Connect with us

International

ഇറാനില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Published

|

Last Updated

iran candidates

ടെഹ്‌റാന്‍: ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇയുടെ ആശ്രിതനും ആണവ ചര്‍ച്ചകളിലെ മധ്യസ്ഥനുമായ സഈദ് ജലീലി, ടെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബഖര്‍ ഖാലിബഫ്, ഇറാനിയന്‍ പണ്ഡിതനായ ഹസ്സന്‍ റൗഹാനി എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. മുഹ്‌സിന്‍ റസാഈ, അലി അക്ബര്‍ വിലായത്തി, മുഹമ്മദ് ഘരാസി എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. രണ്ട് പേര്‍ നേരത്തെ പത്രി പിന്‍വലിച്ചിട്ടുണ്ട്. ഹസ്സന്‍ റൗഹാനിക്കും ഖാലിബഫിനുമാണ് സര്‍വേ റിപ്പോര്‍ട്ടുകളില്‍ വിജയസാധ്യത കല്‍പ്പിക്കുന്നത്.

ഇറാനിലെ തിരഞ്ഞെടുപ്പ് രീതി അനുസരിച്ച് ആദ്യഘട്ടത്തില്‍ 50 ശതമാനം വോട്ട് നേടുന്നവരെ വിജയിക്കൂ. ആര്‍ക്കും ഇത് നേടാനായില്ലെങ്കില്‍ മുന്നിട്ട് നില്‍ക്കുന്ന രണ്ട് പേരെ വെച്ച് ജൂണ്‍ 21ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും.

രണ്ട് തവണ കാലാവധി പൂര്‍ത്തിയാക്കി, കഴിഞ്ഞ എട്ട് വര്‍ഷമായി പ്രസിഡന്റ് പദവിയില്‍ തുടരുന്ന മഹമൂദ് അഹമ്മദി നജാദിന്റെ പിന്‍ഗാമിയെയാണ് ഇറാന്‍ ജനത ഇന്ന് തിരഞ്ഞെടുക്കുന്നത്. അതിനിടെ, ഇറാഖില്‍ നല്ലൊരു ശതമാനം പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചര കോടി ജനങ്ങള്‍ക്കാണ് രാജ്യത്ത് വോട്ടവകാശമുള്ളത്.