Connect with us

Articles

ഇറാന്റെ സ്വത്വവും റൂഹാനിയുടെ വ്യതിരിക്തതകളും

Published

|

Last Updated

ഇറാനില്‍ പുതിയ പ്രസിഡന്റ് വരുമ്പോള്‍ വിശകലനങ്ങള്‍ പല വഴിക്ക് നീങ്ങും. അതില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന കാഴ്ചപ്പാട് പാശ്ചാത്യ മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്നത് തന്നെയായിരിക്കും. കാരണം ഇറാന്‍ ഇന്ന് വെറുമൊരു രാജ്യമല്ല. സിറിയയേക്കാളും ഇസ്‌റാഈലിനേക്കാളും ഇറാഖിനേക്കാളും ഏത് അറബ് രാഷ്ട്രത്തേക്കാളും ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തേക്കാളും അന്താരാഷ്ട്ര മാനം അതിനുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ അതിനുള്ള സ്ഥാനം, വര്‍ത്തമാനകാല ഇറാനെ സൃഷ്ടിച്ച വിപ്ലവം, എഴുപതുകള്‍ക്ക് ശേഷം ഇറാനെ ശിഥിലമാക്കാന്‍ ലോകത്തെ വന്‍ ശക്തികള്‍ നിരന്തരം ശ്രമിച്ചിട്ടും അത് നിലനില്‍ക്കുന്നുവെന്ന സത്യം….. ഇറാനെ വ്യവഹാരങ്ങളുടെ മധ്യത്തില്‍ നിര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. സിറിയയില്‍ ഇറാനുണ്ട്. ബഹ്‌റൈനിലെ പ്രക്ഷോഭത്തില്‍ ഇറാനുണ്ട്. ഹിസ്ബുല്ലയെക്കുറിച്ച് പറയുമ്പോള്‍ ഇറാന്‍ കടന്നു വരുന്നു.
ആണവ നിര്‍വ്യാപനത്തിന് ഏറ്റവും ഭീഷണിയുയര്‍ത്തുന്നത് ഇറാനാണെന്ന വാദം പാശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുക വഴി ഒരു ആത്യന്തിക സത്യത്തിന്റെ പ്രതീതി കൈവന്നിരിക്കുന്നു. ഇറാന്‍ ഇങ്ങനെ പോയാല്‍ അറബ് ലോകത്തിന്റെ സുരക്ഷിതത്വം അപകടത്തിലാണെന്ന പ്രചാരണത്തില്‍ അറബ് ഭരണാധികാരികള്‍ കുടുങ്ങിപ്പോയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ വംശീയത വിതക്കുന്നതില്‍ സാമ്രാജ്യത്വം ഇത്രമാത്രം വിജയിച്ച കാലമുണ്ടായിട്ടില്ല. (ഇറാനെതിരെ ഇത്ര വീറോടെ നിലകൊള്ളേണ്ടതുണ്ടോ എന്ന ചോദ്യം പാരമ്പര്യം മുറുകെ പിടിക്കുന്ന മുസ്‌ലിംകളില്‍ ചിലരെങ്കിലും ചോദിക്കുന്നുവെന്നതാണ് ആശ്വാസം) അറബ് രാജ്യങ്ങളില്‍ കൂടുതല്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ വരുന്നതും വമ്പന്‍ ആയുധ കരാറുകള്‍ ഒപ്പ് വെക്കുന്നതും “ആണവ ഇറാനെ”ന്ന ഭീതി പരത്തിയാണ്. ഇറാന്‍ പേടി പരത്തി അമേരിക്ക നേടിയെടുക്കുന്ന എണ്ണക്കരാറുകളും നിക്ഷേപങ്ങളും ആ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമാണ് ഇന്ന്. അറബ് രാജ്യങ്ങള്‍ അവരുടെ കരുതല്‍ധനം ഡോളറില്‍ സൂക്ഷിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് ഏറ്റവും ശക്തമായ കറന്‍സിയായി അത് നിലനില്‍ക്കുന്നത്. ആ നിലക്ക് വന്‍ ശക്തികള്‍ക്ക് അവരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉപകരണമാണ് ഇറാന്‍. എണ്ണ സമ്പന്ന രാഷ്ട്രമായ ഇറാനു മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഫലവത്താകാന്‍ അമേരിക്ക ഓരോ രാഷ്ട്രത്തിനും അതിര്‍ വരമ്പുകള്‍ വരച്ചു നല്‍കിയിരിക്കുന്നു. ഈ വരക്കകത്ത് കറങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ന്യായ വിലക്ക് എണ്ണ ലഭിക്കാനുള്ള സാധ്യതയെ ബലി കഴിക്കുന്നു.
ഈ സാഹചര്യങ്ങളെയാകെ മുന്‍ നിര്‍ത്തി മാത്രമേ ഹസന്‍ റൂഹാനിയുടെ വിജയത്തെ വിലയിരുത്താനാകൂ. അപ്രതീക്ഷിതം എന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത്രയൊന്നും അപ്രതീക്ഷിതമല്ല കാര്യങ്ങള്‍. ഇറാനില്‍ ഒന്നും അപ്രതീക്ഷിതമല്ല. ഒരോ രാജ്യവും രൂപപ്പെട്ടു വരുമ്പോള്‍ ചില അടിസ്ഥാന സ്വഭാവ വിശേഷങ്ങളും രൂപപ്പെടുന്നുണ്ട്. ഈ അടിസ്ഥാന പ്രമാണങ്ങളെ തകര്‍ത്തെറിയാന്‍ ഒരു ഭരണകര്‍ത്താവിനും സാധ്യമല്ല. അഥവാ സാധ്യമായാല്‍ തന്നെ അത് അധിക കാലം നിലനില്‍ക്കില്ല. ഇറാന്റെ ചരിത്രം ആത്യന്തിക ജനാധിപത്യത്തെ പിന്തുണക്കുന്നില്ല. അത് മുകളില്‍ നിന്ന് പടുത്തുയര്‍ത്തുന്ന ഒന്നാണ്. അതില്‍ നിര്‍ബന്ധത്തിന്റെ അംശങ്ങളുണ്ട്. സ്വേച്ഛാപരമെന്ന് വിശേഷിപ്പിക്കാവുന്ന ഘടകങ്ങളുമുണ്ട്. മതാധിഷ്ഠിതം തന്നെയാണത്. സുപ്രീം കൗണ്‍സില്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സംവിധാനത്തിന്റെ അര്‍ഥമതാണ്. സ്ഥാനാര്‍ഥിത്വത്തിന് ഒരു അതിര്‍ത്തി വെച്ചിട്ടിട്ടുണ്ട്. ചില നിബന്ധനകള്‍ പാലിക്കപ്പെടുന്നവര്‍ക്കേ മത്സരിക്കാനാകൂ. അപ്പോള്‍ മിതവാദം, തീവ്രവാദം, യാഥാസ്ഥിതികം, പരിഷ്‌കരണം എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ക്ക് വലിയ അര്‍ഥമില്ല. ഇറാന്റെ അടിസ്ഥാന സ്വഭാവവിശേഷങ്ങളോട് ഏറ്റവും നന്നായി ഇണങ്ങുന്ന സങ്കേതമാണ് എന്നത് കൊണ്ടാണ് ഈ സംവിധാനം പരുക്കില്ലാതെ നിലനില്‍ക്കുന്നത്. അതുകൊണ്ട് റൂഹാനിയുടെ വ്യക്തിപരമായ സവിശേഷതകള്‍ രാഷ്ട്രത്തിന്റെ വിശാല മുന്‍ഗണനകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പോകുന്നില്ല.
ആയത്തുല്ല ഖുമൈനിയുമായുള്ള ബന്ധം, വിവിധ ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പത്ത്, നിയമ, സാമൂഹിക ശാസ്ത്ര മേഖലയിലെ പാണ്ഡിത്യം തുടങ്ങിയ ഉത്കൃഷ്ടതകളാണ് റൂഹാനിയെന്ന വ്യക്തിയെ സമീപിക്കുമ്പോള്‍ കണ്ണില്‍ പെടുക. കറയറ്റ നയതന്ത്രജ്ഞതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ആണവ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമെന്ന നിലയില്‍ അദ്ദേഹം ആഗോള പ്രസിദ്ധനാണ്. ഈ പ്രത്യേകതയാണ് എട്ട് വര്‍ഷം പ്രസിഡന്റ്പദത്തിലിരുന്ന അഹ്മദി നജാദുമായി റൂഹാനിയെ വ്യത്യാസപ്പെടുത്തുനന്നതും. അല്‍പ്പം കടന്ന താരതമ്യമാണ് നടക്കുന്നത്. അതിന് ഒരര്‍ഥത്തില്‍ റൂഹാനി തന്നെയാണ് കാരണം. ഏറ്റുമുട്ടലിന്റെ പാതയായിരിക്കില്ല തന്റെതെന്ന് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ച റൂഹാനി തന്റെ മുന്‍ഗാമിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്.
