Connect with us

Articles

വിവരാവകാശ നിയമവും ജനാധിപത്യ ബാലാരിഷ്ടതകളും

Published

|

Last Updated

ഭരിക്കപ്പെടാന്‍ അര്‍ഹരായ ഒരു വന്‍ ഭൂരിപക്ഷം ഇവിടെയുള്ളിടത്തോളം കാലം ഭരിക്കുക എന്നതൊരു ജോലിയാണെന്നും അത് നിര്‍വഹിക്കാന്‍ തങ്ങളാണ് ഏറെ യോഗ്യരെന്നും കരുതുന്നവരാണ് രാഷ്ട്രീയക്കാര്‍. ഈ ഗോദയില്‍ ഇറങ്ങിക്കളിക്കാന്‍ അവസരം കിട്ടാതെ ഇതുവരെ ഗ്രൗണ്ടിനു പുറത്തു നിന്ന് കളി കാണുക മാത്രം ചെയ്തിരുന്നവര്‍ പക്ഷേ, ഗ്രൗണ്ടിലിറങ്ങി കളി തുടങ്ങിയിരിക്കുന്നു. അവരാണീ വിവരാവകാശ പ്രവര്‍ത്തകര്‍. ഈ രണ്ട് കൂട്ടരും പ്രതിനിധാനം ചെയ്യുന്നത് ജനതാത്പര്യങ്ങളെയല്ല; ജനഹിതത്തെയാണ്. ജനഹിതം എന്നത് ഒരു അപരനിര്‍മിതിയാണ്. മധുരപദാര്‍ഥങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന ഒരു കുട്ടിയുടെ താത്പര്യമല്ല തത്കാലത്തെ കരച്ചിലടക്കാന്‍ വേണ്ടി കുട്ടിക്ക് ഇഷ്ടം പോലെ മധുരം നല്‍കുന്ന രക്ഷിതാക്കള്‍ നിറവേറ്റുന്നത്; കുട്ടിയുടെ ഹിതമാണ്.

 

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കൊണ്ടുവരണമെന്ന ഉത്തരവ് നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ആരോഗ്യപരമായ ചില ആശയവിനിമയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു എന്നത് നല്ലതു തന്നെ. നിലവിലുള്ള ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം ജനാധിപത്യത്തിന്റെ അത്യുന്നത മാതൃകയാണെന്നും ഇതിലും മുന്തിയ ഒരു ഭരണ വ്യവസ്ഥയില്ലെന്നുമുള്ളത് ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന ഒരു നുണയാണ്. ഭരണകൂടം നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയിലും ജനാധിപത്യം അതിന്റെ ശരിയായ അര്‍ഥത്തില്‍ നിലനില്‍ക്കുന്നില്ലെന്നതാണ് പരമാര്‍ഥം. ഭരണകൂടം എന്നത് ഒരു അതിവിശുദ്ധ സ്ഥാപനമാണെന്നും ഭരണഘടന മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത ഒരു വിശുദ്ധ ലിഖിതമാണെന്നും ഈ വ്യവസ്ഥയില്‍ ജനങ്ങളാണ് തങ്ങളുടെ യജമാനന്മാരെന്നും തങ്ങള്‍ ജനസേവകന്മാരാണെന്നുമൊക്കെ ആണയിടുന്നവര്‍ ഒന്നാം തരം അഭിനയ പടുക്കളാണ്. അവര്‍ തങ്ങളുടെ ശരിയായ ഉള്ളിലിരിപ്പ് ഇത്തരം വ്യാജ പ്രസ്താവനകളിലൂടെ മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. ഇതു തിരിച്ചറിയാന്‍ പ്രാപ്തി നേടുന്നിടത്താണ് പൗരന്റെ രാഷ്ട്രീയ പ്രബുദ്ധത പ്രകടമാകുന്നത്. നമ്മുടെ ഇടയില്‍ ആവിര്‍ഭവിച്ച വിവരാവകാശ പ്രവര്‍ത്തകര്‍ എന്ന പുത്തന്‍ വര്‍ഗം കരുതുന്നത് തങ്ങള്‍ പൗരന്മാരെ രാഷ്ട്രീയമായി പ്രബുദ്ധരാക്കുന്ന ജോലിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ്. ഇതു മുഖവിലക്കംഗീകരിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്.

