Connect with us

Kerala

വാണിജ്യ നികുതി വെട്ടിപ്പില്‍ ധനമന്ത്രിയുടെ ജില്ല മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് വാണിജ്യ നികുതി വെട്ടിപ്പ് വ്യാപകമാണെന്ന ആക്ഷേപത്തെ ശരിവെച്ചു കൊണ്ട് കണക്കുകള്‍ പുറത്തുവന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ധനമന്ത്രി കെ എം മാണിയുടെ ജില്ലയായ കോട്ടയത്താണെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാണിജ്യ നികുതി വെട്ടിപ്പുമായി സംസ്ഥാനത്ത് 16,307 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 2240 കേസുകളും കോട്ടയം ജില്ലാ പരിധിയിലാണ്. 2006 കേസുകളോടെ മലപ്പുറവും 1773 കേസുകളോടെ എറണാകുളവും 1363 കേസുകളോടെ തിരുവനന്തപുരവും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

2011-12 വര്‍ഷത്തില്‍ ആകെ 94,934 കേസുകളും 2012-13ല്‍ 97963 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ രണ്ട് വര്‍ഷങ്ങളിലും യഥാക്രമം 12,406, 14,081 കേസുകളോടെ കോട്ടയം ജില്ല തന്നെയാണ് മുന്നില്‍ നിന്നത്. എറണാകുളവും തിരുവനന്തപുരവുമാണ് ഈ രണ്ട് വര്‍ഷങ്ങളിലും കൂടുതല്‍ കേസുകളുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ടായിരുന്നത്.
അതേസമയം നിലവില്‍ നികുതി വെട്ടിപ്പ് സംബന്ധമായി 15,379 കേസുകള്‍ മാത്രമാണ് നിലവിലുള്ളതെന്നാണ് ധനകാര്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്രയും നികുതി വെട്ടിപ്പുകളിലൂടെ സംസ്ഥാന ഖജനാവിന് എത്ര കോടി രൂപ നഷ്ടമായെന്നോ ഈ കേസുകളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടെന്നോ വ്യക്തമായ കണക്കുകളോ രേഖകളോ അധികൃതരുടെ പക്കലില്ല. കേസുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടിയുടെ ഭാഗമായി നികുതി വെട്ടിപ്പിന് കൂട്ട് നിന്നതിനെ തുടര്‍ന്ന് എത്ര ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലും വകുപ്പ് അധികൃതര്‍ക്ക് നിശ്ചയമില്ല.
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷിക നികുതി വരുമാനത്തിന്റെ നട്ടെല്ലായ വാണിജ്യ നികുതി ഇത്തരത്തില്‍ ചോരുന്നത് സംസ്ഥാന ഖജനാവിന് വന്‍തോതില്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഈ വര്‍ഷത്തെ നികുതി വരുമാന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വന്‍തോതില്‍ നികുതി പിരിവ് നടക്കുകയും രണ്ട് തവണ പ്രതീക്ഷിത തുകയേക്കാള്‍ കൂടുതല്‍ പിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ട് തവണയും നികുതി വരുമാനം പ്രതീക്ഷിത ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വാണിജ്യ നികുതിയിനത്തില്‍ 32,122.21 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടിരുന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29,916. 38 കോടി രൂപയാണ് പിരിച്ചെടുക്കാനായത്. ഇതില്‍ 3,889.11 കോടി രൂപയും പെട്രോള്‍-ഡീസല്‍ വില്‍പ്പനയിലൂടെ നികുതിയായി ലഭിച്ചതാണ്. ഇത്തവണത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഈ സാമ്പത്തിക വര്‍ഷം 38,771.10 കോടി രൂപയാണ് വാണിജ്യ നികുതിയിനത്തില്‍ തനത് നികുതി വരുമാനമായി സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

ജില്ല 2011-12 2012-13 2013-14
(മെയ് 31 വരെ)

തിരുവനന്തപുരം            9152 10784 1361
കൊല്ലം                               8089 7610 1343
പത്തനംതിട്ട                        6695 4844 857
ആലപ്പുഴ                           3385 3292 421
കോട്ടയം                             12046 14081 2240
ഇടുക്കി                             4181 3578 1294
എറണാകുളം                    9805 10399 1773
തൃശൂര്‍                             3496 4437 1161
പാലക്കാട്                        7319 7383 1294
മലപ്പുറം                         9037 10407 2006
കോഴിക്കോട്                   5919 5987 827
വയനാട്                          2100 2574 407
കണ്ണൂര്‍                           5078 6488 447
കാസര്‍കോട്                  8632 6099 876
ആകെ                           94934 97963 16307

ബ്യൂറോ ചീഫ്, തിരുവനന്തപുരം