Connect with us

Articles

രൂപയുടെ മൂല്യവും രാജ്യത്തിന്റെ ആശങ്കകളും

Published

|

Last Updated

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്ന സാഹചര്യം രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയിരിക്കയാണ്. ചരിത്രത്തിലെ ഏറ്റവും കനത്ത തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഒരു ഡോളറിന് 58.15 രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രൂപ നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. 2012 ജൂണില്‍ രേഖപ്പെടുത്തിയ 57.32 രൂപയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ വലിയ തകര്‍ച്ച.
അതേസമയം ഇപ്പോള്‍ രൂപ നേരിടുന്ന തകര്‍ച്ചയില്‍ അത്ര ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോഴും വന്‍ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കുമ്പോഴുമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുക.
എന്നാല്‍ ക്രമാനുഗതമല്ലാത്ത വേഗത്തിലുള്ള മൂല്യമിടിവ് അത്ര ഗുണം ചെയ്യില്ലെന്ന് തന്നെയാണ് മറ്റു വിദഗ്ധരുടെ പക്ഷം. സാധാരണ ഗതിയില്‍ കറന്‍സിയുടെ മൂല്യം ഇടിയുന്നത് അത്ര വലിയ പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കില്ല. മാത്രമല്ല ലോകത്ത് മിക്ക രാജ്യങ്ങളും തങ്ങളുടെ കറന്‍സിയുടെ മൂല്യം ക്രമേണ കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ഇറക്കുമതി കുറച്ചും കയറ്റുമതി വര്‍ധിപ്പിച്ചും തങ്ങളുടെ വിദേശ നാണ്യശേഖരം വര്‍ധിപ്പിക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്.
എന്നാല്‍ ഇന്ത്യ കയറ്റുമതിക്ക് കൂടുതലും ആശ്രയിക്കുന്ന യൂറോപ്പും അമേരിക്കന്‍ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറിയിട്ടില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാകും.
ഇക്കാര്യത്തില്‍ ചൈനയുടെ സാമ്പത്തിക നയനിലപാടുകള്‍ ഒരു പരിധി വരെ സ്വീകരിക്കുന്നത് ഗുണം ചെയ്‌തേക്കും. ഒരു ജനാധിപത്യ, സാമൂഹികാധിഷ്ഠിത രാജ്യമെന്ന നിലയില്‍ അതത്ര പ്രായോഗികമല്ലെങ്കില്‍ പോലും അതിലെ ചില ഘടകങ്ങള്‍ രാജ്യത്തിന്റെ സാമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ സഹായിച്ചേക്കും. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈന തങ്ങളുടെ കറന്‍സിയായ യുവാന് കൃത്രിമമായി മൂല്യം കുറച്ച് കയറ്റുമതി വര്‍ധിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതു കാരണം അവരുടെ യഥാര്‍ഥ സാമ്പത്തിക ശക്തി പ്രകടമാകില്ലെന്ന് മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയും മറ്റും ചൈനയെ ബാധിക്കുകയുമില്ല. ഇതുവഴി തങ്ങളുടെ കറന്‍സിക്ക് ഒരു നിശ്ചിത മൂല്യം നിലനിര്‍ത്താനും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും ഇതര രാജ്യങ്ങളുമായുള്ള മത്സരക്ഷമത കൂട്ടാനും അതിലൂടെ കറന്‍സിയുടെ മൂല്യം നിലനിര്‍ത്താനും സാധ്യമായി. ഒപ്പം ലോകത്തെ ഏറ്റവും വലിയ വിദേശനാണ്യ ശേഖരമുള്ള രാജ്യമാകാനും മിക്ക രാജ്യങ്ങളിലെയും വിപണികളില്‍ ഇടപെടാനും ചൈനക്ക് കഴിഞ്ഞു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കൊപ്പം നിന്നിരുന്ന ചൈനയുടെ വിദേശനാണ്യ ശേഖരം ഇപ്പോള്‍ ഇന്ത്യയുടെ എട്ടിരട്ടിയാണ്. 2012ലെ കണക്ക് പ്രകാരം ഇന്ത്യയുടെ വിദേശ നാണ്യശേഖരം 300 ബില്യന്‍ ഡോളറും ചൈനയുടെത് 2400 ബില്യന്‍ ഡോളറുമാണ്.(നൂറ് കോടി= ഒരു ബില്യന്‍)
