Connect with us

National

ഉത്തരേന്ത്യയില്‍ കനത്ത മഴ; 60 മരണം

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരേന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍ നാശനഷ്ടം. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമായി ഹരിയാനയിലുമായി 60 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ 26 പേരാണ് മരിച്ചത്. രംബദയില്‍ അമ്പതോളം പേരെ കാണാതായി. ആയിരക്കണക്കിന് പേര്‍ ഒറ്റപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. പ്രതീക്ഷിച്ചതിലും രണ്ടാഴ്ച മുന്‍പേയെത്തിയ മഴ ഉത്തരേന്ത്യയില്‍ ശക്തമായി തുടരുകയാണ്.ഗംഗ, യമുന നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ഉത്തരാഖണ്ഡില്‍ രുദ്രപ്രയാഗ് ജില്ലയില്‍ മാത്രം 12 പേര്‍ മരിച്ചു. ഇവിടെ അ1മ്പത് പേരെ കാണാതായിട്ടുണ്ട്. അല്‍മോറ ജില്ലയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് ബസ് യാത്രികര്‍ മരിച്ചു. കേദാര്‍നാഥില്‍ 20,000 ത്തോളം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടേക്ക് വ്യേമസേന ഹെലിക്കോപ്റ്ററുകള്‍ അയച്ചിട്ടുണ്ട്. വ്യോമസേനയും അര്‍ധസൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്. ഹെലിക്കോപ്റ്ററുകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നിവിടങ്ങളിലേക്ക് തീര്‍ഥാടനം നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചര്‍ധാം യാത്രയും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ ഗംഗ അപകടകരമാം വിധം കരകവിഞ്ഞ് ഒഴുകുകയാണ്.
ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ പത്ത് പേര്‍ മരിച്ചു. സഗ്ല താഴ്‌വരയില്‍ ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ 25 വിദേശകളുമുള്‍പ്പെടും. ഇവിടേക്കുള്ള റോഡുകളെല്ലാം തടസ്സപ്പെട്ടു. ഗോത്ര ജില്ലയായ കിന്നൗറില്‍ മാത്രം ഒമ്പത് പേര്‍ മരിച്ചു.
ഹരിയാനയില്‍ യമുന കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് 22 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. യമുനാ നഗര്‍ ജില്ലയിലാണ് കനത്ത നാശനഷ്ടം. ഇവിടെ 15 കുട്ടികളടക്കം 52 പേരെ രക്ഷപ്പെടുത്തി. കര്‍ണാല്‍, പാനിപ്പത്ത് ജില്ലകളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താളങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തില്‍ ഗതാഗത തടസ്സം രൂക്ഷമായിട്ടുണ്ട്. മുംബൈയില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെങ്കിലും അധികൃതര്‍ രണ്ട് ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.