Connect with us

Articles

മോഡി ആരുടെ മോഹാവേശം?

Published

|

Last Updated

ഗോവയിലെ ബി ജെ പി നേതൃയോഗത്തിനു ശേഷം, ഇന്ത്യന്‍ ജീവിതത്തിനു മേല്‍ ഒരു ഭൂതബാധ ആവേശിച്ചിരിക്കുന്നു. ഹിറ്റ്‌ലര്‍ക്കു തുല്യനായ, വംശഹത്യയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളെ പിളര്‍ക്കുന്ന ഹിന്ദു മതഭ്രാന്തനായ ഒരു നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലേക്ക് കുതിച്ചുയരുന്നു എന്നതാണ് ആ ഭൂതബാധാ പ്രതീതി. അറുപത്തിരണ്ട് വയസ്സുകാരനായ ഈ ഗുജറാത്ത് മുഖ്യമന്ത്രി ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനായി വാഴ്ത്തപ്പെട്ടു. കോണ്‍ഗ്രസിനെതിരായ മത്സരത്തില്‍, മോഡിക്ക് പ്രധാനമന്ത്രിയാകാനുള്ള “റെഡ് കാര്‍പ്പറ്റാ”ണ് വിരിച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്.
2002ല്‍ രണ്ടായിരത്തിലധികം മുസ്‌ലിംകളെ കൊന്നുതള്ളുകയും കണക്കില്ലാത്തത്രയും മുസ്‌ലിം സ്ത്രീകളെ പിച്ചിച്ചീന്തുകയും ചെയ്ത ഗുജറാത്ത് വംശഹത്യക്ക് മുമ്പു വരെ നരേന്ദ്ര മോഡി, ബി ജെ പിയുടെ പല നേതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നു. 1992ലെ ബാബരി മസ്ജിദ് പൊളിച്ചതോടെ വീരനായകനായി മാറിയ അഡ്വാനിയുടെ എത്രയോ താഴെയുള്ള ഒരു നേതാവ്. അതും മറ്റു പിന്നാക്ക ജാതിക്കാരനായ(ഒ ബി സി) ഒരു നേതാവ്. ഒ ബി സിക്കാരായ ബി ജെ പി നേതാക്കള്‍ ഉമാഭാരതിയും കല്യാണ്‍ സിംഗും ഇതിനകം ചരിത്രത്തിന്റെ പുകമറകളിലേക്ക് നീങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്നു. മോഡിയും അതുപോലെ ഒതുങ്ങിപ്പോകുമെന്ന് ആരെങ്കിലും കരുതിയോ എന്നറിയില്ല. എന്നാല്‍ പത്തുപന്ത്രണ്ട് വര്‍ഷം കൊണ്ട് നൂറ്റാണ്ടുകളുടെ ഇന്ത്യന്‍ ചരിത്രം മാറ്റിമറിച്ചു കൊണ്ട് ഈ ന്യൂ ജനറേഷന്‍ ഫാഷിസ്റ്റ് ഇന്ത്യന്‍ രാഷ്ട്രത്തെ തന്നെ എപ്രകാരം കീഴ്‌മേല്‍ മറിക്കും അഥവാ ഇല്ലാതാക്കും എന്നാണ് ഇന്ത്യയെന്നതു പോലെ ലോകവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. അറുപത് ദശലക്ഷം അഥവാ ആറ് കോടിയാണ് ഗുജറാത്തിലെ ജനസംഖ്യ. നൂറ്റിയിരുപത് കോടി വരുന്ന ഇന്ത്യന്‍ ജനതയില്‍ ചെറിയ ശതമാനം മാത്രമാണിത്. ലോക ജനസംഖ്യയുടെ പതിനേഴ് ദശാംശം മൂന്ന് ഒന്ന് (17.31%) ശതമാനം ആളുകളും ഇന്ത്യയിലാണ് നിവസിക്കുന്നത് എന്ന