അതേസമയം രൂപയുടെ ഇടിവിന് പ്രധാന കാരണം ആഗോള ഘടകങ്ങളാണെന്നതിനാല്‍ ഇതില്‍ യാതൊരുവിധ ഇടപെടലും നടത്തേണ്ടെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ ഇത്ര വേഗത്തിലുള്ള തകര്‍ച്ച ചെറിയ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ തത്കാലം മൂല്യത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുന്നതിന് റിസര്‍വ്് ബേങ്ക് ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചേക്കും.
ഇറക്കുമതിക്കാര്‍ നല്ല തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപക്ക് തിരിച്ചടി നല്‍കിയത്. എണ്ണക്കമ്പനികളാണ് ഇതില്‍ മുന്നിട്ടു നിന്നത്. രൂപയുടെ വിലയിടിവ് കയറ്റുമതി മേഖലക്ക് സന്തോഷം പകരുമ്പോള്‍ ഇറക്കുമതി വ്യവസായ രംഗം കടുത്ത ആശങ്കയിലാണ്.
അതേസമയം വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ഈ വര്‍ഷം വീണ്ടും ഇടിയുമെന്നാണ് ആഗോള വിപണി നല്‍കുന്ന പുതിയ സൂചനകള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ഷാവസാനത്തോടെ 60 ഭേദിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒമ്പത് മാസത്തിനുള്ളില്‍ രൂപ ഈ താഴ്ചയിലെത്തുമെന്നാണ് പ്രമുഖ ബേങ്കിംഗ് സ്ഥാപനമായ ജെ പി മോര്‍ഗന്റെ മാര്‍ക്കറ്റ്‌സ് വിഭാഗം മേധാവി ബ്രിജന്‍ പുരിയും ഇന്ത്യാ ഫെറെക്‌സ് അഡൈ്വസേഴ്‌സിന്റെ സി ഇ ഒ അഭിഷേക് ഗോയങ്കെയും വ്യക്തമാക്കുന്നത്. ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതുമാണ് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചത്. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്നതും ക്രൂഡോയില്‍ വില കൂടുന്നതും അമേരിക്കന്‍ ജോബ് ഡാറ്റ മെച്ചപ്പെട്ടതും പ്രധാനപ്പെട്ട കാരണങ്ങളായി. വിദേശ നിക്ഷേപ ഒഴുക്ക് വര്‍ധിച്ചാല്‍ മാത്രമേ ഹ്രസ്വ കാലയളവിലെങ്കിലും രൂപക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ.
ഇതിനിടെ രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി കുറക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാലിത് രൂപയുടെ മൂല്യത്തെ ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഇത് അഞ്ച് മാസത്തിനിടയില്‍ രണ്ടാം തവണയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്. ഇതോടനുബന്ധിച്ച് ബേങ്കുകള്‍ക്ക് സ്വര്‍ണ നാണയം വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഏപ്രിലില്‍ 142 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് മെയില്‍ 162 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇതിനിടെ രാജ്യത്ത് വ്യാവസായിക മേഖലയില്‍ വിദേശനിക്ഷേപം 38 ശതമാനം ഇടിഞ്ഞത് രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം ഇത് ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം റെക്കോര്‍ഡിലെത്താന്‍ സഹായിച്ചിട്ടുണ്ട്. സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒാഫ് ഇന്ത്യ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1500 കോടി ഡോളറാണ് (83,200 കോടി രൂപ) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കഴിഞ്ഞ മാസം മാത്രം 22,168 കോടി രൂപ വിദേശ നിക്ഷേപകര്‍ ഓഹരിയില്‍ നിക്ഷേപിച്ചപ്പോള്‍ വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഓഹരി വിപണിയും കാര്യമായി നേട്ടമുണ്ടാക്കി. കഴിഞ്ഞ മാസം ബോംബെ ഓഹരി സൂചിക 256 പോയിന്റ് ഉയര്‍ന്നിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം