Connect with us

Gulf

5,617 കുട്ടികളില്‍ ദന്ത പരിശോധന നടത്തി

Published

|

Last Updated

ദുബൈ: വായ ശുചിത്വവുമായി ബന്ധപ്പെട്ട് ഡി എച്ച് എ (ദുബൈ ഹെല്‍ത്ത് അതോറിറ്റി) എമിറേറ്റിലെ 5,617 വിദ്യാര്‍ഥികളില്‍ ദന്ത പരിശോധന നടത്തി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. അഞ്ച് വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള കുട്ടികളിലും 10-11, 15-16 എന്നിവര്‍ക്കിടയിലുമായാണ് സര്‍വേ സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ശീലങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിച്ചതായി ഡി എച്ച് എ അധികൃതര്‍ വ്യക്തമാക്കി. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ എത്രത്തോളം ബോധമുള്ളവരാണെന്ന് അറിയാനും സര്‍വേ സഹായകമായിട്ടുണ്ട്. വായ ശുചീകരണത്തില്‍ എമിറേറ്റിലെ കുട്ടികള്‍ക്കിടയില്‍ പൊതുശീലം വ്യാപിപ്പിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഡി എച്ച് എയുടെ കീഴില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് സര്‍വേ.
നിലവില്‍ കുട്ടികള്‍ക്കിടയിലുള്ള ദന്തസംരക്ഷണം ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് അറിയാനും അവര്‍ ഇത്തരം കാര്യങ്ങളില്‍ എത്രത്തോളം ശ്രദ്ധപുലര്‍ത്തുന്നൂവെന്ന് മനസ്സിലാക്കാനും സര്‍വേ ഉപകരിച്ചതായി ഡി എച്ച് എ പ്രൈമറി ഹെല്‍ത്ത്‌കെയര്‍ സെന്റര്‍ വിഭാഗം സി ഇ ഒ അഹമ്മദ് കല്‍ബാന്‍ വ്യക്തമാക്കി.
സര്‍വേയുടെ ഫലങ്ങള്‍ വിശകലനം ചെയ്ത് നിലവിലെ ദന്തസംരക്ഷണ പരിപാടികളില്‍ മാറ്റം ആവശ്യമുണ്ടോയെന്ന് പരിശോധിക്കും. ഇതിലൂടെ കുട്ടികള്‍ക്കിടയില്‍ ദന്തസംരക്ഷണത്തെക്കുറിച്ച് എത്രത്തോളം അവബോധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍ കഴിയും.
ദന്തസംരക്ഷണത്തില്‍ കുട്ടികള്‍ എത്രത്തോളം അറിവുള്ളവരാണെന്ന് തിരിച്ചറിയാനും ഗവേഷണാത്മകമായ സര്‍വേ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദന്തസംരക്ഷണം കുറ്റമറ്റതാക്കാന്‍ ഉപകരിക്കുന്ന നയരൂപീകരണവും സര്‍വേ ലക്ഷ്യമിടുന്നു.
ഡി എച്ച് എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദന്തരോഗ വിദഗ്ധരുടേയും ഹൈജിനിസ്റ്റുകളുടെയും നേതൃത്വത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സര്‍വേ സംഘടിപ്പിച്ചതെന്ന് ഡി എച്ച് എയുടെ ദന്തപരിചരണ വിഭാഗം തലവന്‍ ഖാലിദ് ഫര്‍ഗാലി വ്യക്തമാക്കി. കുട്ടികളില്‍ ദന്തക്ഷയത്തിന് കാരണമാവുന്ന അവസ്ഥകള്‍ ഇതിലൂടെ വ്യക്തമായി അറിയാന്‍ സാധിച്ചിട്ടുണ്ട്. ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ ഡി എച്ച് എ സ്വീകരിക്കും. കുട്ടികളിലെ നിലവിലെ പല്ലുകള്‍, കൊഴിഞ്ഞുപോയ പല്ലുകളുടെ അവസ്ഥ, ദന്തക്ഷയത്താല്‍ അടച്ച പല്ലുകളുടെ സ്ഥിതി എന്നിവയും സര്‍വേയില്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. പരിശോധനയിലൂടെ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ലോകാരോഗ്യ സംഘടനക്ക് അയച്ചുകൊടുക്കും. പിന്നീട് സംഘടനയുടെ അംഗീകാരം ലഭിച്ചശേഷം ഈ റിപോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 1,939 കുട്ടികളിലും സ്വകാര്യ വിദ്യാലയങ്ങളിലെ 3,678 വിദ്യാര്‍ഥികളിലുമാണ് പരിശോധന നടത്തിയത.് മോണരോഗം, ദന്തക്ഷയം തുടങ്ങിയവ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സര്‍വേക്ക് ഡി എച്ച് എ തുനിഞ്ഞതെന്ന് ഡെന്റല്‍ സര്‍വീസസ് വിഭാഗം ഡയറക്ടര്‍ ഡോ. താരിഖ് ഖൂരി വ്യക്തമാക്കി.

Latest