കണക്കില്‍ നിന്നു തന്നെ മനുഷ്യവംശ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ഇന്ത്യയുടെ പ്രാധാന്യം മനസ്സിലാകും. ആ പ്രാധാന്യത്തെ അധീനപ്പെടുത്താന്‍ ആറ് കോടിയെ നിയന്ത്രിക്കുന്നതിലും കയ്യിലെടുക്കുന്നതിലും പ്രാവീണ്യം സിദ്ധിച്ച ഈ കൊലവെറി നേതാവിന് സാധിക്കുമോ എന്നതാണ് നിര്‍ണായക ചോദ്യം.
ഗുജറാത്തില്‍ അതിഗംഭീരമായ വികസനമാണെന്നും അതിന്റെ കാരണക്കാരന്‍ മോഡി മാത്രമാണെന്നും അതിനാല്‍ അയാളെ ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ ഇന്ത്യ കുതിച്ചുയരുമെന്നുമാണ് പ്രബലമായ ഒരു വാദം. അബ്ദുല്ലക്കുട്ടിയും ഷിബു ബേബി ജോണും കെ എം ഷാജിയും ശിവഗിരിയിലെ കപട സന്യാസിമാരും പോലുള്ള പരിമിത വിഭവര്‍ മാത്രമല്ല ഈ വാദമെഴുന്നള്ളിക്കുന്നത്. ഇന്ത്യയിലെയും പുറത്തെയും കോര്‍പ്പറേറ്റ് ലോകം ഈ വാദം കൊണ്ടുപിടിച്ച് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഒബാമയുടെ മനുഷ്യ മുഖംമൂടി അണിഞ്ഞിട്ടു കൂടി, അമേരിക്കയില്‍ വന്‍ പരാജയമായി മാറിക്കഴിഞ്ഞ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പുതിയ പരീക്ഷണ ഭൂമിയായി ഇന്ത്യയെ ഉപയോഗിക്കാമെന്ന് കണക്കുകൂട്ടുന്ന ബുദ്ധിജീവികളും സാങ്കേതിക വിദഗ്ധരും മാധ്യമ വിശാരദന്മാരും ഈ “മോഡി = വികസനം” എന്ന പ്രചാരണത്തിന്റെ പിറകില്‍ നിരന്നിരിക്കുന്നുണ്ട്. ഒരു കാര്യം ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
മോഡി വരുന്നതിനു മുമ്പും വ്യാവസായികമായും മറ്റും ഗുജറാത്ത് ഒരു പടി മുമ്പിലായിരുന്നു. ലോകവ്യാപനത്തിന്റെ കാര്യത്തിലും ഗുജറാത്തികള്‍ ഒന്നാം സ്ഥാനക്കാരായിരുന്നു. ബനിയ സമുദായത്തില്‍ പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ദക്ഷിണാഫ്രിക്കയിലെ നിരവധി ഗുജറാത്തി കച്ചവടക്കാരുടെയും വ്യവസായികളുടെയും സ്വാധീനത്താലാണല്ലോ വക്കീല്‍ പണിയെടുക്കാന്‍ ആ രാജ്യത്തേക്ക് ചേക്കേറിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അതായിരുന്നു സ്ഥിതിയെങ്കില്‍ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴുള്ള സ്ഥിതി വിവരിക്കേണ്ടതില്ലല്ലോ! ക്രിക്കറ്റ് കളിക്കാരും സിനിമാ നടീനടന്മാരും മാധ്യമ പ്രഭുക്കളും നവീന ഇന്ത്യയുടെ വികസന വിജയം എന്നതിന്റെ പര്യായമായി മോഡിയെ നിരന്തരമായി ഉയര്‍ത്തിക്കാണിക്കുന്നതിനു പിറകില്‍ അവരുടെ തന്നെ നിഗൂഢവും പ്രത്യക്ഷവുമായ താത്പര്യങ്ങളാണുള്ളതെന്ന് വ്യക്തമാണ്. ഇന്ത്യയിലെ പല വന്‍കിട മാധ്യമ ഗ്രൂപ്പുകളും വ്യക്തമായ വ്യവസായ താത്പര്യങ്ങള്‍ കൊണ്ടുനടക്കുന്നവരാണ്. ചുളുവിലക്ക് ഭൂമിയും ഖനികളും മനുഷ്യവിഭവവും ഊര്‍ജവും പതിച്ചു കിട്ടാന്‍ ഈ മുഖംമൂടിയണിഞ്ഞ കൊള്ളക്കാര്‍ക്ക് മോഡിയെപ്പോലെ ഒരു വംശഹത്യാ നായകന്‍ തന്നെയാണ് ശരണം എന്നതാണ് വാസ്തവം. ബംഗാളില്‍ കര്‍ഷകരെ കൊന്നൊടുക്കി എന്നാരോപിക്കപ്പെട്ട ടാറ്റ, നാനോ കാറുണ്ടാക്കാനായി ഗുജറാത്തിലേക്ക് പലായനം ചെയ്തതിനു പിന്നില്‍ ഇത്തരത്തിലുള്ള കോടികളുടെ ഇളവുകള്‍ ഉണ്ടെന്ന കാര്യം പുറത്തുവന്നു കഴിഞ്ഞു. മാത്രമല്ല, അവിടെ കര്‍ഷകര്‍ അവരോട് നടത്തിയ കൊടും വഞ്ചനക്കെതിരെ ഇപ്പോള്‍ പ്രത്യക്ഷ സമരം തുടങ്ങുകയും ചെയ്തിരിക്കുന്നു.
അതായത്, മോഡിയിലൂടെ ആവിഷ്‌കരിക്കപ്പെടാന്‍ പോകുന്നത് കറ കളഞ്ഞ ഒരു ഹിന്ദു അധീശ സമഗ്രാധിപത്യ രാഷ്ട്രം മാത്രമായിരിക്കുകയില്ല. 1991ല്‍ ആരംഭിച്ചെങ്കിലും ഇടതുപക്ഷത്തിന്റെയും തൊഴിലാളി വര്‍ഗത്തിന്റെയും നിരന്തര എതിര്‍പ്പുകളെ തുടര്‍ന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോകുന്ന ആഗോളവത്കരണ അജന്‍ഡകള്‍ മുഴുവനാക്കാനുള്ള ഒരു ഉപാധി കൂടിയായിരിക്കും മോഡിയുടെ സ്ഥാനാരോഹണം. ദുര്‍ബലനായ മന്‍മോഹന്‍ സിംഗിനും കപടനാട്യക്കാരനായ ചിദംബരത്തിനും “അന്യ രാജ്യക്കാരി”യായ സോണിയക്കും സാധിക്കാതെ പോകുന്ന ഒരു “സമ്പൂര്‍ണ നിയോ ലിബറല്‍ പരിഷ്‌കൃത – വികസിത – ആധുനിക രാഷ്ട്ര”മായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുന്നതിന് മോഡിയെ പോലെ “ചിന്തിക്കുന്നത് പ്രവര്‍ത്തിക്കുന്ന” ശക്തനായ ഒരു അധികാരി തന്നെ വരണമെന്ന ആഗ്രഹത്തിലാണ് കോര്‍പ്പറേറ്റ് ലോകം. കോര്‍പ്പറേറ്റ് ലോകത്തിന്റ വിചാരമാതൃകകളെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും പെരുപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മധ്യവര്‍ഗത്തിനും നഗരസ്ഥിതര്‍ക്കും ഈ മോഡി മന്ത്രം പ്രഭാതത്തിലും മധ്യാഹ്നത്തിലും സന്ധ്യക്കും ഉറക്കത്തിനു മുമ്പും നാമോച്ചാരണമായി മനസ്സിലും തലച്ചോറിലും ശരീരത്തിലും പ്രദര്‍ശിപ്പിക്കുകയും ഉരുവിടുകയും ചെയ്യാം. നമോ (നരേന്ദ്ര