ഈ വിമര്‍ശം പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. നജാദിന്റെ സംസാരശൈലിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന തരത്തിലുള്ള വിലയിരുത്തലാണ് എവിടെയും കേള്‍ക്കുന്നത്. ശരിയാണ്; നജാദ് വളച്ചുകെട്ടില്ലാതെ, പഞ്ചസാരയില്‍ പൊതിയാതെയാണ് സംസാരിച്ചിരുന്നത്. അത് രൂക്ഷവും മൂര്‍ച്ചയേറിയതുമായിരുന്നു. ഇറാന്‍ ചരിത്രത്തിലെ ഏറ്റവും സംഘടിതമായ ആക്രമണത്തിന് വിധേയമായപ്പോഴാണ് അത്തരമൊരു ഭാഷ വേണ്ടിവന്നത്. അല്ലാതെ നജാദിന്റെ ശൈലി ശത്രുക്കളെ സൃഷ്ടിക്കുകയായിരുന്നില്ലെന്നതിന് ഇറാന്റെ ചരിത്രം തന്നെയാണ് തെളിവ്. അന്നൊക്കെ നജാദിന് മുകളിലുള്ളവരും കടന്നുസംസാരിച്ചിരിന്നു. റൂഹാനിക്ക് സ്വാഗതമോതുമ്പോള്‍ നജാദിനെ ഇകഴ്ത്തുന്നവര്‍ ചരിത്രത്തെയാണ് പരിഹസിക്കുന്നത്. നജാദ് സൃഷ്ടിച്ച ഊഷ്മളവും ശക്തവുമായ ബന്ധങ്ങള്‍ ഇറാന്റെ അരക്ഷിതാവസ്ഥകള്‍ക്ക് ഒരളവ് വരെ പരിഹാരമായിരുന്നുവെന്നും കാണണം. ഇറാന്‍ ഉത്പന്നങ്ങള്‍ ആരും വാങ്ങാതിരുന്നപ്പോള്‍ വ്യാപാരത്തിന്റെ വിശാലമായ വാതിലുകള്‍ തുറന്നിട്ടത് ഹ്യൂഗോ ഷാവേസിന്റെ വെനിസ്വേല ആയിരുന്നുവല്ലോ.
ഉപരോധത്തില്‍ ഞെരുങ്ങുന്ന ഇറാനെയാണ് ഹസന്‍ റൂഹാനി നയിക്കുന്നത്. ഉപരോധം ഏല്‍പ്പിക്കുന്ന ആഘാതം മറികടക്കാന്‍ രണ്ട് സാധ്യതകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് നയതന്ത്ര ഇടപെടലിലൂടെ ഉപരോധത്തിന്റെ കാഠിന്യം കുറക്കുക. രണ്ട് ഉപരോധത്തെ മറികടക്കും വിധം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുക. ഇതിനായി ഉപരോധത്തിനപ്പുറത്തേക്ക് നടക്കാന്‍ സന്നദ്ധമാകുന്ന രാഷ്ട്രങ്ങളുടെ സഹായത്തോടെ എണ്ണ വിപണി കണ്ടെത്തേണ്ടതുണ്ട്. ഇത്തരമൊരു ബദല്‍ ചേരിക്ക് നേതൃത്വം കൊടുക്കേണ്ടത് ഇറാന്‍ തന്നെയായിരിക്കണം.
റൂഹാനിയുടെ നയചാതുര്യം അമേരിക്കന്‍ പക്ഷത്തിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാന്‍ പ്രയാസമാണ്. ആണവ പരീക്ഷണമെന്ന ഇറാന്റെ തീര്‍ത്തും ന്യായമായ അവകാശം ബലികഴിക്കാതെ ഒരു വിട്ടുവീഴ്ചക്കും അവര്‍ തയ്യാറാകില്ല. ഇന്ത്യ എത്ര മനോഹരമായി സംസാരിക്കുന്ന കാലത്താണ് പൊക്രാന്‍ ആണവ പരീക്ഷണം നടന്നത്. എന്നിട്ട് അന്ന് അമേരിക്ക ഉപരോധം വേണ്ടെന്ന് വെച്ചില്ലല്ലോ. സ്വയം നിര്‍ണായവകാശം വേണമെന്ന് ശഠിക്കുന്ന ഒരു രാഷ്ട്രം എത്ര നയപരമായി സംസാരിച്ചാലും സാമ്രാജ്യത്വം അത് ചെവിക്കൊള്ളില്ല. നിലവിലുള്ള ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഒന്ന്, സിറിയയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമോ? രണ്ട്, ഹിസ്ബുല്ലയെ തള്ളിപ്പറയുമോ? മൂന്ന്, ഇസ്‌റാഈലിനോടുള്ള ബന്ധം പുനര്‍നിര്‍ണയിക്കുമോ? ഈ മൂന്ന് ചോദ്യങ്ങള്‍ക്കും “ഇല്ല” എന്ന് ഉത്തരം പറയാനേ ഹസന്‍ റൂഹാനിക്ക് സാധിക്കൂ. ഇറാന്റെ പൊതു രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ഈ ഉത്തരം മാത്രമേ ഉത്പാദിപ്പിക്കുകയുള്ളൂ.
അതുകൊണ്ട് ഹസന്‍ റൂഹാനി മുന്നോട്ടുള്ള പ്രയാണത്തില്‍ “നജാദിസത്തെ” കൈയൊഴിയുകയില്ല. തന്റെ മിതവാദപരമായ സമീപനങ്ങളും സംഭാഷണ പാടവവും കൂടുതല്‍ ബന്ധു രാഷ്ട്രങ്ങളെ നേടിയെടുക്കാന്‍ വേണ്ടിയാകും റൂഹാനി ഉപയോഗിക്കുക. സ്വന്തം ജനതയുടെ പിന്തുണ വിശാലമാക്കും. ഫലത്തില്‍ ആഭ്യന്തരമായി ശക്തി സംഭരിച്ച് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുകയെന്ന ദൗത്യം അദ്ദേഹവും നിര്‍വഹിക്കും. അങ്ങനെയാകാതെ വയ്യ. കാരണം ഇറാന്‍ ജനത അങ്ങനെയാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്