തങ്ങള്‍ കറ തീര്‍ന്ന ജനസേവകരാണെന്നു നടിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെ പോലെ രണ്ടാമതു പറഞ്ഞ പൗരാവകാശ പ്രവര്‍ത്തകരും സ്വന്തം അടിസ്ഥാന താത്പര്യങ്ങളെ മറച്ചുവെച്ചുകൊണ്ട് പലതും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സൂക്ഷ്മദൃക്കുകള്‍ക്ക് കാണാന്‍ കഴിയും . ഭരിക്കപ്പെടാന്‍ അര്‍ഹരായ ഒരു വന്‍ ഭൂരിപക്ഷം ഇവിടെയുള്ളിടത്തോളം കാലം ഭരിക്കുക എന്നതൊരു ജോലിയാണെന്നും ആ ജോലി നിര്‍വഹിക്കാന്‍ തങ്ങളാണ് ഏറെ യോഗ്യരെന്നും കരുതുന്നവരാണ് രാഷ്ട്രീയക്കാര്‍. ഈ ഗോദയില്‍ ഇറങ്ങിക്കളിക്കാന്‍ അവസരം കിട്ടാതെ ഇതുവരെ ഗ്രൗണ്ടിനു പുറത്തു നിന്ന് കളി കാണുക മാത്രം ചെയ്തിരുന്നവര്‍ പക്ഷേ, ഗ്രൗണ്ടിലിറങ്ങി കളി തുടങ്ങിയിരിക്കുന്നു. അവരാണീ വിവരാവകാശ പ്രവര്‍ത്തകര്‍. ഈ രണ്ട് കൂട്ടരും പ്രാതിനിധാനം ചെയ്യുന്നത് ജനതാത്പര്യങ്ങളെയല്ല; ജനഹിതത്തെയാണ്. ജനഹിതം എന്നത് ഒരു അപരനിര്‍മിതിയാണ്. മധുരപദാര്‍ഥങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന ഒരു കുട്ടിയുടെ താത്പര്യമല്ല തത്കാലത്തെ കരച്ചിലടക്കാന്‍ വേണ്ടി കുട്ടിക്കിഷ്ടം പോലെ മധുരം നല്‍കുന്ന രക്ഷിതാക്കള്‍ നിറവേറ്റുന്നത്; കുട്ടിയുടെ ഹിതമാണ്. അതുപോലെ തന്നെ ഈ വക പൊടിക്കൈകളിലൂടെ ജനതാത്പര്യമല്ല ജനഹിതമാണ് നിറവേറ്റപ്പെടുന്നത്. അതാകട്ടെ ഒരു വ്യാജനിര്‍മിതിയും ആണ്.
ഇന്നു ജനാധിപത്യം എന്നാലര്‍ഥമാക്കുന്നത് ആഗോള പൊതുജനാഭിപ്രായം, പദവികള്‍ക്കു വേണ്ടിയുള്ള മത്സരം, അഭിപ്രായസ്വാതന്ത്ര്യം, പത്രമാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയൊക്കെയാണ്. ഇത് തീര്‍ച്ചയായും മനുഷ്യ പുരോഗതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലുതന്നെ. പക്ഷേ, ഇതൊക്കെ ഏതളവ് വരെ പാലിക്കുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. നിലനില്‍ക്കുന്ന വ്യവസ്ഥിതി കുറ്റമറ്റതാണെന്ന ഒരു മിഥ്യാധാരണ ജനങ്ങളില്‍ പ്രബലപ്പെടുത്താനേ ജനാധിപത്യത്തെക്കുറിച്ച് ഇന്നു നടക്കുന്ന ചര്‍ച്ചകള്‍ പ്രയോജനപ്പെടുന്നുള്ളൂ. ഇതിനപ്പുറത്തേക്ക് ഈ ചര്‍ച്ചയെ വികസിപ്പിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായും സാമൂഹിക മാറ്റത്തിനുള്ള ഒരുപകരണമായും മാറുന്നത്.
ഭരണത്തില്‍ പൊതുജനം നേരിട്ടു പങ്കാളിയാകുന്ന പുരാതന ഗ്രീക്ക് നഗരരാഷ്ട്രങ്ങളിലേയും ചില ന്യൂ ഇംഗ്ലണ്ട് പട്ടണങ്ങളുടെയും മാതൃക ഇന്ന് പാടെ പുറന്തള്ളപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ പ്രാതിനിധ്യ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജനാധിപത്യ സമ്പ്രദായം മുഖ്യമായും മധ്യകാല യൂറോപ്പിലെ നവോഥാന പരിശ്രമങ്ങളുടെയും അമേരിക്കന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ വിപ്ലവങ്ങളുടെയും ആത്യന്തിക ഫലങ്ങളെന്ന നിലയില്‍ ഉരുത്തിരിഞ്ഞുവന്നതാണ്. എല്ലാ വിപ്ലവങ്ങളും ആദ്യമായി ചെയ്യുന്നത് അതിന്റെ തന്നെ ശിശുക്കളെ ഭക്ഷിച്ചു വിശപ്പടക്കുന്നു എന്നതാണ്. ഇതു നിമിത്തം ജനങ്ങള്‍ക്കു വിപ്ലവങ്ങളിലുള്ള വിശ്വാസവും നഷ്ടമായിരിക്കുന്നു. ഇത്തരം ചില അവസരങ്ങളുടെ തന്ത്രപൂര്‍വമായ മുതലെടുപ്പായിരിക്കുന്നു ഇന്നത്തെ ബഹുകക്ഷിരാഷ്ട്രീയം. ഇവിടെ ഭൂരിപക്ഷ തീരുമാനം ഒരു വേദപ്രമാണമായോ ഒരു തുറുപ്പുചീട്ടായോ ഒക്കെ തത്പരകക്ഷികള്‍ പ്രയോജനപ്പെടുത്തുകയാണ്. യഥാര്‍ഥത്തില്‍ ഇന്നും ഭൂരിപക്ഷാഭിപ്രായം എന്ന ലേബല്‍ പതിച്ചു നമ്മുടെ രാഷ്ട്രീയ ചന്തയില്‍ വിറ്റഴിക്കുന്നതത്രയും വ്യാജ ചരക്കുകളാണ്. ഭൂരിപക്ഷത്തിന്റെത് എന്ന് പറയപ്പെടുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ പലപ്പോഴും ജനങ്ങളിലെ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. സമൂഹത്തിലെ ന്യൂനപക്ഷം മാത്രമായ സമ്പന്ന വര്‍ഗത്തിന്റെ താത്പര്യങ്ങളാണ് ഇതിന്റെ മറവില്‍ തന്ത്രപൂര്‍വം നടപ്പിലാക്കുന്നത്.
ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയും ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറും ഒക്കെ ഇങ്ങനെ ബഹുജനാഭിപ്രായത്തെ തന്ത്രപൂര്‍വം അട്ടിമറിച്ച് കൃത്രിമമായ ഒരു ജനഹിതം സൃഷ്ടിച്ച് ജനതാത്പര്യത്തെ കാറ്റില്‍ പറത്തിയ ഭരണാധികാരികളുടെ പൂര്‍വ മാതൃകകളായിരുന്നു. ഇതിനെയാണ് ഫാസിസം എന്ന് രാഷ്ട്രീയ ചിന്തകന്മാര്‍ വിലയിരുത്തിയത്. ഫാസിസം രാഷ്ട്രീയാധികാരത്തിന്റെ വിഷപ്പല്ലുകളാണ്. അതൊളിപ്പിച്ചു വെച്ചുകൊണ്ടായിരിക്കും ആദര്‍ശനായകന്മാരെന്നു പ്രകീര്‍ത്തിക്കപ്പെടുന്ന പല രാഷ്ട്രീയ നേതാക്കളും രംഗപ്രവേശം ചെയ്യുന്നതും ജനത്തിന്റെ തോളിലിരുന്നു അവരുടെ ചെവി തിന്നുന്നതും. ഓരോ വ്യക്തിയിലും ഓരോ ഫാസിസ്റ്റ് ഒളിച്ചിരിപ്പുണ്ട്. അന്യരെ രക്ഷിക്കുക എന്നത് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണെന്നും തനിക്കും തന്റെ സന്തതിപരമ്പരകള്‍ക്കും മാത്രമാണ് ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുക എന്നും