Connect with us

Articles

ആട് ആന്റണിയും പുട്ട് കുഞ്ഞുമോനും ആഭ്യന്തരത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യവും

Published

|

Last Updated

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. രണ്ട് പേരുടെ പേരിലും കൃഷ്ണനുണ്ട്. നാടിന്റെ പേരില്‍ അറിയപ്പെടുന്നവര്‍. വിദ്യാര്‍ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തിയവര്‍. ആഭ്യന്തര വകുപ്പ് ഭരിച്ചവര്‍. പലകാര്യങ്ങളിലും സാമ്യങ്ങളേറെയാണ്. എന്നാല്‍, അധികമാരും അറിയാത്ത ഒരു കാര്യത്തില്‍ കൂടി ഇവര്‍ക്ക് സാമ്യതയുണ്ട്. ആ സത്യം വെളിപ്പെടുത്തിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. കുപ്രസിദ്ധ ഗുണ്ട പുട്ട് കുഞ്ഞുമോന്‍ രക്ഷപ്പെട്ടത് കോടിയേരി മന്ത്രിയായപ്പോഴാണ്. ആട് ആന്റണി രക്ഷപ്പെട്ടത് തിരുവഞ്ചൂര്‍ മന്ത്രിയായപ്പോഴും.

രണ്ട് പേരെയും പിടിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പോലീസും ജയിലും ധനാഭ്യര്‍ഥനയുമായി വന്നപ്പോഴായിരുന്നു മുന്‍ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും കൊമ്പുകോര്‍ക്കല്‍. ആഭ്യന്തരമാണെന്ന ചൂടൊന്നുമില്ലാതെ മുന്നേറിയ ചര്‍ച്ചയെ ചൂട് പിടിപ്പിച്ചതും ഈ ഏറ്റുമുട്ടല്‍ തന്നെ. ആഭ്യന്തര വകുപ്പും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം മുതല്‍ ഫോണ്‍ചോര്‍ത്തലും കാപ്പയുമെല്ലാം ചര്‍ച്ചയില്‍ നിറഞ്ഞ് നിന്നു. ശൂന്യവേളയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം വൈകീട്ട് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ബഹിഷ്‌കരണവും നടത്തി.
ആഭ്യന്തരം യു ഡി എഫ് സര്‍ക്കാറിന്റെ നിലനില്‍പ്പിനുള്ള വകുപ്പായി മാറിയെന്ന് കോടിയേരി. രമേശിന് റവന്യൂ വകുപ്പ് കൊടുത്താല്‍ ബിരിയാണി ചെമ്പില്‍ കഞ്ഞിവെക്കുന്നത് പോലെയാകും. ആന്റണി പോയി ഉമ്മന്‍ ചാണ്ടി വന്നതോടെ എ ഗ്രൂപ്പ് ഉ-ഗ്രൂപ്പ് ആയി. പോലീസിനെ ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് ഉ-ഗ്രൂപ്പ് പിടിച്ചു. എം എം മണിയെ അകത്താക്കാന്‍ റിംഗ് ടോണ്‍ ഓപ്പറേഷന്‍ നടത്തിയ പോലീസ് ആട് ആന്റണിയെ പിടിക്കാന്‍ ഒരു മട്ടണ്‍ ഓപ്പറേഷന്‍ നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടക്കാത്തതിലും കോടിയേരിക്ക് പരാതി.

പോലീസ് തലപ്പത്തെ കലാഹൃദയത്തിന് ഉടമ എ ഡി ജി പി സന്ധ്യയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ചര്‍ച്ചയാക്കിയത് കെ മുരളീധരനാണ്. രാഷ്ട്രീയക്കാരെ ചീത്തപറഞ്ഞാല്‍ കൈയടി കിട്ടുമെന്ന ധാരണയുള്ള ചിലര്‍ പോലീസിലുമുണ്ട്. രാഷ്ട്രീയക്കാരെ അങ്ങനെ അധിക്ഷേപിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രാഷ്ട്രീയക്കാരെ ആക്ഷേപിക്കാനുള്ള യോഗ്യത ഐ പി എസുകാര്‍ക്കില്ലെന്നും മുരളി പറഞ്ഞുവെച്ചു.
സന്ധ്യയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പമായിരുന്നു കോടിയേരി. രാഷ്ട്രീയക്കാരെ വിമര്‍ശിച്ച് കവിതയെഴുതിയെന്ന കുറ്റത്തിന് ഡി ജി പി നോട്ടീസ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടിയേരിക്ക് അറിയണം. രണ്ട് രീതിയില്‍ ആവിഷ്‌കാരം വായിക്കപ്പെട്ടതോടെ പരിശോധിച്ച് വരികയാണെന്ന മറുപടിയില്‍ തിരുവഞ്ചൂര്‍ പ്രശ്‌നം ഒതുക്കി.

