Connect with us

Kerala

ഗണേഷിനെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചന: ബാലകൃഷ്ണപിള്ള

Published

|

Last Updated

ganeshകൊട്ടാരക്കര: ന്യായമായ കാര്യങ്ങളില്‍ ഗണേഷ്‌കുമാറിനെ പാര്‍ട്ടി പിന്തുണക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ള. കൊട്ടാരക്കരയില്‍ ഗണേഷ്‌കുമാറിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാലകൃഷ്ണ പിള്ള നിലപാട് വ്യക്തമാക്കിയത്.

ഗണേഷ്‌കുമാറിനെതിരെ ഇപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ ഗണേഷ്‌കുമാര്‍ ഒരിക്കല്‍ പോലും വിളിച്ചിട്ടില്ല. ഗണേഷ്‌കുമാറിന്റെ വീട്ടില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത് വിവാദ കമ്പനിയല്ല. കൊട്ടാരക്കരയില്‍ തന്നെയുള്ള ഗവണ്‍മെന്റ് അംഗീകാരമുള്ള കമ്പനിയാണ് ഗണേഷിന്റെ സ്വവസതിയില്‍ ഒരു വര്‍ഷം മുമ്പ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെയും കേന്ദ്ര ഗവണ്‍മെന്‍ിന്റെയും സബ്‌സിഡി കഴിച്ച് 65000 രൂപ ഇതിന് ചെലവായെന്നും ഇതിന്റെ ബില്ല് ഉയര്‍ത്തിക്കാട്ടി ബാലകൃഷ്ണ പിള്ളയും ഗണേഷും വ്യക്തമാക്കി.

ഗണേഷ്‌കുമാര്‍ വിവാദ സ്ത്രീയോടൊപ്പം കോയമ്പത്തൂരില്‍ താമസിച്ചുവെന്ന ആരോപണവും ഇരുവരും നിഷേധിച്ചു. മന്ത്രിയാകുന്നതിന് മുമ്പും ശേഷവും ഗണേഷ് ഒരു തവണ മാത്രമാണ് കോയമ്പത്തൂരില്‍ പോയത്. കേരളാ സര്‍ക്കാറിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും അറിവോടെയാണ് പോയത്. എന്‍ എസ് എസിന്റെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു ഇത്. ഏഷ്യാനെറ്റിലെ സീനിയര്‍ റിപ്പോട്ടര്‍ കെജി കമലേഷും ഭാര്യ പ്രിജുലയുമാണ് ചടങ്ങിന് ഗണേഷിനെ ക്ഷണിച്ചത്. അവര്‍ തന്നെയാണ് ഗണേഷിന് താമസിക്കാന്‍ ഹോട്ടലില്‍ മുറി എടുത്ത് നല്‍കിയത്. ഈ പരിപാടിക്കല്ലാതെ മറ്റേതെങ്കിലും പരിപാടിക്ക് ഗണേഷ് പോയെന്ന് തെളിയിച്ചാല്‍ ആ നിമിഷം ഗണേഷ് പൊതുജീവിതം അവസാനിപ്പിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഗണേഷിന്റെ രക്തത്തില്‍ താത്പര്യമുള്ളവരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഗണേഷ് വീണ്ടും മന്ത്രിയാകുന്നത് തടയാനുള്ള ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വനം ലോബിയാണ് ഇതിന് പിന്നിലെന്നും ഇരുവരും പറഞ്ഞു.

രണ്ട് തവണ മന്ത്രിയായപ്പോഴും ഒരു അഴിമതിയും നടത്താത്ത തന്നെ എന്തിന് മാധ്യമങ്ങള്‍ വേട്ടയാടണമെന്ന് ഗണേഷ്‌കുമാര്‍ ചോദിച്ചു. നെല്ലയാമ്പതി വനഭൂമിയുടെ കാര്യത്തില്‍ താന്‍ സ്വീകരിച്ച കര്‍ക്കശ നിലപാടാണ് പലരും തനിക്കെതിരെ തിരിയാന്‍ കാരണം. ഒരു സെന്റ് ഭൂമി പോലും വിട്ടുനല്‍കരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നെല്ലിയാമ്പതി വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരാണെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണം. ഗണേഷിനെതിരായ ബിജുവിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് ഒരാള്‍ തന്റെ കുടുംബം കലക്കിയത് ഇന്ന ആളാണെന്ന് പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കാനാകും എന്നായിരുന്നു ഗണേഷിന്റെ മറുപടി. തന്റെ കുടുംബം കലക്കിയത് പി സി ജോര്‍ജാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നും ഗണേഷ് ചോദിച്ചു.