Connect with us

Editorial

കള്ളനോട്ട് റാക്കറ്റില്‍ എ എസ് ഐയും!

Published

|

Last Updated

SIRAJ.......തിരുവനന്തപുരം പൂജപ്പുരയിലെ ഒരു ഫഌറ്റില്‍ നിന്ന് 2.85 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയ കേസില്‍ അറസ്റ്റിലായ പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ അനില്‍കുമാറും ഐ എസ് ആര്‍ ഒയിലെ മുന്‍ ഉദ്യോഗസ്ഥന്‍ പാരിപ്പള്ളി മാധവക്കുറുപ്പുമാണ് അഞ്ച് പ്രതികളില്‍ രണ്ട് പേരെന്നത് രാജ്യത്തെ കള്ളനോട്ട് ശൃംഖലയുടെ സ്വാധീനവും പ്രവര്‍ത്തന തന്ത്രത്തിന്റെ വൈദഗ്ധ്യവുമാണ് കാണിക്കുന്നത്. കള്ളനോട്ട് വിതരണം പോലുള്ള കടുത്ത രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരെ പോലും കണ്ണികളാക്കാന്‍ കള്ളനോട്ട് ലോബിക്ക് കഴിഞ്ഞുവെന്നത് അതീവ ഗൗരവമര്‍ഹിക്കുന്നു. ഇന്ത്യയില്‍ പ്രധാനമായും കള്ളനോട്ടെത്തിക്കുന്നത് ദുബൈ വഴി പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ മാത്രമാണെന്ന ധാരണയും ഇവരുടെ അറസ്റ്റോടെ തിരുത്തേണ്ടി വന്നിരിക്കയാണ്. ഇവര്‍ക്ക് കള്ളനോട്ടെത്തിക്കുന്നത് പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുള്ള മാവോയിസ്റ്റ് നേതാവാണെന്നാണത്രെ പോലീസിന് ലഭിച്ച വിവരം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കള്ളനോട്ട് വിതരണത്തിന് നേതൃത്വം നല്‍കുന്നത് എ എസ് ഐ അനില്‍കുമാറാണെന്നും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
അടുത്ത കാലത്തായി കേരളത്തിലേക്ക് കള്ളനോട്ട് പ്രവഹിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്ന് 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയത് അടുത്ത ദിവസമാണ്. മെയ് രണ്ടിന് 500 രൂപയുടെ കള്ളനോട്ട് വിതരണത്തിനിടെ മൂവര്‍ സംഘം തൃശൂരില്‍ പിടിയിലാകുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തൊഴിലിനായി എത്തുന്നവരില്‍ ചിലര്‍ കള്ളനോട്ട് റാക്കറ്റിലെ കണ്ണികളാണെന്ന് കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ആറര ലക്ഷത്തിന്റെ കള്ളനോട്ട് സഹിതം തമിഴ്‌നാട് സ്വദേശികളായ തങ്കരാജും മണിയും കൊല്ലത്ത് അറസ്റ്റിലായത് ഇതിന് ബലമേകുന്നുമുണ്ട്. സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് കള്ളനോട്ട് പ്രവഹിക്കുന്നുണ്ട്. ജനുവരിയില്‍ ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഒരു യാത്രക്കാരനില്‍ നിന്ന് 9.75 ലക്ഷത്തിന്റ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ദുബൈയില്‍ നിന്ന് എറണാകുളത്ത് ചികിത്സക്കെത്തിയ ഒരു സത്രീയില്‍ നിന്ന് കള്ളനോട്ട് കണ്ടെടുത്തതും ഇതിനുടനെയാണ്. കരിപ്പൂര്‍ വഴിയുള്ള കടത്തിന് ചുക്കാന്‍ പിടിച്ചിരുന്ന കാഞ്ഞങ്ങാട് അബ്ദുല്ല ഹാജി ചൊവ്വാഴ്ച ദൂബൈയില്‍ ഇന്റര്‍പോളിന്റെ പിടിയിലാകുകയുണ്ടായി.
