Connect with us

International

അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡനെ കാണാതായി

Published

|

Last Updated

ഹോംങ്കോങ്: യു എസ് പൗരന്‍മാരുടേയും വിദേശികളുടേയും ഇന്റര്‍നെറ്റ് വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡനെ കാണാതായതായി റിപ്പോര്‍ട്ട്. അദ്ദേഹം താമസിച്ചിരുന്ന ഹോംങ്കോങിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് അദ്ദേഹത്തെ കാണാതായത്.

തിങ്കളാഴ്ച അഭിമുഖം പുറത്ത് വന്നതിന് ശേഷം ഇദ്ദേഹം ഹോട്ടല്‍ മുറി വിട്ടതായാണ് ജീവനക്കാര്‍ പറയുന്നത്. അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളതെന്നതിനെ പറ്റി ആര്‍ക്കും ഒരു അറിവുമില്ല. എന്നാല്‍ ഇദ്ദേഹം ഹോംങ്കോങില്‍ തന്നെയുണ്ടാകാനാണ് സാധ്യതയെന്ന് ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖകന്‍ പറഞ്ഞു.

മെയ് 20 നാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ ഹോംങ്കോങിലെത്തിയത്. അതേസമയം എഡ്വേര്‍ഡ് സ്‌നോഡന്‍ ലാറ്റിനമേരിക്കയില്‍ അഭയം തേടണമെന്ന് വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രിസം പദ്ധതിക്ക് പിന്നിലുള്ള ഫയലുകള്‍ പുറത്തുവിട്ടത് താനാണെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ വ്യക്തമാക്കിയത്. ഗാര്‍ഡിയന്‍ പത്രമായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.