Connect with us

Kozhikode

സോളാര്‍ തട്ടിപ്പ്: ഡി വൈ എഫ് ഐ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. മാലൂര്‍കുന്ന് എ ആര്‍ ക്യാമ്പിലെ പോലീസുകാരായ അന്‍വര്‍ സാദിഖ്, ഷുക്കൂര്‍, മനോജ് എന്നിവര്‍ക്കും ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബാബുരാജിനുമാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. കല്ലേറില്‍ അന്‍വര്‍ സാദിഖിന്റെ താടിയെല്ലിനാണ് പരുക്കേറ്റത്. ഇവരെയെല്ലാം ബീച്ച് ജനറല്‍ ആശുപത്രിയില്‍നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ വിട്ടയച്ചു.
ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കുപ്പികളും കല്ലും വടിയുമായാണ് പോലീസിനെ നേരിട്ടത്. രാവിലെ പത്തരയോടുകൂടി എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്നാണ് കലക്ടറേറ്റിലേക്ക് പ്രകടനം തുടങ്ങിയത്. ഇതിനിടയില്‍ തിരുവനന്തപുരത്തും എറണാകുളത്തും നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിന്റെ രണ്ട് ഗേറ്റുകളും പോലീസ് അടച്ച് ബാരിക്കേഡ് ഉയര്‍ത്തി. ഈ ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ കഴിയാതിരുന്നതാണ് മാര്‍ച്ച് സംഘര്‍ഷഭരിതമാക്കിയത്.
നേതാക്കള്‍ നടത്തിയ പ്രസംഗം അവസാനിച്ച ഉടനെയാണ് പലയിടത്തും നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ സംഘടിച്ച് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചത്. കൊടി കെട്ടിയ വടി ഉപയോഗിച്ച് പോലീസിനെ അടിക്കാനും ബാരിക്കേഡ് വലിച്ചുപൊളിക്കാനും ശ്രമിക്കുന്നതിനിടയിലാണ് പിന്നില്‍ നിന്നും കല്ലേറുണ്ടായത്.
പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുള്ളിലേക്ക് തള്ളിക്കയറുന്ന സാഹചര്യമുണ്ടായാല്‍ അതിനെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു പോലീസ്. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് സമാധനാന്തരീക്ഷം പുനഃസ്ഥാപിച്ചത്.

Latest