വിദേശങ്ങളില്‍ നിന്നെത്തുന്ന കള്ളനോട്ടുകള്‍ക്ക് പുറമെ രാജ്യത്തിനകത്ത് തന്നെ വിദഗ്ധമായി കള്ളനോട്ടുകള്‍ നിര്‍മിച്ചു വിതരണം നടത്തുന്ന വിരുതന്മാരുമുണ്ട്. 2008 സെപ്തംബറില്‍ അര ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകളുമായി പത്തനംതിട്ട സ്വദേശി കമലാപ്രസാദ് പെരിന്തല്‍മണ്ണയില്‍ പിടിയിലായപ്പോള്‍ അയാളില്‍ നിന്ന് പോലീസ് നോട്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും നോട്ടുകള്‍ സ്‌കാന്‍ ചെയ്ത് ചിത്രങ്ങള്‍ ശേഖരിച്ച സി ഡിയും പിടിച്ചെടുത്തിരുന്നു. അതിന് മുമ്പും പലപ്പോഴും ഇത്തരം സാമൂഹികദ്രോഹികളും യന്ത്രസാമഗ്രികളും പിടിയിലായിട്ടുണ്ട്.
എളുപ്പത്തില്‍ സമ്പന്നനാകാനാണ് പലരും കള്ളനോട്ട് നിര്‍മാണവും വിതരണവും നടത്തുന്നതെങ്കിലും രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ക്കാനുള്ള അന്താരാഷ്ട്ര കുത്സിത നീക്കവും സന്ദേഹിക്കേണ്ടതുണ്ട്. ഈ വിഭാഗങ്ങളെ തേടിയുള്ള അന്വേഷണത്തില്‍ സംശയത്തിന്റെ മുന മാവോയിസ്റ്റുകളിലേക്കും പാക്കിസ്ഥാന്‍ തീവ്രവാദികളിലേക്കും മാത്രം നീണ്ടാല്‍ പോരാ. ഇന്ത്യയുടെ വളര്‍ച്ചയും മുന്നേറ്റവും അസംതൃപ്തിയോടെയും അസൂയയോടെയും വീക്ഷിക്കുന്ന അമേരിക്ക, ഇസ്‌റാഈല്‍ പോലുള്ള രാജ്യങ്ങളിലേക്കും ദൃഷ്ടി പതിയണം. തങ്ങള്‍ക്കിഷ്ടമില്ലാത്ത നാടുകളില്‍ അരാജകത്വം വിതറാനും സാമ്പത്തിക നില തകരാറിലാക്കാനും സി ഐ എയും മൊസ്സാദും എന്ത് നെറികേടും കാണിക്കുമെന്നതിന് ചരിത്രസാക്ഷ്യങ്ങളേറെയുണ്ട്.
കള്ളനോട്ട് കേസന്വേഷണച്ചുമതല എന്‍ ഐ എക്കാണ്. ദക്ഷിണേന്ത്യയില്‍ എന്‍ ഐ എ ദക്ഷിണ മേഖലാ ഡി ഐ ജി. ഡോ. രവിശങ്കറിന്റെ മേല്‍നോട്ടത്തില്‍ എസ് പിമാര്‍ തലവന്മാരായി പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ ഇതിനായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുണ്ട്. സംസ്ഥാനത്തെ എ ടി എമ്മുകളില്‍ പോലും കള്ളനോട്ട് കണ്ടെത്തിയത് അന്വേഷണോദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി കള്ളനോട്ട് ലോബി സജീവമായതിന്റെ സൂചനയാണ്. എ ടി എമ്മുകളില്‍ നോട്ട് നിക്ഷേപിക്കാന്‍ കരാറെടുത്തഏജന്‍സികളില്‍ വരെ അവരുടെ കണ്ണികളുണ്ടെന്നാണ് ഈ സംഭവം കാണിക്കുന്നത്. എ എസ് ഐ അനില്‍കുമാറും ഐ എസ് ആര്‍ ഒയിലെ മാധവക്കുറുപ്പും കള്ളനോട്ട് റാക്കറ്റിലെ കണ്ണികളാണെന്നത് കണ്ടെത്തിയത് അധികൃതരുടെയും അന്വേഷണ ഏജന്‍സികളുടെയും കണ്ണ് തുറപ്പിക്കട്ടെ.

Latest