇവര്‍ വീണ്ടും വീണ്ടും കാറ്റ് നിറക്കുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ ഈ ബലൂണിലെ കാറ്റ് പോയതാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ പ്രചാരണത്തിലെ പൊള്ളത്തരം നമുക്ക് ബോധ്യപ്പെടും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കാണ് മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതെന്ന കാര്യം നാം ഓര്‍ക്കണം. പ്രതിരോധ, നയതന്ത്ര രംഗങ്ങളിലും വിവിധ രാജ്യങ്ങളുമായുള്ള സൗഹാര്‍ദത്തിലും ഇന്ത്യ എന്നും ഉത്തമമായ മാതൃകയാണ് കാണിച്ചിട്ടുള്ളത്. അമേരിക്ക വിസ നല്‍കാത്ത, പല യൂറോപ്യന്‍ രാജ്യങ്ങളും ക്ഷണിക്കാനും സ്വീകരിക്കാനും മടിക്കുന്ന അറബ് രാജ്യങ്ങള്‍ ഉത്കണ്ഠയോടെ കാണുന്ന വ്യക്തിയെ എങ്ങനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയും. രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കുന്ന തീരുമാനമാണിതെന്ന് പറയാതെ വയ്യ.
ഗുജറാത്തില്‍ വീണ പതിനായിരങ്ങളുടെ ചോരയിലാണ് നരേന്ദ്ര മോഡി തന്റെ സാമ്രാജ്യം പണിതത്. കലാപത്തിന്റെ നാളുകളില്‍ നാടും വീടും വിട്ട നാല്‍പ്പതിനായിരത്തോളം പേര്‍ ഇന്നും തിരിച്ചു പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്നുണ്ട്. സ്വാര്‍ഥതയാണ് മോഡിയെ നയിക്കുന്നത്. ഗുജറാത്തില്‍ പറയുന്നത് ഡല്‍ഹിയില്‍ പറയില്ല. ഡല്‍ഹിയില്‍ പറയുന്നത് യു പിയിലോ ബീഹാറിലോ കേള്‍ക്കില്ല. ഇതൊന്നുമായിരിക്കില്ല കര്‍ണാടകയിലും തമിഴ്‌നാട്ടിലും പറയുന്നത്. വര്‍ക്കലയിലെത്തിയാല്‍ മോഡിയില്‍ നിന്ന് നമുക്ക് മറ്റൊന്ന് കേള്‍ക്കാം. നിലനില്‍പ്പിനും വ്യക്തിപ്രഭാവലയം സൃഷ്ടിക്കുന്നതിനു മോഡി പല വേഷങ്ങളണിയും. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മായ ക്വദ്‌നാനിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഉദാഹരണം.
മോഡി രാജ്യം ഭരിക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ നമ്മുടെ അധികാരം കോര്‍പറേറ്റുകള്‍ പിടിച്ചെടുത്തെന്ന് ഉറപ്പിക്കാം. കോര്‍പറേറ്റ് മാധ്യമങ്ങളാണ് മോഡിയെ ഇത്രയും വളര്‍ത്തിയത്. രാജ്യത്തെ രക്ഷിക്കാന്‍ മോഡി വരണം എന്ന പ്രചാരണം അന്തരീക്ഷത്തില്‍ ഉയര്‍ത്തുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനോ സര്‍ദാര്‍ വല്ലഭായ് പട്ടേലിനോ ഇന്ദിരാ ഗാന്ധിക്കോ അടല്‍ ബിഹാരി വാജ്പയിക്ക് പോലുമോ ഇങ്ങനെയൊരു കോര്‍പറേറ്റ് പിന്തുണ ലഭിച്ചിട്ടില്ല.
ഗുജറാത്തില്‍ മരിച്ച അത്ര കര്‍ഷകര്‍ പിന്നാക്ക രാജ്യങ്ങളായ ബംഗ്ലാദേശിലോ ശ്രീലങ്കയില്‍ പോലുമോ മരിച്ചിട്ടില്ല. വികസനത്തിന്റെ വിതരണത്തില്‍ നീതി നടപ്പാക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. ഈ വിമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് മോഡി ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിയെന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. ഹിന്ദു വര്‍ഗീയതയെ തഴപ്പിച്ചു നിര്‍ത്തിയും ഗുജറാത്തി ഉപദേശീയത പ്രോത്സാഹിപ്പിച്ചുമാണ് മോഡി ഗുജറാത്തിനെ കൈയിലെടുത്തത്. മോഡിയെ ആരെതിര്‍ത്താലും അത് ഗുജറാത്തിന് നേരെയുള്ള വിമര്‍ശമായി വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
എന്തായാലും മോഡിയുടെ വരവ് മതേതര പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. ഭിന്നിച്ചു നില്‍ക്കുന്ന ബീഹാറിലെയും യു പിയിലെയും ന്യൂനപക്ഷ, മതേതര വോട്ടുകള്‍ ബി ജെ പിക്കെതിരെ ഒന്നിച്ച് നിര്‍ത്താന്‍ ഇത് സഹായകമാകും. മതനിരപേക്ഷ വോട്ടര്‍മാരുടെ ആശങ്ക ഒരു ഉണര്‍വുണ്ടാക്കും. അവര്‍ ബി ജെ പിക്കെതിരെ അണിനിരക്കും.
(തയ്യാറാക്കിയത് കെ എം ബഷീര്‍)

---- facebook comment plugin here -----

Latest