ഒക്കെ കരുതുകയും ജനങ്ങളുടെ നേരെ മുഴുവന്‍ പല്ലുകളും പുറത്തു കാട്ടി ചിരിക്കുകയും ചൊറി പിടിച്ച കൊച്ചിന്റെ തോളില്‍ തട്ടിയും വേണ്ടി വന്നാല്‍ ഒരുമ്മകൊടുത്തും ഒക്കെ പൊതു സമ്മതി നേടാന്‍ ഓടി നടക്കുകയും ചെയ്യുന്നവര്‍ അവര്‍ക്കനുകൂലമായ ഒരു പൊതുഹിതം നിര്‍മിച്ചെടുക്കുകയാണ്. അതിനു കുട പിടിച്ചു കൊടുക്കുന്ന മാധ്യമങ്ങള്‍ നിറവേറ്റുന്നത് മാധ്യമധര്‍മമല്ല; മറിച്ച് പരസ്യങ്ങള്‍ നല്‍കിയും മുതല്‍ മുടക്ക് നടത്തിയും തങ്ങളെ നിലനിര്‍ത്തുന്ന മൂലധന താത്പര്യങ്ങളുടെ സംരക്ഷണം എന്ന ദൗത്യമാണ്.
ഇങ്ങനെ ലെജിസ്ലേറ്റിവും എക്‌സിക്യൂട്ടീവും മാധ്യമങ്ങളും ഒന്നാകെ മൂലധന താത്പര്യങ്ങളിലേക്കു തിരിയുമ്പോള്‍ ജൂഡീഷ്യറി, ജനാധിപത്യത്തിന്റെ സംരക്ഷകരായി രംഗപ്രവേശം ചെയ്യും എന്നാണ് സങ്കല്‍പ്പം. എന്നാല്‍ അവിടെ എന്താണ് നടക്കുന്നത്? ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കാനുണ്ടെങ്കിലേ പൗരന്‍ ജുഡീഷ്യറിയെ സമീപിക്കേണ്ടതുള്ളൂ. ന്യായാധിപന്മാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഒക്കെ ഭരണനിര്‍വാഹകന്മാര്‍ കൈകടത്തുന്നു. സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ന്യായാധിപന്മാര്‍ ജാതിയുടെയും മതത്തിന്റെയും സാമുദായിക മൂല്യങ്ങളുടെയും പേരു പറഞ്ഞു എക്‌സിക്യൂട്ടീവിന്റെ പടിവാതില്‍ക്കല്‍ പട്ടുകിടക്കുന്നു. അവരുടെ കിറിയില്‍ അവരാവശ്യപ്പെടുന്ന മധുരം തേച്ചുകൊടുക്കാന്‍ ഉള്ള വൈദഗ്ധ്യം ഒക്കെ എക്‌സിക്യൂട്ടീവിന്റെ തലപ്പത്തെത്തിച്ചേര്‍ന്ന ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ക്കുണ്ട്. അങ്ങനെ ഈ വ്യവസ്ഥിതിയൊക്കെ പരസ്പരാശ്രിതമായ ഒരു സ്വയംസംരക്ഷണ പ്രസ്ഥാനമായി മാറിയിരിക്കുന്നു. നീതിന്യായ കമ്മീഷന്റെ തലപ്പത്തിങ്ങനെ സേവ പിടിത്തതിലൂടെ എത്തിച്ചേരുന്നവര്‍ ചിലപ്പോള്‍ സ്വയം വ്യവസ്ഥിതിയുടെ സംരക്ഷകവേഷമണിഞ്ഞു വിചിത്രമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു. അത്തരം ഒരു ഉത്തരവല്ലേ വിവരാവകാശ കമ്മീഷന്‍ സ്വന്തം അധികാര പരിധിക്കു പുറത്തു കടന്നുകൊണ്ട് നടത്തിയിരിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ നിഗ്രഹിക്കാനെന്ന ഭാവത്തിലുള്ള ഈ പുറപ്പാട് അവരുടെ വഴിവിട്ട പോക്കിനെ സഹായിക്കുകയല്ലേ എന്ന് സംശയിക്കാവുന്നതാണ്.
