Connect with us

Kerala

നിയമസഭാ ചോദ്യോത്തരങ്ങളിലൂടെ

Published

|

Last Updated

കഴിഞ്ഞ വര്‍ഷം വിറ്റത്  8818 കോടിയുടെ മദ്യം

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 8818 കോടി രൂപയുടെ മദ്യം വിറ്റഴിക്കപ്പെട്ടതായി എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. മുന്‍ വര്‍ഷം 7861 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 738 ബാറുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്(182). ഇതില്‍ അമ്പതിലധികം ബാറുകളും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അനുവദിച്ചതാണ്. 112 എണ്ണമുള്ള തൃശൂരും 88 എണ്ണമുള്ള തിരുവനന്തപുരവുമാണ് യഥാക്രമം രണ്ടും മൂന്നും സഥാനത്തുള്ളത്.
കൊല്ലം(57), പത്തനംതിട്ട (24), ആലപ്പുഴ (38), കോട്ടയം (71), ഇടുക്കി (26), പാലക്കാട് (37), മലപ്പുറം (27), കോഴിക്കോട് (30), വയനാട് (11), കണ്ണൂര്‍ (27), കാസര്‍കോട് (എട്ട്) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ബാറുകളുടെ എണ്ണം. എം ചന്ദ്രന്റെ ചോദ്യത്തിന് മറപുടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വി എസിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ ചെലവഴിച്ചത് 65,69286 രൂപ

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഈ സര്‍ക്കാര്‍ 65,69286 രൂപ ചെലവഴിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. ഫര്‍ണിച്ചര്‍ റിപ്പയറംഗിനും പോളിഷിംഗിനുമായി 162736 രൂപയും കര്‍ട്ടണ്‍ സ്ഥാപിക്കുന്നതിന് 139806 രൂപയും ചെലവഴിച്ചു.
മറ്റ് അറ്റകുറ്റപ്പണികള്‍ക്കു ചെലവഴിച്ചത് 4707431 രൂപയുമാണ്. വയറിംഗ് ജോലികള്‍ക്കായി 1559313 രൂപയും ചെലവായി. ടെലിഫോണ്‍ ചാര്‍ജിനത്തില്‍ 263607 രൂപയും, അഥിതി സത്കാരത്തിനു 33656 രൂപയും യാത്രാബത്ത ഇനത്തില്‍ 22020 രൂപയും സാധന സാമഗ്രികള്‍ വാങ്ങാന്‍ 577468 രൂപയും ചെലവഴിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതി മോടി പിടിപ്പിക്കാനായി 14,670478 രൂപയാണ് ചെലവഴിച്ചത്.
മന്ത്രിമാരില്‍ കൂടുതല്‍ തുക ചെലവഴിച്ചത് ധനമന്ത്രി കെഎം മാണിയാണ്. 415204 രൂപ. മുന്‍ മന്ത്രി ടി എം ജേക്കബിന്റെ കാലത്ത് അദ്ദേഹത്തിന്റെ വസതിയിലാണ് 409541 രൂപ ചെലവഴിച്ചത്. കെ സി ജോസഫ് 311495, ഗണേഷ്‌കുമാര്‍ 318876, സി എന്‍ ബാലകൃഷ്ണന്‍ 277762, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 255413, എം കെ മുനീര്‍ 255841, പി കെ അബ്ദുര്‍റബ്ബ് 239238, ഷിബു ബേബി ജോണ്‍ 207625 കെ ബാബു 197224, എ പി അനില്‍കുമാര്‍ 187950, പി കെ ജയലക്ഷ്മി 178984, അടൂര്‍ പ്രകാശ് 110928, പി ജെ ജോസഫ് 119919 രൂപയും ചെലവഴിച്ചു. കെ പി മോഹനന്‍ 92577, ആര്യാടന്‍ മുഹമ്മദ് 90798, മഞ്ഞളാംകുഴി അലി 55637എന്നിങ്ങനെയും ചെലവഴിച്ചു. വി എസ് ശിവകുമാര്‍ ഈ ഇനത്തില്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ല. മന്ത്രി ഇബ്‌റാഹിം കുഞ്ഞ് പ്രതിമാസ വാടകയിനത്തില്‍ 45176 രൂപ ചെലവഴിക്കുന്നുണ്ട്.

