Connect with us

Kozhikode

കനത്ത മഴയില്‍ നാടും നഗരവും വെള്ളത്തില്‍ മുങ്ങി

Published

|

Last Updated

കോഴിക്കോട്

മണ്‍സൂണ്‍ ശക്തമായതോടെ കാലവര്‍ഷക്കെടുതികളും രൂക്ഷമായി. കഴിഞ്ഞ 48 മണിക്കൂറിനിടെയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ റോഡുകളടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പയ്യാനക്കലില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീട് പൂര്‍ണമായും നിലംപൊത്തി. പയ്യാനക്കല്‍ വൈ എം ആര്‍ സി റോഡിന് എതിര്‍വശം നിര്‍മിക്കുന്ന വീടാണ് തകര്‍ന്നത്. തകര്‍ന്ന സമയത്ത് തൊഴിലാളികളാരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പയ്യാനക്കലില്‍ മറ്റൊരു വീടിന്റെ കിണര്‍ താഴ്ന്നു. കോട്ടൂളിയില്‍ റോഡിന് സമീപത്തെ ഏതാനും വീടുകളില്‍ വെള്ളം കയറി. മൂന്ന് വീടുകളുടെ മതിലുകള്‍ തകര്‍ന്നു. തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. വെള്ളയില്‍, പുതിയാപ്പ, മാറാട്, തോപ്പയില്‍ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ ഇവിടത്തെ വീടുകളിലേറെയും അപകടഭീഷണിയിലാണ്. വെസ്റ്റ്ഹില്‍ ചുങ്കം കളത്തില്‍ പറമ്പ് ഭാഗത്ത് വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മഴ കനത്തതോടെ ഞെളിയന്‍പറമ്പില്‍ നിന്നുള്ള മലിനജലം നല്ലളം മുണ്ടകപ്പാടത്തേക്ക് കവിഞ്ഞൊഴുകി.
പയ്യാനക്കലില്‍ വില്‍പ്പനക്കായി നിര്‍മിക്കുന്ന ഇരുനില വീടാണ് തകര്‍ന്നത്. മാവൂര്‍ റോഡ് മാനാരി ഡ്രീംലാന്‍ഡ് ഫഌറ്റില്‍ താമസിക്കുന്ന നൂറുല്‍ ഹമീദ് എന്നയാളാണ് വീടിന്റെ കരാറുകാരന്‍. ഇയാളുടെ ബന്ധുക്കളായ ദീപ, ഹിബ എന്നിവരുടെ പേരിലുള്ളതാണ് വീട്. അഞ്ച് സെന്റ് സ്ഥലത്തെ വീട് പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. കല്ലുകള്‍ നിലം പൊത്തുന്ന ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുമ്പോഴേക്കും വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഒന്നാം നിലയില്‍ കല്ലുകള്‍ പടവ് ചെയ്യുന്ന പ്രവൃത്തിയായിരുന്നു നടന്നിരുന്നത്. ആളൊഴിഞ്ഞ പറമ്പായതിനാല്‍ വീടിനുള്ളില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്നറിയാന്‍ പയ്യാനക്കല്‍ പോലീസും മീഞ്ചന്ത അഗ്‌നിശമന വിഭാഗവും അര മണിക്കൂറോളം തിരച്ചില്‍ നടത്തി. ജെ സി ബി ഉപയോഗിച്ച് മണ്ണും കോണ്‍ക്രീറ്റ് ബീമുകളും മാറ്റിയായിരുന്നു തിരച്ചില്‍. പരാതിയില്ലാത്തതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
മാവൂര്‍ റോഡ്, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, പാളയം, പാവമണി റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, വലിയങ്ങാടി, മാങ്കാവ്, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലെല്ലാം റോഡില്‍ വെള്ളം കയറി. ഫുട്പാത്തുകള്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് പരന്നൊഴുകിയത് ഗതാഗതത്തെ ബാധിച്ചു. മാവൂര്‍ റോഡില്‍ ഹോട്ടലുകള്‍ അടക്കമുള്ള പല കടകളും വെള്ളം കയറിയതിനാല്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. തുറന്ന ചില കടകളില്‍ നിന്ന് വെള്ളം മുക്കി ഒഴിവാക്കുകയായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ പലതും റോഡിലൂടെ തള്ളിയാണ് നീക്കിയത്. ഓട്ടോകള്‍ മിക്കതും നിരത്തിലിറങ്ങിയില്ല. സ്റ്റേഡിയം പരിസരത്ത് നിന്നും ശ്രീകണ്ഡേശ്വര ക്ഷേത്രം വഴി സി എച്ച് ഓവര്‍ ബ്രിഡ്ജിലേക്കുള്ള റോഡ് വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഇതുവഴിയുള്ള കാല്‍നട യാത്ര പോലും തടസ്സപ്പെട്ടു. മാവൂര്‍ റോഡിലെ വെള്ളം ഗതിമാറി ജാഫര്‍ഖാന്‍ കോളനി റോഡിലേക്കാണ് ഒഴുകിയത്.
തടമ്പാട്ടുതാഴത്തും തണ്ണീര്‍പന്തലിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ബാലുശ്ശേരി-കോഴിക്കോട്ട് റൂട്ടിലെ യാത്രക്കാരെ വലച്ചിരിക്കുകയാണ്. ബൈക്ക് യാത്രികര്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കാത്തത്ര ഉയരത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. തണ്ണീര്‍പന്തലില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്തും എ കെ കെ ആര്‍ എച്ച് എസ് എസിന് അല്‍പം മാറി പ്രധാന റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. കക്കോടിപ്പാലം- കണ്ണാടിക്കല്‍ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കക്കോടിപ്പാലം-കണ്ണാടിക്കല്‍ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡില്‍ തുണിയലക്കി പ്രതിഷേധിച്ചിരുന്നു.

 

 

Latest