മോഡി എന്നതിന്റെ ചുരുക്കം) എന്ന പേരില്‍ അമ്പതിലധികം ഫേസ് ബുക്ക് പ്രൊഫൈലുകള്‍ രാവും പകലുമില്ലാതെ അഡ്മിനിസ്റ്റര്‍ ചെയ്യാന്‍ മാനേജര്‍മാരെ ശമ്പളം കൊടുത്തിരുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒരേ സമയം അമ്പതിലധികം മൈതാനങ്ങളില്‍ നരേന്ദ്ര മോഡി ജീവനോടെയെന്നോണം പ്രത്യക്ഷപ്പെട്ടുകൊണ്ടുള്ള പ്രസംഗപ്പൊതുയോഗങ്ങള്‍ നടത്തുകയുണ്ടായി. ത്രീഡി ഹോളോഗ്രാഫിക് ഇമേജറി ഉപയോഗിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ഈ ആദ്യ പരീക്ഷണത്തിന് കോടിക്കണക്കിന് രൂപയാണ് ചെലവായത്. അത് ഒരു തിരഞ്ഞെടുപ്പ് കമ്മീഷനും സിറ്റിസണ്‍ വാച്ചുകാരും അന്വേഷിച്ചതേ ഇല്ല.
ഇതിനെല്ലാം ശേഷവും ചില വസ്തുതകളും സത്യങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പോരടിക്കുന്നുവെന്നതിന്റെ പേരില്‍ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ ചില സാമൂഹിക ജീവിത സൂചികകള്‍ ഇപ്പോഴും ഗുജറാത്തിലേതിനേക്കാളും ഏറെ മെച്ചമാണ്. ശിശു മരണ നിരക്ക്(അട്ടപ്പാടിയൊഴികെ), സ്ത്രീകളുടെ അവസ്ഥ, ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം, കര്‍ഷകരുടെ ആത്മഹത്യ, ദളിതരുടെ പിന്നാക്കാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഗുജറാത്ത് ഞെട്ടിപ്പിക്കുന്ന വിധത്തില്‍ പിറകിലാണ് നില്‍ക്കുന്നത്.
വടക്കേ അമേരിക്കയിലും യൂറോപ്പിലുമുള്ള ലക്ഷക്കണക്കിന് ഗുജറാത്തി വംശജര്‍ക്കിടയില്‍ മോഡി സൂപ്പര്‍ഹിറ്റായി തുടരുന്നുണ്ട്. അവര്‍ ഇന്റര്‍നെറ്റുപയോഗിച്ചും അല്ലാതെയും ലോകവ്യാപകമായി മോഡി അനുകൂല പ്രചാരണം കൊടുമ്പിരിക്കൊള്ളിക്കുന്നുമുണ്ട്. മോഡി ഡല്‍ഹിയിലെ പരമാധികാര സ്ഥാനത്തെത്തിയാല്‍ അയാള്‍ക്ക് പിന്തുണയുമായി സംഘപരിവാര്‍ സംഘടനകള്‍, മധ്യവര്‍ഗത്തില്‍ പെട്ട ഉദ്യോഗസ്ഥ വൃന്ദം, മാധ്യമങ്ങള്‍, നഗരവാസികള്‍, ദേശ/വിദേശ കോര്‍പ്പറേറ്റുകള്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവരെല്ലാം അണി നിരക്കും എന്നാണിത് കാണിക്കുന്നത്.
എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമാണോ? ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന ജര്‍മനിയിലെ ആര്യവംശം പോലെയാണോ ഇന്ത്യയിലെ ഹിന്ദു ജനത? ജാതി, ഭാഷ, ഭാഷാഭേദങ്ങള്‍, പ്രദേശം, മതം, വര്‍ഗം, വര്‍ണം, വംശം എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടുകിടക്കുന്ന ഒന്നാണ് അഥവാ പലതാണ് ഇന്ത്യന്‍ ഹിന്ദു. അവരെ എങ്ങനെയാണ് നരേന്ദ്ര മോഡിക്ക് പിളര്‍പ്പന്‍ മാജിക്കിലൂടെ ഒന്നിപ്പിക്കാനാകുക? പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ സംസ്ഥാന അധികാരം എന്ന ലക്ഷ്യം മറികടന്ന് ഡല്‍ഹി അധികാരത്തിലേക്ക് കണ്ണും നട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിതീഷ് കുമാര്‍, മമത ബാനര്‍ജി, ജയലളിത, കരുണാനിധി, നവീന്‍ പട് നായിക്ക്, ചന്ദ്രബാബു നായിഡു, മുലായം സിംഗ്, മായാവതി, ലല്ലൂപ്രസാദ് യാദവ്, ആരാണ് ശക്തരല്ലാത്തത്? ഈ പല നേതാക്കളുടെ മുഖം കാണുമ്പോള്‍ ഉത്സാഹവും ആശങ്കയും ഒരേ സമയം ജനിക്കും. കാരണം, ഇവരൊക്കെ തമ്മില്‍ തല്ലി ഇന്ത്യയെ സമഗ്രാധിപത്യ രാഷ്ട്രമാക്കി മാറ്റാതിരിക്കുന്നതിലാണ് ഉത്സാഹം. എന്നാല്‍, ഇവരൊക്കെ ജയിച്ചു ചെന്ന് നരേന്ദ്ര മോഡിയുടെ മുന്നണിയിലണി നിരക്കുമോ എന്നതാണ് ഭയാശങ്ക.
ഈ പശ്ചാത്തലത്തില്‍ നിന്ന് മോഡിക്ക് എങ്ങനെയാണ് കുതിച്ചുയരാനാകുക? അടിയന്തരാവസ്ഥ എന്ന ഭീകര ഭൂതത്തെ കരിച്ചു കളഞ്ഞ വോട്ടര്‍മാരാണ് ഇന്ത്യയിലുള്ളത്. തലമുറ മാറിക്കഴിഞ്ഞുവെങ്കിലും കാര്യങ്ങളുടെ പോക്കില്‍ പ്രതീക്ഷകള്‍ മുഴുവന്‍ നശിച്ചു എന്നു പറയാറായിട്ടില്ല. തീവണ്ടികള്‍ സമയത്തിനോടി, ശിപായിമാര്‍ തൊപ്പി ധരിച്ചു, അടിയന്തരാവസ്ഥ ഗംഭീരം, എന്നൊക്കെ വായിട്ടലച്ചാലും ജനാധിപത്യത്തിന്റെ അരുണോദയങ്ങള്‍ ഇന്ത്യയില്‍ നിന്ന് മുഴുവനായി മായ്ച്ചു കളയാന്‍ കഴിയില്ല എന്നു തന്നെയാണ് കാണാനാകുന്നത്. ഈ ഭിന്നതകളെല്ലാം അവസാനിപ്പിച്ച്; ഒരു പ്രദേശത്തിന്റെ, ഒരു ഭാഷയുടെ, ഒരു മതത്തിന്റെ, ഒരു ആക്രാമക രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ, ഒരു വര്‍ഗത്തിന്റെ പ്രതിനിധിയും വക്താവും പ്രയോക്താവുമായ നേതാവിനു പിറകില്‍ അണി നിരക്കാന്‍ മുഴുവനല്ലെങ്കില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ തയ്യാറാകുമോ?

(കടപ്പാട്: India in the early twetnyfirst century is not 1930s Germany by N. Jayaram http://www.opendemocracy.net/openindia/njayaram/indiainearlytwetnyfirstcentury is not1930s Germany)

 

preethanathuppully@gmail.com