Connect with us

International

ജിന്നയുടെ വസതി തീവ്രവാദികള്‍ തകര്‍ത്തു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ വസതി തീവ്രവാദികള്‍ തകര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 121 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. വസതിയെ ചരിത്ര സ്മാരകമായി പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ അവസാന നാളുകളില്‍ ജിന്ന ഈ വസതിയിലാണ് കഴിഞ്ഞിരുന്നത്. അക്രമികള്‍ വീടിന് സമീപം നാല് ബോംബുകള്‍ സ്ഥാപിച്ച് വീടിന് നേരെ വെടിവെക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ജിന്നയുടെ സ്മരണക്കായി വസതിയില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളും ഫര്‍ണിച്ചറുകളും മരം കൊണ്ടു നിര്‍മിച്ച വീടിന്റെ ഭാഗങ്ങളും നശിച്ചു. നാല് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. വസതിയുടെ സമീപത്ത് നിന്ന് മൂന്ന് കിലോ വരെ സ്‌ഫോടനശേഷിയുള്ള ആറ് ബോംബുകള്‍ കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി അസ്ഗര്‍ അലി വ്യക്തമാക്കി. ബോംബുകള്‍ നിര്‍വീര്യമാക്കിയതായും സ്‌ഫോടനം നടത്തിയവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വറ്റ പ്രവിശ്യക്ക് 120 കിലോമീറ്റര്‍ അകലെയായി സിറാത്തില്‍ 1892ലാണ് ഈ വസതി നിര്‍മിച്ചത്. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ പ്രതിനിധിയുടെ വേനല്‍ക്കാല വസതിയായിരുന്നു. ഈയടുത്താണ് വസതിയെ ചരിത്രസ്മാരകമായി പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Latest