Connect with us

Malappuram

കോഴിക്കുഞ്ഞുങ്ങളെ കിട്ടാനില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

മലപ്പുറം;കോഴി ഇറച്ചി വില കുതിച്ചുയരുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. കിലോഗ്രാമിന് 190 മുതല്‍ 210 വരെയാണ് കോഴിയിറച്ചിയുടെ വില. തൂവലോടുകൂടിയ കോഴിക്ക് 120 മുതല്‍ 130 വരെയാണ് ഈടാക്കുന്നത്. തമിഴ്‌നാട് ലോബിയാണ് ഈ വില വര്‍ധനവിന് പിന്നിലെന്നാണ് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. കോഴി വില കുത്തനെ കൂടുമ്പോള്‍ സംസ്ഥാനത്ത് കോഴി വിപണനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയെയാണ് കൂടുതല്‍ ബാധിക്കുക.

തമിഴ്‌നാട്ടിലെ ബ്രോയ്‌ലര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി (ബി സി സി) കൃതൃമ ക്ഷാമം ഉണ്ടാക്കി 18 രൂപ വിലയുണ്ടായിരുന്ന കോഴി കുഞ്ഞുങ്ങള്‍ക്ക് 45 മുതല്‍ 50 രൂപ വരെയാണ് വാങ്ങുന്നത്. ഏപ്രില്‍, മെയ് മാസത്തില്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ കര്‍ഷകരില്‍ എണ്‍പത് ശതമാനവും ഫാം അടച്ചു പൂട്ടിയിരുന്നു. ജൂണ്‍ മാസത്തില്‍ ഫാമുകള്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നതിനിടെയാണ് തമിഴ്‌നാട് ബി സി സി കോഴി കുഞ്ഞുങ്ങള്‍ക്ക് കൃതൃമ ക്ഷാമം ഉണ്ടാക്കി വില വര്‍ധിപ്പിച്ചത്.
പതിനഞ്ച് ദിവസം കോഴി മുട്ട വിരിയിപ്പിക്കാതിരിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് ബി സി സി നിയന്ത്രണത്തിലുള്ള എല്ലാ ഹാച്ചറികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അങ്ങനെ കൃത്രിമ ക്ഷാമം ഉണ്ടാക്കിയാണ് വില വര്‍ധിപ്പിച്ചത്. ഇപ്പോള്‍ കേരളത്തിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നിര്‍ത്തിയിരിക്കുകയാണ്. റമസാന്‍ വിപണി ലക്ഷ്യമാക്കിയുള്ള ലോബിയുടെ പുതിയ തന്ത്രമാണിതെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടാല്‍ തമിഴ്‌നാട് ലോബികളുടെ കൈയില്‍ നിന്ന് മോചനം നേടാനും കേരളത്തിനാവശ്യമായ കോഴിയിറച്ചിയും മുട്ടയും ഇവിടെ തന്നെ ഉണ്ടാക്കാന്‍ കഴിയുമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ പി ഖാദലി സിറാജിനോട് പറഞ്ഞു.

Latest