പുതിയ താലൂക്ക് രൂപവത്കരണം സര്‍ക്കാറിന്റെ പരിഗണനയിലില്ല

പുതിയ താലൂക്കുകള്‍ രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 12 താലൂക്കുകള്‍ രൂപവത്കരിച്ച് ഉത്തരവായതായിട്ടുണ്ട്. ഈ താലൂക്കുകളില്‍ ഉള്‍പ്പെടുത്തേണ്ട വില്ലേജുകള്‍, താലൂക്ക് ആസ്ഥാനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. ഇതുസംബന്ധിച്ച പരാതികള്‍ പരിശോധിച്ചു വരുന്നതായും ബി സത്യന്‍, ബാബു എം പാലിശ്ശേരി, സി കെ സദാശിവന്‍, കെ എസ് സലീഖ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് ലുലു മാള്‍ കാരണമല്ല

ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് വര്‍ധിച്ചത് ലുലു മാള്‍ വന്നതുകൊണ്ടെല്ലെന്ന് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് പറഞ്ഞു. ഇടപ്പള്ളിയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ 108.77 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ബാക്കി 40 കോടി ഡി എം ആര്‍ സി വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പാലത്തിന്റെ നിര്‍മാണ ചുമതലയും ഡി എ ആര്‍ സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ആലപ്പുഴ, കൊല്ലം ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. 252.83 കോടി ചെലവ് വരുമെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ രണ്ട് മേല്‍പ്പാലങ്ങളും ഉള്‍പ്പെടും. ഇതിന് 139.62 കോടി ചെലവ് വരും. എസ്റ്റിമേറ്റ് പുനര്‍ നിര്‍ണയിച്ച് ഉടന്‍ ടെന്‍ഡര്‍ ചെയ്യും. ചെറിയ പട്ടണങ്ങളില്‍ ബൈപ്പാസും മറ്റിടങ്ങളില്‍ ഫ്‌ളൈ ഓവറും നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സ്ഥിരം അപകട മേഖലയായ പന്തളത്ത് പാലത്തിന്റെ വീതി കൂട്ടുകയോ മറ്റൊരു പാലം നിര്‍മിക്കുകയോ ചെയ്യുമെന്ന് പുരുഷന്‍ കടലുണ്ടി, കെ കെ ജയചന്ദ്രന്‍, ബി ഡി ദേവസ്സി, ബെന്നി ബഹനാന്‍, കോടിയേരി ബാലകൃഷ്ണന്‍, ചിറ്റയംഗോപകുമാര്‍ എന്നിവരെ മന്ത്രി അറിയിച്ചു.

ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 16,307 നികുതി വെട്ടിപ്പ്‌കേസുകള്‍

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 97963 കേസുകളും ഈ വര്‍ഷം 16,307 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കെ കുഞ്ഞിരാമന്‍ ഉദുമയെ മന്ത്രി കെ എം മാണി അറിയിച്ചു. 2011-2012 വര്‍ഷം 94934 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 531 സ്‌കൂളുകള്‍

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 531 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 134 പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുണ്ട്.
പ്രിന്‍സിപ്പല്‍മാരായി പ്രമോഷന്‍ നല്‍കാനുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അന്തിമ സീനിയോറിറ്റി പ്രസിദ്ധീകരിക്കുന്ന മുറക്ക് പ്രിന്‍സിപ്പല്‍ നിയമനം നടത്തുമെന്ന് ഇ കെ വിജയന്‍, വി എസ് സുനില്‍കുമാര്‍, ഗീതാ ഗോപി, ജി എസ് ജയലാല്‍ എന്നിവരെ മന്ത്രി അറിയിച്ചു.
കൊല്ലം അരിപ്പയിലെ ഭൂസമരം അവസാനിപ്പിക്കുന്നതിന് നയപരമായ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മുല്ലക്കര രത്‌നാകരനെ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

നെല്ല് സംഭരണം കുറഞ്ഞു

ഈ വര്‍ഷം സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ കുറവുണ്ടായതായി മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിലെ വരള്‍ച്ച മൂലവും കുട്ടനാട്ടിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ ഓരുവെള്ളം കയറിയും ധാരാളം നെല്‍കൃഷി നശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കടല്‍ജലം ശുദ്ധീകരിക്കാന്‍ അഞ്ച് കോടി ചെലവില്‍ 19 പ്ലാന്റുകള്‍

കടലോര പ്രദേശങ്ങളിലും കുട്ടനാട് മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന സമുദ്രജലശുദ്ധീകരിച്ച്് കുടിവെള്ളമാക്കുന്ന പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് 19 പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വി ശശിയെ മന്ത്രി പി ജെ ജോസഫ് അറിയിച്ചു.