ഒന്നാം യു പി എ സര്‍ക്കാറിന്റെ എടുത്തുപറയാവുന്ന നേട്ടമെന്ന നിലയില്‍ തീര്‍ച്ചയായും വിവരാവകാശ നിയമത്തെ ഉയര്‍ത്തിക്കാണിക്കാവുന്നതാണ്. താഴെ തലത്തിലല്ലാതെ അധികാരത്തിന്റെ ഉന്നത ശ്രേണികളിലേക്ക് വിവരാവകാശാനുകൂല്യങ്ങള്‍ പടരാതിരിക്കാനുള്ള ഒരു മുന്‍ കരുതലായും ഈ നീക്കത്തെ വ്യാഖ്യാനിക്കാവുന്നതാണ്. വിവരാവകാശ കമ്മീഷന്‍ നിയമത്തിന്റെ പരിധി വിട്ട് പ്രവര്‍ത്തിക്കുന്നു, കമ്മീഷന്റെ ഉത്തരവുകള്‍ക്കു മതിയായ നിയമപ്രാബല്യമില്ല, എന്നിത്യാദി ആരോപണങ്ങളുമായി വിവരാവകാശ നിയമത്തിലെ പല നല്ല വശങ്ങളെപ്പോലും കുറേ കാലത്തേക്കെങ്കിലും മരവിപ്പിച്ചു നിറുത്താന്‍ ഈ വിവാദ ഉത്തരവ് കാരണമായേക്കും.
വിവാദവിഷയമായ ഈ ഉത്തരവിനെ ഇന്ത്യയിലെ പ്രമുഖ കക്ഷികള്‍ തത്വത്തില്‍ നിരസിച്ചിരിക്കുകയാണ്. എന്നാല്‍ എല്ലാവരും ഒരേ സമീപനമല്ല കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ വരവുചെലവ് കണക്കുകള്‍, അവയുടെ ഭരണഘടനാനുസൃതമായ പ്രവര്‍ത്തനങ്ങള്‍, എന്നിവ പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട ഏജന്‍സിയായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആ ജോലി കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുന്നു എന്നു കമ്മീഷന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല. അതൊക്കെ വെറും ഏട്ടിലെ പശുക്കളാണെന്നും അതൊരു കാലത്തും പുല്ല് തിന്നാല്‍ പോകുന്നില്ലെന്നും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ആ വക കാര്യങ്ങളില്‍ സാധാരണ പൗരന്മാര്‍ക്ക് വിവരാവകാശ നിയമം നല്‍കുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടുത്താന്‍ കഴിയണം. അതുപോലെയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചയും പരിഹാര നിര്‍ദേശങ്ങളും. ഇവയില്‍ പുറത്തുനിന്നുള്ളവര്‍ എത്തി നോക്കേണ്ട കാര്യമൊന്നുമില്ല. എല്ലാ പ്രധാനപ്പെട്ട പാര്‍ട്ടികളും അവരുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരും അവരുടെ ഭരണഘടനക്കു വിധേയപ്പെട്ടു പ്രവര്‍ത്തിക്കുന്ന അംഗങ്ങളും കൂടാതെ പരിപാടികളുടെ അടിസ്ഥാനത്തില്‍ അവരെ അനുകൂലിക്കുന്ന അനുഭാവികളും ഉണ്ട്. ഇവരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പാര്‍ട്ടി സംവിധാനത്തെ ചലിപ്പിക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. അതിലൊന്നും യാതൊരു തര വിവരാവകാശ പ്രശ്‌നങ്ങളും ഉണ്ടാകേണ്ടതില്ല. ഇതിലൊക്കെ സുതാര്യതാ മന്ത്രങ്ങള്‍ ഉരുവിടുന്നവര്‍ ഇന്നത്തെ ബഹുക്ഷി സമ്പ്രദായത്തിന് പകരം ഇരു കക്ഷി സമ്പ്രദായത്തിന് വേണ്ടി