Connect with us

National

ഐക്യ ജനതാദള്‍ എന്‍ഡിഎ വിടും; മൂന്നാം മുന്നണിക്ക് ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്നാം മുന്നണിക്കായുള്ള സാധ്യതകള്‍ തുറന്നിട്ട് ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ ജനതാദള്‍ യുനൈറ്റഡ് തയ്യാറെടുക്കുന്നു. നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി ജെ പിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജെ ഡി യു സഖ്യം വിടാന്‍ ഒരുങ്ങുന്നത്.
പാര്‍ട്ടി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ പാറ്റ്‌നയില്‍ യോഗം ചേര്‍ന്നു. മോഡിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ജെ ഡി യുവിന്റെ നീക്കത്തിന് പിന്നില്‍. “സഖ്യം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. വര്‍ഗീയ കലാപത്തില്‍ ആരോപണവിധേയനായ ഒരാള്‍ തങ്ങള്‍ക്ക് സ്വീകാര്യനല്ല”- ജെ ഡി യു നേതാവ് നരേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍ നടത്തുന്ന സേവാ യാത്ര അവസാനിച്ചാല്‍ ഉടന്‍ എന്‍ ഡി എ വിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒഡീഷ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരെ കൂടി അണിനിരത്തി മൂന്ന് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ബദല്‍ സഖ്യം രൂപവത്കരിക്കാനാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കരുക്കള്‍ നീക്കുന്നത്. പ്രത്യേക പദവി എന്ന ആവശ്യത്തിനായി നിലകൊള്ളുന്ന സംസ്ഥാനങ്ങളാണ് ബീഹാറും പശ്ചിമ ബംഗാളും ഒഡീഷയും. ഇതാണ് ഇവരെ ഒരുമിപ്പിക്കുന്ന ഘടകവും.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം പിയുമായ കെ സി ത്യാഗി ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെത്തി കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാറുമായും നവീന്‍ പട്‌നായികുമായും മൂന്നാം മുന്നണി രൂപവത്കരണം ഫോണില്‍ സംസാരിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം മമത അറിയിച്ചു. അടുത്തു തന്നെ ഇരുവരുമായും നേരിട്ട് കൂടിക്കാഴ്ച നടത്തും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പ്രാദേശിക പാര്‍ട്ടികളെ തങ്ങളോടൊപ്പം നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
ബീഹാറില്‍ ബി ജെ പി പിന്തുണയോടെയാണ് നിതീഷ്‌കുമാര്‍ ഭരിക്കുന്നത്. മുന്നണി വിട്ടാല്‍ സംസ്ഥാനത്തെ ഭരണം നിലനിര്‍ത്താന്‍ സ്വതന്ത്ര എം എല്‍ എമാരുടെ പിന്തുണ ആവശ്യമാണ്. സ്വതന്ത്ര എം എല്‍ എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി വരുന്നതായാണ് സൂചന.
അഡ്വാനിയുടെ രാജിയുണ്ടാക്കിയ പ്രതിസന്ധി തത്കാലം അതിജീവിക്കാനായെങ്കിലും ജെ ഡി യു മുന്നണി വിടുന്നത് അധികാരം നേടാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം, ജെ ഡി യു മുന്നണി വിടുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.
അതിനിടെ, നിതീഷ്‌കുമാറുമായും പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവുമായും എല്‍ കെ അഡ്വാനി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും എന്‍ ഡി എ സഖ്യത്തില്‍ തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ധരിപ്പിച്ചതായാണ് വിവരം.