Connect with us

Kozhikode

സാമൂഹിക ശുചിത്വ സന്ദേശവുമായി നഗരത്തില്‍ 'രക്ഷകന്‍' എത്തി

Published

|

Last Updated

കോഴിക്കോട്: വീട് മാലിന്യമുക്തമാക്കാനുളള ശ്രദ്ധ നാടിനോടും കാണിക്കണമെന്ന സന്ദേശവുമായി എത്തിയ രക്ഷകന്‍ കലാജാഥ കോഴിക്കോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നൂറുകണക്കിനാളുകളെ ആകര്‍ഷിച്ചു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ചതായിരുന്നു ശുചിത്വബോധവത്കരണ ജാഥ. പൊതുസ്ഥലങ്ങള്‍ മാലിന്യക്കൂമ്പാരമാക്കുന്ന നാട്ടുകാര്‍ക്കിടയിലെത്തുന്ന സാങ്കല്‍പ്പിക കഥാപാത്രമായ രക്ഷകന്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, മലേറിയ തുടങ്ങിയവയെക്കുറിച്ചറിയുകയും ദിവ്യബോധനത്തിലൂടെ അവ തടയാനുളള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നതുമാണ് പ്രമേയം. രവി കുന്നുമ്മലിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്‌സിലെ കലാകാരന്‍മാരാണ് പരിപാടി അവതരിപ്പിക്കുന്നത്. രാജന്‍ വടക്കേക്കര, രാമചന്ദ്രന്‍ സാരംഗി, ശ്രീധരന്‍ വട്ടോളി, ഇയ്യാട് ഭാസ്‌ക്കരന്‍, ഒ പി വിനോദ്കുമാര്‍ എന്നിവരാണ് മറ്റ് കലാകാരന്‍മാര്‍.
കലാജാഥ സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ സി എ ലത ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി കെ ജ്യോതിശ്രീ സംസാരിച്ചു.