കൂടി ശബ്ദം ഉയര്‍ത്തണം. രാഷ്ട്രീയ കക്ഷികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നതിനാലാണ് കാര്യങ്ങള്‍ ഇത്രയേറെ സങ്കീര്‍ണമാകുന്നത്. ചെറു കക്ഷികളെ ചൂണ്ടിക്കാണിച്ചു വന്‍ കക്ഷികള്‍ക്കും അവരെ മറയാക്കി ചെറുകക്ഷികള്‍ക്കും ഏത് നിയമങ്ങളുടെയും വലക്കണ്ണികള്‍ പൊട്ടിച്ചു പുറത്തു ചാടുക എളുപ്പായിരിക്കുന്നു. എന്തിനാണ് നമുക്കിത്രയേറെ പാര്‍ട്ടികള്‍? ഓരോ നേതാവിന്റെയും അരിയിട്ടു വാഴ്ച നടത്താന്‍ ഓരോ പാര്‍ട്ടി വേണോ? വ്യത്യസ്തമായ എന്തു പരിപാടിയാണ് ഇവര്‍ക്കോരോരുത്തര്‍ക്കും ഉള്ളത്? ഏതു വിവരാവകാശാധികാരിക്കാണ് ഈ കാര്യം പൊതുജനങ്ങള്‍ക്കു മുമ്പില്‍ വിശദീകരിക്കാന്‍ കഴിയുക?
ഈ പറഞ്ഞതത്രയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കൂടാതെയും ഈ രാജ്യത്ത് ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം മൂലം നിരോധിച്ചാല്‍ അങ്ങനെ നിരോധിക്കപ്പെട്ട പാര്‍ട്ടി തന്നെ മറ്റൊരു പേരും കൊടിയുമായി വീണ്ടും രംഗത്തുവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എല്ലാ രാജ്യത്തും ഇത്തരം നിരോധങ്ങളെ മറികടന്നുതന്നെ രംഗത്തുവന്നു ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചവയാണ്. അവരുടെ മാതൃക പിന്‍പറ്റി ഇന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പാര്‍ട്ടി പരിപാടികളില്‍ അടവും തന്ത്രങ്ങളും എന്നൊരു ഭാഗം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഇവയില്‍ തന്ത്രങ്ങള്‍ക്കാണ് പ്രധാന്യം. പ്രതിയോഗിയെ അങ്ങോട്ടാക്രമിക്കുമ്പോള്‍ അത് അക്രമം ആണെന്നവരറിയാതെ സൂക്ഷിക്കുന്നതിനെയാണ് അടവ് എന്നുപറയുന്നത്. പ്രതിയോഗിയുടെ അക്രമത്തില്‍ നിന്നൊഴിഞ്ഞു മാറാനുള്ള മാര്‍ഗമാണ് തന്ത്രങ്ങള്‍. ഈ അടവും തന്ത്രങ്ങളും കളിയില്‍ നേരിട്ട് പങ്കെടുക്കുന്നവരെയല്ലാതെ കളി കാണുന്നവര്‍ക്കു കൂടി പറഞ്ഞുകൊടുക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറാകുകയില്ല. പുറത്ത് നിന്നും കളി കാണുന്നവര്‍ വെറും വാതുവെപ്പുകാര്‍ മാത്രമാണ്. ഈ വാതുവെപ്പുകാര്‍ക്കു വേണ്ടി ഒത്തുകളി നടത്തുന്നവരെ കണ്ടുപിടിച്ചു പൂച്ച് പുറത്താക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ജനങ്ങളും മാധ്യമങ്ങളും ആര്‍ജിക്കേണ്ടത്. അത് കൈവരുന്നതുവരെ ജനാധിപത്യത്തിന്റെ ഇത്തരം ബാലാരിഷ്ടതകളെ നമ്മള്‍ നേരിട്ടേ മതിയാകൂ.

 

---- facebook comment plugin here -----

Latest