Connect with us

National

വഴിപിരിഞ്ഞ് ജെ ഡി യു

Published

|

Last Updated

പാറ്റ്‌ന: പതിനേഴ് വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് ജനതാദള്‍ യുനൈറ്റഡ് എന്‍ ഡി എ വിട്ടു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഗവര്‍ണര്‍ ഡി വൈ പാട്ടീലിനെ കണ്ട് ബി ജെ പിയുമായുള്ള സംസ്ഥാനത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. ഗവര്‍ണറുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് അവസരം നല്‍കണമെന്ന് അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. അതിനായി ഈ മാസം 19ന് സഭ വിളിച്ചുചേര്‍ക്കും.
ഗവര്‍ണറെ കണ്ടശേഷം വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം നിതീഷ്‌കുമാറും പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 17 വര്‍ഷമായി സുഗമമായി നടന്ന ബി ജെ പിയുമായുള്ള സഖ്യം ആറ് മാസമായി മോശം അവസ്ഥയിലാണെന്നും ഒരുമിച്ചുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ എന്‍ ഡി എ വിടുകയാണെന്നും ഇരുവരും വ്യക്തമാക്കി. എല്ലാ ബി ജെ പി മന്ത്രിമാരെയും പുറത്താക്കിയതായി നിതീഷ്‌കുമാര്‍ അറിയിച്ചു. ഇവരെ പുറത്താക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരത് യാദവ് എന്‍ ഡി എ കണ്‍വീനര്‍ സ്ഥാനവും രാജിവെച്ചു. ഇന്നലെ രാവിലെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തെങ്കിലും ബി ജെ പിയുടെ 11 മന്ത്രിമാര്‍ വിട്ടുനിന്നു. അര്‍ഥരഹിതമാണെന്ന് തോന്നിയതിനാലാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് ഉപ മുഖ്യമന്ത്രി സുശീര്‍ കുമാര്‍ മോഡി അറിയിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിടാന്‍ ജനതാദള്‍ യുനൈറ്റഡ് തീരുമാനിച്ചത്.
ജെ ഡി യു അധ്യക്ഷന്‍ ശരത് യാദവുമായും എം പിമാര്‍, എം എല്‍ എമാര്‍, മറ്റ് നേതാക്കള്‍ എന്നിവരുമായും നിതീഷ്‌കുമാര്‍ നടത്തിയ നീണ്ട ചര്‍ച്ചകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന വികാരമാണ് പൊതുവെ ഉണ്ടായത്. മോഡിയെ ഉയര്‍ത്തിക്കാണിക്കുന്നത് രാജ്യത്തിന് അപകടമാണെന്നുള്ള ജെ ഡി യു പ്രമേയം യോഗം അംഗീകരിക്കുകയും ചെയ്തു.
ഭാവി പ്രധാനമന്ത്രിയായി പാര്‍ട്ടി അവതരിപ്പിക്കുന്ന നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരം നിതീഷ്‌കുമാറുമായി അവസാനവട്ട ചര്‍ച്ചക്കായി ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, അതിന് ഫലമുണ്ടായില്ല. തിരക്കിട്ട കൂടിയാലോചനകളും സഖ്യം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമങ്ങളുമാണ് പാറ്റ്‌നയില്‍ നടന്നത്.
നരേന്ദ്ര മോഡിയായിരിക്കില്ല എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി ജെ പി പരസ്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു നിതീഷ്‌കുമാറിന്റെ ആവശ്യം. എന്നാല്‍, ബി ജെ പി അതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ ചേര്‍ന്ന ജനതാദള്‍ യുനൈറ്റഡ് നിര്‍വാഹക സമിതി യോഗമാണ് പ്രമേയം അംഗീകരിച്ചുകൊണ്ട് സഖ്യം വിടാന്‍ തീരുമാനിച്ചത്.

Latest