Connect with us

Kasargod

അധിനിവേശത്തിന്റെ ശേഷിപ്പുകളില്‍ ചരിത്രം സ്പന്ദിക്കുന്നു

Published

|

Last Updated

തലശ്ശേരി: വിദേശാധിപത്യത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന തലശ്ശേരിക്കാരുടെ മുന്നില്‍ നൂറ്റാണ്ടുകളുടെ പിന്‍ചരിത്രം സ്പന്ദിക്കുന്ന കുതിരാലയം, പീരങ്കികള്‍, വിളക്കുകകാലുകള്‍ തുടങ്ങിയ പുരാവസ്തുക്കള്‍ ഓരോന്നായി പ്രത്യക്ഷപ്പെടുന്നത് ചരിത്ര പട്ടണത്തിന്റെ ഗരിമ കൂട്ടുന്നു.
അധിനിവേശത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്നതും നഗരത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് സബ് കലക്‌ടേഴ്‌സ് ബംഗ്ലാവിലേക്കുള്ള കല്‍പടവുകള്‍ക്ക് സമീപം തകര്‍ന്ന കുതിരാലയ ശേഷിപ്പുകള്‍ കണ്ടെത്തിയത്. കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ മേല്‍പുര ഇപ്പോള്‍ കാണാനില്ലെങ്കിലും കൂറ്റന്‍ മരത്തടിയില്‍ തീര്‍ത്ത ബീമുകളും ജാലകങ്ങളും ചെങ്കല്ലില്‍ പണിതിട്ടുള്ള പാതി തകര്‍ന്ന ചുമരുകളും ഇപ്പോഴും ഇവിടെയുണ്ട്.
തലശ്ശേരിയില്‍ ആദ്യത്തെ ജില്ലാ ജഡ്ജിയായിരുന്ന എച്ച് ക്ലീഷേലാണ് “സോംഗ് ഓഫ് ദ സീ” എന്നുപേരുള്ള ബംഗ്ലാവിനോട് ചേര്‍ന്ന് കുതിരാലയം നിര്‍മിച്ചതെന്ന് ചരിത്രരേഖയിലുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് കുതിരകള്‍ വലിക്കുന്ന റിക്ഷകളിലായിരുന്നു ബ്രിട്ടീഷ് സായ്പന്മാര്‍ സഞ്ചരിച്ചിരുന്നത്. വെയിന്‍സില്‍ നിന്നെത്തിച്ച വെല്‍ഷ് കോബിന്‍ ഇനത്തിലെ തലയെടുപ്പും ഗമയുമുള്ള കുതികളെയാണ് ക്ലീഷേല്‍ ജഡ്ജ് യാത്രക്കായി ഉപയോഗിച്ചിരുന്നതെന്നും ചരിത്രസത്യം. ക്ലീഷേലിന്റെ സമകാലികനായിരുന്ന എഡ്‌വേര്‍ഡ് ബ്രണ്ണനും വെല്‍ഷ് കോബിന്‍ കുതികളെ പൂട്ടിയ റിക്ഷയില്‍ യാത്ര ചെയ്യുന്നതില്‍ തത്പരനായിരുന്നു. തലശ്ശേരി ആര്‍ ഡി ഒ ഓഫീസ് പരിസരത്ത് കുതിരാലയ ശേഷിപ്പുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കടപ്പുറത്തെ പോര്‍ട്ട് ഓഫീസിനടുത്ത് നിന്നും പീരങ്കികള്‍ പുറത്തെടുക്കാനായത്. പുരാവസ്തു വകുപ്പിന്റെയും തലശ്ശേരിയിലെ റവന്യൂ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ എട്ടോളം പീരങ്കികള്‍ കടപ്പുറത്തെ പൂഴി മണ്ണില്‍ പുതഞ്ഞ നിലയില്‍ വീണ്ടെടുക്കാനായി.
ഉദ്ഖനനം നടത്തിയാല്‍ കൂടുതല്‍ പീരങ്കികളും അനുബന്ധ യുദ്ധോപകരണങ്ങളും കണ്ടെടുക്കാനാവുമെന്നാണ് പുരാവസ്തു വകുപ്പ് വിദഗ്ധരുടെ വിലയിരുത്തല്‍. പീരങ്കികള്‍ കാണപ്പെട്ടതോടെ ഇതില്‍ ഉപയോഗിക്കുന്ന സോളുകള്‍(ഉണ്ടകള്‍) കൂടി ഉണ്ടാവുമെന്ന നിഗമത്തില്‍ പരിസരത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെടുക്കാനായില്ല. ചാലില്‍ നിന്നും ബ്രിട്ടീഷ് ഭരണകാലത്തേതെന്ന് സംശയിക്കുന്ന വിളക്കുകാലുകളും കണ്ടെത്തിയതോടെ അമൂല്യചരിത്ര ശേഷിപ്പുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

Latest