സ്വന്തംമകന്‍ തിരുവഞ്ചൂരിന്റെ കാപ്പക്ക്(ഗുണ്ടാ നിയമം) വിധേയനായതിന്റെ രോഷമായിരുന്നു കെ കെ ലതികക്ക്. ഭര്‍ത്താവ് മോഹനന്‍മാസ്റ്ററുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം തന്നെ ഇങ്ങനെയൊരു നാടുകടത്തലില്‍ അവര്‍ ഗൂഢാലോചന മണത്തു.
തിരുവഞ്ചൂര്‍ മന്ത്രിയായതോടെ ബണ്ടിചോറിന് പോലും കേരളം സുരക്ഷിതതാവളമായെന്ന് എളമരം കരീം. വെളുത്തവരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ അറസ്റ്റ് ചെയ്യുകയുമാണ് പോലീസെന്ന് സെന്‍കുമാര്‍ പോലും പറഞ്ഞത് അദ്ദേഹം ഇന്ധനമാക്കി. എളമരം അല്ല ഏത് വന്‍മരം വാദിച്ചാലും ആഭ്യന്തര വകുപ്പിനെതിരായ കേസ് ജയിക്കില്ലെന്ന് വര്‍ക്കല കഹാര്‍ ഉറപ്പിച്ച് പറഞ്ഞു.

എല്‍ ഡി എഫിന്റെ ഭരണമാണെന്ന് കരുതി വഴിതെറ്റി വന്ന ബണ്ടി ചോറിനെ കേരളാ പോലീസ് അകത്താക്കുകയായിരുന്നുവെന്ന് എന്‍ ശംസുദ്ദീന്‍ തിരുത്തി. പാല്‍ കിട്ടുന്ന പശുവിനെ കൊടുത്ത് കുത്തുന്ന കാളയെ വാങ്ങിയത് പോലെയാണ് റവന്യൂ കൊടുത്ത് ആഭ്യന്തരം വാങ്ങിയ തിരുവഞ്ചൂരിന്റെ ഗതിയെന്ന് പി തിലോത്തമന്‍. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ മനഃസമാധാനമാണ് തകര്‍ന്നതെന്നും സി പി മുഹമ്മദിന്റെ നിരീക്ഷണം. ബണ്ടി ചോര്‍ മുതല്‍ ബിട്ടി മോഹന്തിവരെ തിരുവഞ്ചൂരിന്റെ പോലീസ് അകത്താക്കിയവരുടെ പട്ടിക അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി വായിച്ചെടുത്തു. ഇതൊക്കെയാണെങ്കിലും കോവൂര്‍ കുഞ്ഞിമോന്റെ കണ്ണില്‍ ക്രിമനലുകള്‍, കൊടുംകുറ്റവാളികള്‍, കൊലപാതകികള്‍ എന്നിവരെയാണ് കേരളത്തില്‍ കാണുന്നത്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായതോടെ പോക്കറ്റടിക്കാര്‍ പോലും വിമാനത്തില്‍ വരികയാണ്. മന്ത്രിസഭയുടെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞ സാഹചര്യത്തില്‍ പപ്പായ ഇടിഞ്ഞ് പിഴിഞ്ഞ് രണ്ട് ഔണ്‍സ് വീതം കൊടുക്കാനും കുഞ്ഞിമോന്റെ നിര്‍ദേശം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ഏറ്റവും വലിയ ക്രമസമാധാന പ്രശ്‌നമായി കെ കെ ജയചന്ദ്രന്‍ കണ്ടത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അടിയായിരുന്നു. തൊടുപുഴയില്‍ രണ്ട് മണിക്കൂര്‍ നഗരം സ്തംഭിച്ചു. പോലീസിനെ ഉപയോഗിച്ച് ഐ ഗ്രൂപ്പിനെ അടിച്ചൊതുക്കുകയാണെന്നും ജയചന്ദ്രന്‍. സാക്ഷികളെ കൂറ് മാറ്റിയാലും ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് പി സി ജോര്‍ജിന് ആത്മവിശ്വാസം.
സി കെ നാണു, കെ എസ് സലീഖ, ഇ ചന്ദ്രശേഖരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest