Connect with us

Wayanad

കാലവര്‍ഷം: കൃഷിനാശത്തിന് ഇത്തവണയും നഷ്ടപരിഹാരം വൈകും

Published

|

Last Updated

കല്‍പ്പറ്റ: കാലവര്‍ഷത്തിലെ കൃഷിനാശത്തിനായി ഇത്തവണയും കര്‍ഷകര്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരും. ജില്ലയില്‍ കൃഷി വകുപ്പിലെ പ്രധാന തസ്തികകളില്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷി നശിച്ചതിന് കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇക്കൊല്ലത്തേത് അടക്കം വേനല്‍ മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരവും കുടിശികയാണ്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് രണ്ട് വര്‍ഷങ്ങളിലെ നഷ്ടപരിഹാരം ഇനിയും അനുവദിക്കാത്തത്. മൊത്തം അന്‍പത് കോടിയോളം രൂപയുടെ നഷ്ടപരിഹാരമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ളത്.
ഇത്തവണ കാലവര്‍ഷ കെടുതികളില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കാനുള്ള യോഗം പോലും ചേര്‍ന്നിട്ടില്ല. ഇന്ന് യോഗം ചേരുമെന്നാണ് പ്രഖ്യാപനം.
ഇത്തവണ കൃഷിനാശത്തിന്റെ കണക്കെടുക്കാന്‍ പോലും കൃഷിഭവനുകളില്‍ പലയിടത്തും ഉദ്യോഗസ്ഥരില്ല. മീനങ്ങാടി, വെങ്ങപ്പള്ളി, കണിയാമ്പറ്റ കൃഷിഭവനുകളില്‍ കൃഷി ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ജില്ലയിലെ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കേണ്ട പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. നാല് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയുള്ളതില്‍ രണ്ട് പേര്‍ മാത്രമെ ജോലിയില്‍ ഉള്ളു. രണ്ട് തസ്തികയില്‍ ആളില്ല. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ അക്കൗണ്ട്‌സ് സെക്ഷനില്‍ സൂപ്രണ്ടും ഇല്ല. ഈ ഉദ്യോഗസ്ഥനാണ് ഓരോ കൃഷിഭവനിലേക്കും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിഭജിച്ച് കൊടുക്കേണ്ടത്.
കാലവര്‍ഷത്തിലെ കൃഷിനാശം സംബന്ധിച്ച് കര്‍ഷകരില്‍ നിന്നുള്ള അപേക്ഷകള്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലേക്ക് അപ്പപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ചുമതല ബന്ധപ്പെട്ട കൃഷി ഭഴനുകള്‍ക്കാണ്. കൃഷി ഓഫീസറില്ലാത്ത കൃഷി ഭവനുകളില്‍ നിന്ന് റിപ്പോര്‍ട്ട് ഇതിന്റെ പേരില്‍ വൈകും. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസില്‍ നിന്ന് ജില്ലയില്‍ ആകെയുണ്ടായ നാശനഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമയാസമയങ്ങളില്‍ കൊടുക്കേണ്ടത്.
ഈ ഓഫീസിന്റെ ചുമതലയിലും ഉദ്യോഗസ്ഥന്‍ ഇല്ലാത്തത് സര്‍ക്കാറിലേക്ക് കൊടുക്കേണ്ട റിപ്പോര്‍ട്ട് വൈകാന്‍ ഇടയാക്കും. ഫലത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരഹാരത്തിന് പതിവിലേറെ കാലം കാത്തിരിക്കേണ്ടിവരും.

---- facebook comment plugin here -----

Latest